റോണോ ബാക്ക് ടു ഹോം! റയല്‍ ഗ്രൗണ്ടില്‍ ഒറ്റയ്ക്ക് പരിശീലനം തുടങ്ങി താരം, മാഡ്രിഡിലേക്കുള്ള വരവ് സാധ്യമോ?

By Web Team  |  First Published Dec 15, 2022, 7:39 PM IST

ലോകകപ്പിൽ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെയാണ് പോർച്ചുഗൽ നിരയിൽ റൊണാൾഡോ കളിച്ചത്. ലോകകപ്പിന്‍റെ ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ റൊണാൾഡോ ഏറെക്കാലം തന്‍റെ ഹോം ഗ്രൗണ്ടായ സ്പെയിനിലെ മാഡ്രിഡിലേക്ക് എത്തുകയായിരുന്നു.


മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്‍റായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ റയൽ മാഡ്രിഡ് പരിശീലന ഗ്രൗണ്ടിൽ പരിശീലനം നടത്താന്‍ തുടങ്ങിയതോടെ താരത്തിന്‍റെ ക്ലബ്ബിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ട് ആരാധകര്‍. ഭാവി ക്ലബ്ബ് ഏതെന്ന തീരുമാനം റോണോ ഉടനെടുത്തേക്കും. ലോകകപ്പിന് തൊട്ടുമുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരിക്കെ ക്ലബ്ബിനെതിരെ അഭിമുഖത്തിൽ മോശം പരാമർശം നടത്തിയതിന് റൊണാൾഡോയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്.

ലോകകപ്പിൽ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെയാണ് പോർച്ചുഗൽ നിരയിൽ റൊണാൾഡോ കളിച്ചത്. ലോകകപ്പിന്‍റെ ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ റൊണാൾഡോ ഏറെക്കാലം തന്‍റെ ഹോം ഗ്രൗണ്ടായ സ്പെയിനിലെ മാഡ്രിഡിലേക്ക് എത്തുകയായിരുന്നു. പരിശീലനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റൊണാൾഡോ റയൽ മാഡ്രിഡിന്‍റെ പരിശീലന ഗ്രൗണ്ടിലാണ് ഇപ്പോൾ പരിശീലിക്കുന്നത്.

Latest Videos

undefined

അടുത്ത ക്ലബ്ബ് തീരുമാനമാകുന്നത് വരെ റൊണാൾഡോ സ്പെയിനിലെ മാഡ്രിഡിൽ തുടർന്നേക്കും. ശാരീരിക ക്ഷമത നിലനിർത്താൻ പരിശീലനത്തിന് അവസരം വേണമെന്ന റൊണാൾഡോയുടെ അഭ്യർത്ഥന റയൽ അംഗീകരിക്കുകയായിരുന്നു. റയലിന്‍റെ ഒന്നാം നമ്പർ ടീം പരിശീലനം നടത്തുന്നതിന് അകലെയായി ഒറ്റയ്ക്കാണ് റോണോയുടെ പരിശീലനം. ഒമ്പത് സീസണുകളിൽ റയലിൽ കളിച്ച റൊണാൾഡോ 2018ലാണ് ടീം വിട്ടത്. റയലിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളൊക്കെയുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്.

വിനീഷ്യസും ബെൻസേമയുമുള്ള ഒരു നിരയിലേക്ക് റോണോയെ 37ആം വയസിൽ റയൽ പരിഗണിക്കാൻ സാധ്യതയില്ല. പോർച്ചുഗലിനാകട്ടെ മാർച്ചിലാണ് ഇനി മത്സരമുള്ളത്. യൂറോ കപ്പ് യോഗ്യതാ മത്സരത്തിലാണ് ഇനി ടീം ഇറങ്ങുക. അതുവരെ ക്ലബ്ബില്ലാതെ തുടരാൻ റൊണാൾഡോ തയ്യാറാകില്ല. സൗദി ക്ലബ് അൽ നാസറിന്‍റെ വമ്പൻ ഓഫറുണ്ടെങ്കിലും ചാംപ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബുകളിലൊന്നോ പ്രധാനപ്പെട്ട ഏതെങ്കിലും ടീമോ ആയിരിക്കും റൊണാൾഡോയുടെ ലക്ഷ്യം. ഫ്രീഏജന്‍റായ റൊണാൾഡോ ജനുവരിയിലെ ട്രാൻസ്ഫർ ജാലകം കഴിയുന്നതിന് മുൻപെങ്കിലും തീരുമാനം എടുത്തേക്കും. 

നേരത്തെ റൊണാൾഡോ റയലിലേക്ക് മടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും കോച്ച് കാർലോ ആഞ്ചലോട്ടി താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിനിടെ ആഞ്ചലോട്ടിയെ ബ്രസീൽ ടീം പരിശീലകനാക്കാൻ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകള്‍ വരുന്നുണ്ട്. കരാറിലെത്തുമെങ്കിൽ ആറ് മാസംവരെ കാത്തിരിക്കാൻ തയ്യാറാണെന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്‍റെ അഭിപ്രായം. 

സാന്‍റോസിന് ഖേദിക്കാം! റോണോയെ ബെഞ്ചിലിരുത്തിയതിന് 'എട്ടിന്‍റെ പണി' വരുന്നു, ഇനി വേണ്ടത് ഒരേയൊരു 'യെസ്' മാത്രം

click me!