ലിവര്‍പൂളില്‍ മുങ്ങി മാഞ്ചസ്റ്റര്‍; ഏഴ് ഗോള്‍ തോല്‍വിയില്‍ നാണംകെട്ട് യുണൈറ്റഡ്

By Web Team  |  First Published Mar 6, 2023, 9:47 AM IST

ആദ്യ പകുതിയിൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും 43-ാം മിനിറ്റില്‍ കോ‍ഡി ഗാക്പോയിലൂടെ ലിവര്‍പൂള്‍ ഒരടി മുന്നിലെത്തി. എന്നാല്‍ രണ്ടാംപകുതിയിൽ മാഞ്ചസ്റ്ററിനെ ലിവര്‍പൂളില്‍ മുക്കിക്കൊല്ലുന്ന ചെമ്പടയെ ആണ് ആന്‍ഫീല്‍ഡ് കണ്ടത്.


ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്ത് ലിവർപൂൾ. ലിവര്‍പൂളിനായി മുഹമ്മദ് സലാ, കോഡി ഗാക്പോ, ഡാർവിൻ ന്യൂനിയസ് എന്നിവർ ഇരട്ടഗോൾ നേടി. ജയത്തോടെ ലിവർപൂൾ പോയന്‍റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ ആൻഫീൽഡിൽ ആറാടുകയായിരുന്നു ലിവർപൂൾ. ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച ചെമ്പട ചിരവൈരികളെ മുന്നിൽ  കിട്ടിയപ്പോൾ കലി തീർത്തു.

ആദ്യ പകുതിയിൽ തുല്യശക്തികളുടെ പോരാട്ടമായിരുന്നെങ്കിലും 43-ാം മിനിറ്റില്‍ കോ‍ഡി ഗാക്പോയിലൂടെ ലിവര്‍പൂള്‍ ഒരടി മുന്നിലെത്തി. എന്നാല്‍ രണ്ടാംപകുതിയിൽ മാഞ്ചസ്റ്ററിനെ ലിവര്‍പൂളില്‍ മുക്കിക്കൊല്ലുന്ന ചെമ്പടയെ ആണ് ആന്‍ഫീല്‍ഡ് കണ്ടത്. രണ്ടാം പകുതിയില്‍ യുണൈറ്റഡിന് പന്ത് കാലിൽകിട്ടും മുൻപേ ലിവർപൂൾ ലീഡുയർത്തി. 47ാം മിനിറ്റില്‍ ഡാർവിൻ ന്യൂനിയസ് ആയിരുന്നു ലിവര്‍പൂളിന്‍റെ രണ്ടാം ഗോള്‍ നേടിയത്.

Latest Videos

undefined

ബെംഗലൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്, വിവാദ റഫറിയെ വിലക്കണമെന്നും ആവശ്യം

യുണൈറ്റഡിന്‍റെ ഞെട്ടൽമാറും മുൻപേ 50-ാം മിനിറ്റില്‍  വീണ്ടും ഗാക്പോ സ്കോര്‍ ചെയ്തു. അടുത്തത് സൂപ്പർതാരം മുഹമ്മദ് സലായുടെ ഊഴം. 66-ാം മിനിറ്റില്‍ സലാ നേടിയ ഗോളില്‍ ലിവര്‍പൂള്‍ നാല് ഗോളിന് മുന്നില്‍. എഴുപത്തിയഞ്ചാം മിനുറ്റിൽ ഉജ്വലഗോളിലൂടെ ന്യൂനിയസും ഡബിൾ തികച്ചു.

83ആം മിനുറ്റിൽ വീണ്ടും മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ ലീഡുയര്‍ത്തി. 129 ഗോളുകളുമായി പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ ടോപ്സ്കോററെന്ന റെക്കോർഡും ഈജിപ്ഷ്യൻ താരം സ്വന്തമാക്കി. യുണൈറ്റഡിനെതിരെ തുടർച്ചയായി ആറ് കളിയിൽ ഗോൾ നേടുന്ന ലിവർപൂൾ താരവുമാണ് സലാ. മുങ്ങിയ മാഞ്ചസ്റ്റർ കപ്പലിലിൽ അവസാന ആണിയടിച്ച് റോബർട്ടോ ഫിർമിനോയും സ്കോർ പട്ടികയിൽ ഇടംപിടിച്ചു. ആൻഫീൽഡിനെ ചെന്പട്ടണിയിപ്പിച്ച ആരാധകർക്ക് മുന്നിൽ ക്ലോപ്പിനും സംഘത്തിനും സീസണിലെ ഏറ്റവും വലിയജയം.തോൽവി എറിക് ടെൻഹാഗിന്‍റെയും യുണൈറ്റഡിന്‍റെയും കിരീടപ്രതീക്ഷയ്ക്കും തിരിച്ചടിയായി.

click me!