'എന്തൊരു തെമ്മാടിത്തം' ; ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിനെ പറയിപ്പിച്ച് 'ഇംഗ്ലീഷ് കാണിക്കൂട്ടം'

By Web Team  |  First Published Jul 12, 2021, 1:37 PM IST

സ്വതവേ ഒരു ഹോം ടീം അതിന്റെ ഗ്രൌണ്ടില്‍ കളിക്കുമ്പോള്‍ അവരുടെ കളികളെ പരിഗണിക്കാറ് അവരുടെ പന്ത്രണ്ടാമന്‍ എന്ന നിലയിലാണ്. അത്തരത്തിലെങ്കില്‍ ഇംഗ്ലണ്ടിന്‍റെ 'പന്ത്രണ്ടാമന്‍' ഇത്തിരി കുരുത്തംകെട്ടവനാണ് എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകത്തെ സംസാരം. 


യൂറോകപ്പില്‍ ഇംഗ്ലണ്ടിന്‍റെ 'കമിംഗ് ഹോം' എന്നതിന് പകരം 'കമിംഗ് റോം' എന്ന് പറഞ്ഞ് ഇറ്റലി തങ്ങളുടെ രണ്ടാം യൂറോ നേടിക്കഴിഞ്ഞു. എന്നാല്‍ യൂറോ കഴിഞ്ഞും ചര്‍ച്ചയാകാന്‍ പോകുന്നത് ഇംഗ്ലീഷ് ഫുട്ബോള്‍ തന്നെയാണ്. അത് കളത്തിലെ കളിയല്ല. കളത്തിന് പുറത്ത് നില്‍ക്കുന്ന ഇംഗ്ലീഷ് ടീമിന്‍റെ ആരാധകരെക്കുറിച്ചാണ്. സ്വതവേ ഒരു ഹോം ടീം അതിന്റെ ഗ്രൌണ്ടില്‍ കളിക്കുമ്പോള്‍ അവരുടെ കളികളെ പരിഗണിക്കാറ് അവരുടെ പന്ത്രണ്ടാമന്‍ എന്ന നിലയിലാണ്. അത്തരത്തിലെങ്കില്‍ ഇംഗ്ലണ്ടിന്‍റെ 'പന്ത്രണ്ടാമന്‍' ഇത്തിരി കുരുത്തംകെട്ടവനാണ് എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകത്തെ സംസാരം. 

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്തുന്നത്. ഫൈനല്‍ നടന്ന ഇംഗ്ലീഷ് ഫുട്ബോളിന്‍റെ തറവാട്ട് മുറ്റം പോലുള്ള വെംബ്ലിയില്‍ ആണെങ്കില്‍ കൊവിഡ് മാനദണ്ഡത്തില്‍ ഇളവ് നല്‍കി മുഴുവന്‍ കാണികളെയും അനുവദിച്ചു. ഇന്നലെ തന്നെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രം പരിശോധിക്കാം. ടിക്കറ്റ് എടുക്കാതെ നൂറുകണക്കിന് ആരാധകരാണ് വെംബ്ലിയിലേക്ക് തള്ളിക്കയറിയത് എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നിലേറെ അനുഭവ സാക്ഷ്യങ്ങളും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

Latest Videos

അവിടെയും തീരുന്നില്ല ഇംഗ്ലീഷ് ആരാധകര്‍ നടത്തിയ 'പരാക്രമണങ്ങള്‍', മത്സരത്തിന് മുന്‍പ് ഇറ്റാലിയന്‍ ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലീഷ് ആരാധക‍ർ കൂവുകയായിരുന്നു. ദേശീയഗാനത്തിന് മുന്‍പ് ഒരു തരത്തിലുള്ള പ്രകോപനവും പാടില്ലെന്ന ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്‌ഗേറ്റും മുൻതാരവും കമന്റേറ്ററുമായ ഗാരി ലിനേക്കറും നടത്തിയ അഭ്യര്‍ത്ഥന തൃണവല്‍ഗണിച്ചാണ് ഇംഗ്ലീഷ് ആരാധക കൂട്ടത്തിന്‍റെ ഈ തോന്നിവാസം നടന്നത് എന്ന കാര്യവും ഇംഗ്ലീഷ് മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. 

