കളിക്കളത്തിൽ പലതവണ കണ്ണീരണിഞ്ഞ് മടങ്ങിയിട്ടുള്ള ഇംഗ്ലിഷ് പോരാളികളുടെ മുൻ പടനായകൻ ഡേവിഡ് ബെക്കാമിന്‍റെ വാക്കുകൾ അത്രമേൽ മനോഹരമായിരുന്നു
ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗ്ലാമർ മത്സരങ്ങളിലൊന്നാണ് ഇന്നലെ രാത്രി കഴിഞ്ഞത്. ഗ്ലാമർ മത്സരം കാണാൻ ലോകഫുട്ബോളിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും ഗ്ലാമർ താരങ്ങളിലൊരായിരുന്ന ഡേവിഡ‍് ബെക്കാമും എത്തിയിരുന്നു. കളിക്കിടെ ഇടയ്ക്കിടയ്ക്ക് ബെക്കാമിന് നേരെ ക്യാമറ കണ്ണുകൾ പായുന്നുണ്ടായിരുന്നു. ഫ്രാൻസിനോട് പൊരുതി വീണ ഇംഗ്ലിഷ് നിര കണ്ണീരണിഞ്ഞ് മടങ്ങിയപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലിഷ് നായകൻ. കളിക്കളത്തിൽ പലതവണ കണ്ണീരണിഞ്ഞ് മടങ്ങിയിട്ടുള്ള ഇംഗ്ലിഷ് പോരാളികളുടെ മുൻ പടനായകൻ ഡേവിഡ് ബെക്കാമിന്‍റെ വാക്കുകൾ അത്രമേൽ മനോഹരമാണ്. ഇംഗ്ലണ്ടിന്‍റെ തോൽവിയിലും കണ്ണീരിലും ആശ്വാസ വാക്കുകളുമായാണ് ബെക്കാം എത്തിയത്. ഇംഗ്ലിഷ് ടീമിന്‍റെ പോരാട്ട മികവിനെ വാഴ്ത്തിയ ബെക്കാം, ഈ ടീം തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.
ഇംഗ്ലിഷ് ടീം ലോകകപ്പിൽ മോശമാക്കിയില്ലെന്ന് പറഞ്ഞ ബെക്കാം, പരിശീലകൻ ഗാരത് സൗത്ത് ഗേറ്റിനെയും നായകൻ ഹാരി കെയിനെയും അഭിനന്ദിക്കാനും മറന്നില്ല. എല്ലാ ആരാധകർക്കും ഈ ടീമിനെക്കുറിച്ച് അഭിമാനിക്കാമെന്നും ബെക്കാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹരി കെയ്ൻ യഥാർത്ഥ നായകനാണെന്നും അടുത്ത ലോകകപ്പിൽ ഈ ടീമിൽ നിന്ന് വലിയ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും മുൻ നായകൻ കുറിച്ചു.
undefined
ഇറ്റ്സ് നോട്ട് കമിംഗ് ഹോം! പൊരുതിയിട്ടും കരകയറാതെ ഇംഗ്ലണ്ട് വീണു, സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്
അതേസമയം ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്താണ് ഫ്രഞ്ച് പട സെമിയിലേക്ക് കുതിച്ചത്. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്നാണ് സ്വന്തമാക്കിയത്. ഒരു പെനാൽട്ടി വലയിലെത്തിച്ച് നായകൻ ഹാരി കെയിന് രണ്ടാം പെനാൽട്ടി ലക്ഷ്യത്തിലെക്കാനായിരുന്നില്ല. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച ഈ പെനാല്‍റ്റി ഹാരി കെയ്ന് ആകാശത്തേക്ക് അടിച്ചതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. എങ്കിലും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ട് ഫ്രാൻസിനെതിരെ പുറത്തെടുത്തത്. സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും.