ബോട്ടിലാണോ വന്നതെന്ന് ബ്രൂണോയോട് ചോദിച്ചു! അതാണോ തെറ്റ്? വിവാദങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ

By Web Team  |  First Published Nov 21, 2022, 4:42 PM IST

ബ്രൂണോ, ക്രിസ്റ്റിയാനോയ്ക്ക് ഹസ്തദാനം ചെയ്യാന്‍ മടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോയിപ്പോള്‍.


ദോഹ: തനിക്കെതിരായ വിവാദങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെയും പരിശീലകന്‍ ടെന്‍ ഹാഗിനെതിരേയും പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു ക്രിസ്റ്റ്യാനോ. കോച്ചിനെ താന്‍ ബഹുമാനിക്കുന്നില്ലെന്നും മാഞ്ചസ്റ്ററില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും 38കാരന്‍ തുറന്നടിച്ചു. പിന്നാലെ പല മാഞ്ചസ്റ്റര്‍ താരങ്ങളും ക്രിസ്റ്റ്യാനോയില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെന്ന് അവരുടെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു.

ആ താരങ്ങളില്‍ ഒരാള്‍ പോര്‍ച്ചുഗീസ് താരം കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു. ബ്രൂണോ, ക്രിസ്റ്റിയാനോയ്ക്ക് ഹസ്തദാനം ചെയ്യാന്‍ മടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോയിപ്പോള്‍. ദോഹയില്‍ പോര്‍ച്ചുഗല്‍ പരിശീലനം നടത്തുന്ന അല്‍ ഷെഫാനിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വാര്‍ത്താമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റിയാനോ. 

Latest Videos

നിലപാട് കടുപ്പിച്ച് ഫിഫ; വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ടും വെയ്‍ല്‍സും

അദ്ദേഹം പറയുന്നതിങ്ങനെ... ''ബ്രൂണോയ്ക്ക് പോര്‍ച്ചുഗീസ് ടീമിനൊപ്പം എത്തിചേരാനുള്ള വിമാനം വൈകി. അപ്പോള്‍ തമാശയോടെ ഞാനദ്ദേഹത്തോട് ചോദിച്ചു, ബോട്ടിലാണോ വന്നതെന്ന്. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി തമാശയ്ക്ക് ചോദിച്ചതാണ്. മറ്റൊന്നും അവിടെ നടന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങളില്‍ പല കാര്യങ്ങളും വരുന്നുണ്ട്. ലോകകപ്പ് പോലുള്ള ഒരു വലിയ ഇവന്റ് നടക്കുമ്പോഴാണോ ഇത്തരം വാര്‍ത്തകള്‍ നല്‍കേണ്ടതെന്ന് നിങ്ങള്‍ ആലോചിക്കണം. 

മാധ്യങ്ങളില്‍ വരുന്ന ചില വാര്‍ത്തകള്‍ ശരിയാണ്. ചിലത് തെറ്റാണ്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും തനിക്കേല്‍ക്കില്ല. പുറത്തുനിന്നുള്ള ഒന്നുംതന്നെ തന്റെ ഉള്ളിലേക്ക് പ്രവേശിക്കില്ല. കാരണം ഞാന്‍ ബുള്ളറ്റ് പ്രൂഫാണ്. എനിക്ക് ചുറ്റും ഇരുമ്പിന്റെ കവചമുണ്ട്. വിമര്‍ശനങ്ങള്‍ എന്നെ തടയില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നുള്ളത് തന്നെ ബാധിക്കുകയില്ല.'' ക്രിസ്റ്റ്യാനോ വാര്‍ത്താസമ്മളേനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക. ഘാനയ്ക്ക് പുറമെ ദക്ഷിണ കൊറിയ, ഉറുഗ്വെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
 

click me!