സെമിയില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് കാണികള്‍ നടത്തിയ കാര്യങ്ങള്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ യുവേഫ അന്വേഷിച്ച് പിഴ വിധിച്ചതിന് പിന്നാലെയായിരുന്നു പുതിയ സംഭവങ്ങള്‍.  സെമി ഫൈനലിൽ ഡെൻമാർക്ക് ഗോൾകീപ്പ‍ർ കാസ്‌പർ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധക‍ർ ലേസ‍ർ രശ്‌മികൾ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. എക്‌സ്‌ട്രൈ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദ സംഭവം എന്നത് ഡെന്‍മാര്‍ക്ക് മാധ്യമങ്ങള്‍ വലിയ സംഭവമാക്കിയിരുന്നു.

അതേ സമയം തന്നെ ഇംഗ്ലീഷ് കാണികളുടെ ഗൌരവമായ അച്ചടക്ക ലംഘനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും അവരെ വീണ്ടും സ്റ്റേഡിയത്തില്‍ അനുവദിച്ച യുവേഫ തീരുമാനത്തെ തന്നെ വിമര്‍ശിക്കുന്നവരുണ്ട്. ഇംഗ്ലണ്ടില്‍ അയതുകൊണ്ടാണ് ഇത്തരം ഒരു പിഴ ശിക്ഷയില്‍ ഒതുങ്ങിയത് എന്നാണ് ഫുട്ബോള്‍ ലോകത്ത് ഉയരുന്ന വിമര്‍ശനം. മറ്റ് വല്ല നാട്ടിലും ആണെങ്കില്‍ കാണികള്‍ ഇല്ലാതെ മത്സരം നടത്തിയേനെ എന്ന ആരോപണം ഉയരുന്നുണ്ട്. യുവേഫയെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായ ഫുട്ബോള്‍ ലീഗ് നടക്കുന്ന ഇംഗ്ലണ്ടിന്‍റെ താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടി വന്നിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം സ്റ്റേഡിയത്തില്‍ കാണികള്‍ എത്തുന്നതില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു പങ്ക് ലഭിക്കുമെന്ന നിലയില്‍ എതിരാളികളായ ഇറ്റലിക്കും ഫൈനലില്‍ വെംബ്ലി നിറഞ്ഞ് കാണികള്‍ ഉണ്ടാകണമെന്ന് തന്നെയായിരുന്നു താല്‍പ്പര്യം.

2018 റഷ്യന്‍ ലോകകപ്പില്‍ വളരെ മിതത്വത്തോടെയാണ് ഇംഗ്ലീഷ് കാണികള്‍ പെരുമാറിയത് എന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. അതിന് ഒരു കാരണമായി പറയുന്നത് പ്രശ്നക്കാര്‍ക്ക് റഷ്യയില്‍ കര്‍ശ്ശനമായ നിരീക്ഷണവും, ചിലര്‍ക്ക് കളി കാണുവാന്‍ എത്തുന്നതില്‍ തന്നെ വിലക്ക് ഏര്‍പ്പെടുത്തി എന്നതുമാണ്. പൊതുവില്‍ ലോക ഫുട്ബോളിലെ ഏറ്റവും പ്രശ്നക്കാരായ കാണികള്‍ എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് കാണികള്‍ ആ പേര് കളയാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്ന് പോര്‍ച്ചുഗല്ലില്‍ നടന്ന യുവേഫ നാഷണല്‍ ലീഗ് ഫൈനലില്‍ വ്യക്തമായി. അന്ന് പോര്‍ച്ചുഗല്‍ പട്ടണമായ പോര്‍ട്ടോയില്‍ തെരുവ് യുദ്ധം തന്നെയാണ് ചില ഇംഗ്ലീഷ് ഫുട്ബോള്‍ അരാധകര്‍ നടത്തിയത്. തങ്ങളുടെ ആരാധകരെ ഉദ്ദേശിച്ച് 'ഇങ്ങനെ വിഡഢിയാകരുത്' ( “Don’t Be That Idiot”) എന്ന പേരില്‍ വീഡിയോ ക്യാംപെയിന്‍ അടക്കം ഈ ടൂര്‍ണമെന്‍റിന് മുന്‍പ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ നടത്തിയിട്ടും അന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. അതിനാല്‍ തന്നെ അധികൃതരുടെ നിയന്ത്രണത്തിനും അപ്പുറാണ് ഇംഗ്ലീഷ് ഫുട്ബോള്‍ പ്രേമികളിലെ 'കലാപപ്രേമികളായ' വിഭാഗമെന്ന് വ്യക്തം. 

