ഏഴഴകില്‍ സിആര്‍7; യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍, ക്ലബ് നടത്തിയത് വന്‍ നീക്കം

By Web Team  |  First Published Aug 31, 2021, 8:50 AM IST

കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്‌ക്ക് നല്‍കാം എന്നാണ് യുണൈറ്റഡിന്‍റെ മനസില്‍


മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് അവസാനം. യുണൈറ്റഡിൽ ഏഴാം നമ്പർ ക്രിസ്റ്റ്യാനോയ്‌ക്ക് തന്നെയെന്ന് ഉറപ്പായി. നിലവില്‍ ഏഴാം നമ്പറില്‍ കളിച്ചിരുന്ന എഡിസണ്‍ കവാനി ഇരുപത്തിയൊന്നാം നമ്പര്‍ കുപ്പായത്തിലേക്ക് മാറും. 

മാഞ്ചസ്റ്ററിന്‍റേത് ഒന്നൊന്നര തന്ത്രം

Latest Videos

യുവന്‍റസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ ചേക്കേറിയത് മുതല്‍ താരത്തിന്‍റെ ജേഴ്‌സി നമ്പര്‍ വലിയ ആകാംക്ഷ നിറച്ചിരുന്നു. യുണൈറ്റഡില്‍ തിരിച്ചെത്തിയ റൊണാള്‍ഡോയ്‌ക്ക് പതിവ് ഏഴാം നമ്പര്‍ ജേഴ്‌സിയോട് തന്നെയായിരുന്നു താല്‍പര്യം. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍7ന് വെല്ലുവിളിയായേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഏതെല്ലാം ജേഴ്‌സി താരങ്ങള്‍ക്ക് നല്‍കുമെന്ന് സീസണ്‍ തുടങ്ങും മുന്‍പ് വ്യക്തമാക്കണമെന്നാണ് ചട്ടം. താരം ക്ലബ് വിടാതെ സീസണിന് ഇടയില്‍ ജേഴ്‌സി നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാനാകില്ല. ഏഴാം നമ്പര്‍ ജേഴ്‌സി ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിരുന്നു യുണൈറ്റഡ്. കവാനി ഏഴാം നമ്പറില്‍ കളിക്കുകയും ചെയ്തു. 

എന്നാല്‍ ക്ലബിന്‍റെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോയ്‌ക്കായി ഈ നിയമത്തെ തന്ത്രപൂര്‍വം മറികടക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ 21-ാം നമ്പറില്‍ കളിച്ചിരുന്ന ഡാനിയേല്‍ ജയിംസിനെ ടീമില്‍ നിന്ന് യുണൈറ്റഡ് ഒഴിവാക്കിയിട്ടുണ്ട്. ജയിംസിനെ ലീഡ്‌സ് യുണൈറ്റഡിലേക്ക് പറഞ്ഞയക്കുന്നതോടെ 21-ാം നമ്പര്‍ കുപ്പായം ഒഴിവുവരും. ഉറുഗ്വേയ്‌ന്‍ ദേശീയ ടീമില്‍ 21-ാം നമ്പറില്‍ കളിക്കുന്ന കവാനിക്ക് ഇത് നല്‍കാന്‍ പ്രീമിയര്‍ ലീഗിന് അപേക്ഷ സമര്‍പ്പിക്കാനാണ് യുണൈറ്റഡിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് കവാനിയുമായി യുണൈറ്റഡ് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. തന്‍റെ പ്രിയപ്പെട്ട 21 അണിയാന്‍ കവാനി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

ഇങ്ങനെ കവാനി 21-ാം നമ്പറിലേക്ക് മാറുന്നതോടെ ഒഴിവ് വരുന്ന ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്‌ക്ക് നല്‍കാം എന്നാണ് യുണൈറ്റഡിന്‍റെ മനസില്‍. ഇത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുടെ സന്തോഷവും നല്‍കും. മടങ്ങിവരവില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ തന്ത്രപൂര്‍വം വലിയ പ്രതിസന്ധി മറികടക്കുകയാണ് ഇത്തരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!