കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പര്‍ താരം ഡയമന്റക്കോസും പടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റതാരം ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ് വിട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരാധകര്‍ക്കും ക്ലബിനും താരം നന്ദി പറഞ്ഞു. ടീമെന്ന നിലയില്‍ രണ്ടു വര്‍ഷക്കാലം മികച്ചതായിരുന്നെന്നും ആരാധകര്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ലെന്നും ദിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിട്ടകാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഐഎസ്എല്ലില്‍ ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു ദിമി. 13 ഗോളുകളാണ് ഡയമന്റക്കോസ് ഇത്തവണ നേടിയത്.
കോച്ച് വുക്കോമാനോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പര്‍ താരം ഡയമന്റക്കോസും പടിയിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ്. ദിമിയെ സ്വന്തമാക്കാന്‍ ഐഎസ്എല്ലിലെ മറ്റ് ക്ലബുകള്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. പ്രതിഫല കാര്യത്തില്‍ ഡയമന്റോകോസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഡയമന്റക്കോസിനായി മുംബൈ സിറ്റിയാണ് രംഗത്തുള്ള പ്രമുഖര്‍.
undefined
അതേസമയം, അഡ്രിയാന്‍ ലൂണയുടെ കരാര്‍ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പുതുക്കി നല്‍കിയിരുന്നു. 2024 മേയ് 31 ന് നിലവിലെ കരാര്‍ അവസാനിക്കാനിരിക്കേയാണ് ഉറുഗ്വെന്‍ താരം 2027 വരെ നീളുന്ന പുതിയ കരാറില്‍ ഒപ്പു വെച്ചത്. 32കാരനായ ലൂണയ്ക്കു വേണ്ടി എഫ് സി ഗോവ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എഫ് സി ഗോവ മുന്നോട്ടുവെച്ച ഓഫര്‍ വേണ്ടെന്നു വെച്ചാണ് ലൂണ മഞ്ഞപ്പടയ്‌ക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 26നാണ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ക്ലബിന്റെ തീരുമാനം. 2021 സീസണ്‍ മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിച്ച ഇവാന് ഒരു തവണ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. 2021-22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ് സ്വന്തമാക്കിയത് ഇവാന്റെ കീഴിലായിരുന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും സെര്‍ബിയക്കാരന്റെ കീഴില്‍ നിന്നുതന്നെ.