ഫുട്ബോള്‍ ലോകത്ത് പ്രചരിക്കുന്ന ഒരു കഥയുണ്ട് ഓസ്ട്രേയയും, സ്വിസ് അതിഥേയത്വം വഹിച്ച 2008 ലെ യൂറോകപ്പില്‍ ഇംഗ്ലണ്ടിന് പ്രവേശനം ലഭിച്ചില്ല. ഇത് അറിഞ്ഞ സംഘടകര്‍ ആശ്വസിച്ചുപോലും, ഇംഗ്ലണ്ടിന്‍റെ കാണികള്‍ എന്ന ശല്യം ഒഴിഞ്ഞല്ലോ എന്ന് പറഞ്ഞ്. ഇവരുടെ പ്രശ്നം ശരിക്കും അറിയണമെങ്കില്‍ ഇവരുടെ ചരിത്രം കൂടി അറിയണം.

ഫുട്ബോള്‍ പ്രേമം തെമ്മാടിത്തമായി മാറിയ ചരിത്രം

ഇംഗ്ലണ്ടില്‍ പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ തന്നെ ഉയര്‍ന്നുവന്നതാണ്, ഫുട്ബോള്‍ പ്രേമവും അതിന്‍റെ പേരില്‍ നടക്കുന്ന ആരാധക അഴിഞ്ഞാട്ടവും. ഒരോ പ്രദേശത്തെ ഫുട്ബോള്‍ ക്ലബുകള്‍ തമ്മിലുള്ള വൈരവും, മദ്യവും ഒക്കെ അതിന് കാരണമായി. പ്രധാനമായും ക്ലബുകളുടെ കളിസ്ഥലത്തിന് അടുത്ത് തന്നെ പബ്ബുകള്‍ ഉണ്ടാകും, കളിയും ചര്‍ച്ചയും മദ്യവും ഒക്കെ ചേരുന്നതോടെ പലപ്പോഴും കൂട്ടയടിയിലേക്ക് നീങ്ങുന്ന ഇടങ്ങളായി പലപ്പോഴും ഇത് മാറി. ഇത്തരത്തില്‍ വളര്‍ന്ന ഫുട്ബോള്‍ ആരാധന പുതിയ നൂറ്റാണ്ടില്‍ എത്തിയതോടെ, ഇത്തരം പബ്ബുകള്‍ ആദ്യം റേഡിയോ കമന്‍ററി കേള്‍ക്കുന്ന ഇടങ്ങളായും, പിന്നീട് ലൈവ് ടിവിയില്‍ മത്സരം കാണുന്ന ഇടങ്ങളുമായി മാറി.

കളിയുടെ ലഹരിക്കൊപ്പം മദ്യവും ആരാധക വൃദ്ധങ്ങളും ആകുന്നതോടെ ഫുട്ബോള്‍ പ്രേമം പിടിവിട്ടുപോകുന്ന അവസ്ഥയാണ്. 1960-70 കാലഘട്ടത്തില്‍ കളികാണാത്ത റൗഡി ഫാന്‍സിനെ പല ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബുകളും തങ്ങളുടെ ചിലവില്‍ തന്നെ ഏര്‍പ്പാടാക്കിയിരുന്നു എന്നാണ് സണ്‍ഡേ പോസ്റ്റിലെ ഒരു ലേഖനം പറയുന്നത്. എതിര്‍ ടീം ആരാധകരെ കൈകാര്യം ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന പണി. പലപ്പോഴും ലീഗ് മത്സരങ്ങള്‍ നടക്കുന്ന വാരാന്ത്യങ്ങളില്‍ ഇംഗ്ലീഷ് തെരുവുകള്‍ യുദ്ധക്കളമാകുന്നത് പതിവ് കാഴ്ചയായിരുന്നു. 1978 ലെ എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം നടന്ന ഇത്തരത്തിലുള്ള കലാപം ശരിക്കും തെരുവ് യുദ്ധവും ഫുട്ബോള്‍ തെമ്മാടിത്തത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതവും ആയിരുന്നു. ഇതേ ആരാധകര്‍ പിന്നീട് ക്ലബ്സ്റ്റേഡിയങ്ങളിലേക്കും, ഇംഗ്ലീഷ് മത്സരങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര വേദികളിലേക്കും എത്തുന്നതോടെയാണ് ഇംഗ്ലീഷ് കാണികളുടെ 'തെമ്മാടിത്തമായി' മാറിയ പ്രവര്‍ത്തികള്‍ ലോകം അറിയുന്നത്.

