എമിയുടെ കലിപ്പ് തീരണില്ല, എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം; രൂക്ഷ വിമര്‍ശനം

By Web Team  |  First Published Dec 21, 2022, 10:35 AM IST

അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്


ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷമുള്ള അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെ പരിഹാസം അവസാനിക്കുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിന്‍റെ ട്വീറ്റില്‍ പറയുന്നു. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. 

അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം.

Emi Martinez got hold of a baby Mbappe during their World Cup parade 👀 pic.twitter.com/mIAiRfkIYZ

— ESPN FC (@ESPNFC)

Latest Videos

undefined

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെതിരായ കിലിയന്‍ എംബാപ്പെയുടെ മുന്‍ പരാമര്‍ശത്തിന് മറുപടിയായാണ് എമി മാര്‍ട്ടിനസ് ഇത്തരത്തില്‍ വിവാദ മറുപടികള്‍ നല്‍കുന്നത് എന്ന് പറയപ്പെടുന്നു. ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന് എംബാപ്പെ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു. 'ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെ നിലവാരമില്ല. അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും' എംബാപ്പെ പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിന് മുമ്പ് ഈ വിഷയം ഉയർത്തി എമിലിയാനോ മാർട്ടിനസ് എംബാപ്പെയെ വിമർശിച്ചതാണ്. ലോകകപ്പ് അവസാനിച്ചിട്ടും ആ പോര് നീളുകയാണ്. 

അർജന്‍റീനയുടെ വിക്‌ടറി പരേഡ് അലങ്കോലം; തുറന്ന ബസിലേക്ക് എടുത്തുചാടി ആരാധകർ, സംഘര്‍ഷം, പരിക്ക്, അറസ്റ്റ്

click me!