ലീഗിൽ അഞ്ച് പോയിന്‍റ് ലീഡുമായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും സിറ്റിക്കെതിരെ ഇത്തിഹാദില്‍ ഇറങ്ങുമ്പോള്‍ ജയത്തിൽ കുറഞ്ഞതൊന്നും ഗണ്ണേഴ്സിന് മതിയാകില്ല.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി - ആഴ്സണല്‍ സൂപ്പർ പോരാട്ടം. ചാംപ്യന്മാരെ തീരുമാനിക്കുന്നതിൽ ഇന്നത്തെ മത്സരം നിർണായകമാണ്. ലിവർപൂൾ, ചെൽസി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് കിരീട പ്രതീക്ഷയുമായാണ് ആഴ്സണൽ ഇത്തവണ മുന്നേറ്റം നടത്തിയത്. എന്നാൽ അവസാന മൂന്ന് മത്സരവും സമനിലയിലായതോടെ ടീം പരുങ്ങലിലാണ്.
ലീഗിൽ അഞ്ച് പോയിന്‍റ് ലീഡുമായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും സിറ്റിക്കെതിരെ ഇത്തിഹാദില്‍ ഇറങ്ങുമ്പോള്‍ ജയത്തിൽ കുറഞ്ഞതൊന്നും ഗണ്ണേഴ്സിന് മതിയാകില്ല. അവസാന 11 പ്രീമിയർ ലീഗ് പോരിലും സിറ്റിയോട് തോറ്റ ചരിത്രം തിരുത്തണമെന്ന വാശിയും ആര്‍ട്ടേറ്റയ്ക്കും സംഘത്തിനുമുണ്ട്. രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റിയാകട്ടെ ഒന്നാം സ്ഥാനത്തോട് അതിവേഗം അടുക്കുകയാണ്. പ്രീമിയർ ലീഗിൽ അവസാന ആറ് കളിയിലും ജയിച്ച സിറ്റി ചാംപ്യൻസ് ലീഗിൽ സെമിയിലും എഫ്എ കപ്പിൽ ഫൈനലിലും ഇടമുറപ്പിച്ച ആത്മവിശ്വാസത്തിലാണ്.
undefined
പെപ് ഗ്വാർഡിയോള ചുമതലയേറ്റെടുത്ത ശേഷം ഇത്തിഹാദിൽ നടന്ന എല്ലാ പ്രീമിയർ ലീഗ് പോരിലും ആഴ്സണലിനെ സിറ്റിക്ക് തോല്‍പ്പിക്കാൻ സാധിച്ചിട്ടുണ്ട്. സീസണിലെ ആദ്യപാദ മത്സരത്തിലും ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സിറ്റി തകർത്തു. പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾവേട്ട തുടരുന്ന എർലിംഗ് ഹാലണ്ടിനെ മുൻനിർത്തിയാണ് സിറ്റിയുടെ ആക്രമണം. നിലവിൽ 32 ഗോളുകളുള്ള ഹാലണ്ടിന് ഒരു ഗോൾ കൂടി നേടിയാൽ മുഹമ്മദ് സലായെ മറികടന്ന് റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാം.
രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. തുടർ തോൽവികളിൽ നിന്ന് കരകയറാനിറങ്ങുന്ന ചെൽസിക്ക് ബ്രെന്‍റ്ഫോർഡാണ് ഇന്ന് എതിരാളികൾ. പ്രതിസന്ധിയിൽ ടീമിനെ ഏറ്റെടുത്ത ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നാല് കളിയിലും ചെൽസി തോറ്റു. ചാംപ്യൻസ് ലീഗിൽ റയലിനോട് തോറ്റ് പുറത്തുമായി. ഇനിയൊരു തോൽവി കൂടി ടീമിന് താങ്ങാനാവില്ല. ലിവർപൂൾ ഇന്ന് എവേ മത്സരത്തിൽ വെസ്റ്റ്ഹാമിനെ നേരിടും. 50 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ലിവർപൂളിന് ചാംപ്യൻസ് ലീഗ് സ്പോട്ടാണ് ലക്ഷ്യം.