പല ഫുട്ബോള്‍ നിരീക്ഷകരും ചരിത്രപരമായ, വംശീയമായ കാര്യങ്ങള്‍ കൂടി ഇവരുടെ ആക്രമണ സ്വഭാവത്തിന് നല്‍കുന്നുണ്ട്. ഒന്ന് വംശീയ വിവേചനമാണ്. പലപ്പോഴും ഏറ്റവും കൂടുതല്‍ വംശീയ വിവേചനങ്ങളും അധിക്ഷേപങ്ങളും നടക്കുന്ന യൂറോപ്യന്‍ ഫുട്ബോള്‍ ലീഗില്‍ ഇപിഎല്‍ ആയിരിക്കും മുന്നില്‍. അതിന് പുറമേ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ പെനാള്‍ട്ടി പാഴാക്കിയ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇംഗ്ലീഷ് ടീമിലെ കറുത്തവര്‍ഗ്ഗക്കാരായ താരങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപങ്ങളും കാണികളുടെ സ്വഭാവവും ചേര്‍ന്ന് പോകുന്നു എന്ന് കാണാന്‍ സാധിക്കും. ഇത്തരം ഫുട്ബോള്‍ ആരാധകരെന്ന് പറയുന്ന കൂട്ടങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം ആരാധക കൂട്ടായ്മകള്‍ പലതിലെ അംഗങ്ങളും വംശീയ വാദികളായ 'നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി' പോലുള്ളവയില്‍ അംഗങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

1980 കളില്‍ എത്തിയപ്പോള്‍ 'ഇംഗ്ലീഷ് രോഗം' എന്നാണ് ഇംഗ്ലണ്ടിന്‍റെ ഈ കാണിക്കൂട്ടത്തെ ഫുട്ബോള്‍ ലോകം വിശേഷിപ്പിച്ചത്. 1983 ല്‍ ലക്സംബര്‍ഗില്‍ കലാപം നടത്തുകയും കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിന് 150 ഇംഗ്ലീഷ് കാണികള്‍ ലോക്കപ്പിലായി. 30 ഓളം കണികള്‍ വെട്ടും കുത്തും ഏറ്റ് ആശുപത്രിയിലുമായി. 1985 ല്‍ യൂറോപ്പ കപ്പ് മത്സരം കാണാന്‍ എത്തിയ ലിവര്‍പൂള്‍ കാണികള്‍ സ്റ്റേഡിയത്തില്‍ ആക്രമണം അഴിച്ചുവിട്ടതും വലിയ സംഭവമായി. ഇത് ലോകത്തെങ്ങും ഞെട്ടലുണ്ടാക്കി. തുടര്‍ന്ന് അഞ്ച് കൊല്ലത്തോളം ഇംഗ്ലീഷ് ക്ലബുകള്‍ക്ക് യൂറോപ്യന്‍ ടൂര്‍ണമെന്‍റുകളില്‍ വിലക്കായിരുന്നു. 

1989 ല്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ സ്പെക്ടെറ്റേര്‍സ് ആക്ട് അവതരിപ്പിച്ചു. ഇതിലൂടെ ഫുട്ബോള്‍ കാണികളുടെ ആക്രമണങ്ങളും തെമ്മാടിത്തങ്ങളും തടയാന്‍ പൊലീസിന് കൂടുതല്‍ അംഗീകാരം ലഭിച്ചു. ഫുട്ബോള്‍ ഗ്രൌണ്ടിലെ മദ്യനിയന്ത്രണവും മറ്റും ഇതില്‍ വന്നു. അതിന് പുറമേ 2000ത്തില്‍ ഈ നിയമം കൂടുതല്‍ ശക്തമാക്കി. ഇത് പ്രകാരം പ്രശ്നക്കാരായ കാണികളെ കളിയുള്ള ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും വിലക്കി. ഒപ്പം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിലക്കും. 

പുതിയ കാലത്തെ 'ഫുട്ബോള്‍' തെമ്മാടിത്തം

ഫുട്ബോള്‍ തെമ്മാടിത്തം എന്നത് ഒരു ക്യാന്‍സര്‍ പോലെയാണ്, ഇപ്പോള്‍ അത് തണുത്ത അവസ്ഥയിലാണ്. എന്നാല്‍ ഏത് സമയത്തും അതിന് ഒരു ഉയിര്‍പ്പ് ഉണ്ടാകാം, എന്നാണ് 2013 ല്‍ ഒരു ഗാര്‍ഡിയന്‍ ഫുട്ബോള്‍ ലേഖനത്തില്‍ പറഞ്ഞത്. അത് ശരിവയ്ക്കുന്ന രീതിയിലാണ് ഇംഗ്ലീഷ് കാണികളുടെ സമീപകാലത്തെ പ്രകടനങ്ങള്‍ എന്ന് കാണാം. പോര്‍ട്ടോയിലും, യൂറോകപ്പ് വേളയിലും ഉണ്ടായ പ്രശ്നങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും ഉയരുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

സോഷ്യല്‍ മീഡിയ അഭിര്‍ഭാവത്തോടെ കൂടുതല്‍ ഓണ്‍ലൈനായി ഇത്തരം തെമ്മാടിത്തങ്ങള്‍ മാറിയെന്ന് കാണാം എന്ന് ഇഎസ്പിഎന്‍ ലേഖനം 2017 ല്‍ പറയുന്നുണ്ട്. ഫുട്ബോള്‍ തെമ്മാടിത്തം സംബന്ധിച്ച് ബുക്ക് സെര്‍ച്ച് തന്നെ ആമസോണില്‍ 20 പേജുണ്ടെന്ന് ഈ ലേഖനം പറയുന്നു. പഴയ ഫുട്ബോള്‍ ആരാധകരെപ്പോലെ തെരുവ് യുദ്ധങ്ങള്‍ക്ക് ഇപ്പോഴത്തെ ഫുട്ബോള്‍ ഭ്രാന്തന്മാര്‍ക്ക് താല്‍പ്പര്യം ഇല്ലെങ്കിലും അത്തരം ഒരു അവസരം ഓണ്‍ലൈനായും മറ്റും പുതിയ തലമുറ വിടുന്നില്ലെന്നാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ടീം ആന്‍റ് കോര്‍പ്പറേറ്റ് സെക്യൂരിറ്റി മേധാവി ടോണി കോണിഫോര്‍ഡ് പറയുന്നത്. 

കുറേ മദ്യം ഉള്ളില്‍ നിറച്ച് കളി കാണാന്‍ വരുന്നവര്‍ക്ക് ചിലപ്പോള്‍, താന്‍ ഫുട്ബോള്‍ കാണുവാനാണോ പോകുന്നത് അല്ല മറ്റ് വല്ല പ്രവര്‍ത്തനത്തിനോ പോകുന്നത് എന്ന ബോധം ഉണ്ടാകില്ല, ഇത്തരം പേര്‍ ചിന്തിക്കണം തന്‍റെ ഭാര്യയും മക്കളും അടുത്തുണ്ടെങ്കില്‍ ഇത്തരം തെമ്മാടിത്തങ്ങള്‍ നടത്തുന്ന സന്ദര്‍ഭങ്ങള്‍ ആസ്വദ്യകരമാകുമോ?, ഇല്ലെന്നാണ് ഉത്തരം - ടോണി കോണിഫോര്‍ഡ് പറയുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇത്തരം ഫുട്ബോള്‍ തെമ്മാടിത്തങ്ങളെ അത് നടത്തുന്നവര്‍ തന്നെ ഒരു സ്വയം തിരിച്ചറിവിലൂടെ മാറ്റട്ടെ എന്ന നിലപാടിലാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. അതിനായുള്ള ക്യാംപെയിനും മറ്റും അവര്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!