മുപ്പത്തിയെട്ടാം വയസിൽ ലിയോണൽ മെസിയെ മറികടന്നാണ് റൊണാൾഡോയുടെ നേട്ടം
റിയാദ്: ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരമായി വീണ്ടും ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ലിയോണൽ മെസിയെ മറികടന്നാണ് റൊണാൾഡോ ഒന്നാംസ്ഥാനത്ത് എത്തിയത്. 2017ന് ശേഷം ആദ്യമായാണ് സിആർ7 പട്ടികയില്‍ ഒന്നാമനായി ഗിന്നസ് ലോക റെക്കോർഡിടുന്നത്.
യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ താരമൂല്യത്തിനും പണത്തിളക്കത്തിനും ഇളക്കം തട്ടിയിട്ടില്ല. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ ഫോർബ്സ് മാഗസിന്‍ പട്ടികയിൽ റൊണാൾഡോ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. 2017ന് ശേഷം ആദ്യമായും ആകെ മൂന്നാം തവണയുമാണ് റൊണാൾഡോ ഫോർബ്സിന്‍റെ പ്രതിഫല പട്ടികയിൽ ഒന്നാമനാവുന്നത്. മുപ്പത്തിയെട്ടാം വയസിൽ അർജന്‍റൈന്‍ സ്റ്റാർ ലിയോണൽ മെസിയെ മറികടന്നാണ് റൊണാൾഡോയുടെ നേട്ടം.
undefined
കളിക്കളത്തിനകത്തും പുറത്തുനിന്നുമായി 2023 മെയ് 12 വരെയുള്ള അവസാന പന്ത്രണ്ട് മാസത്തിൽ 136 മില്യൺ ഡോളറാണ് റൊണാൾഡോയുടെ വരുമാനം. സൗദി ക്ലബ് അൽ നസ്റിൽ നിന്ന് 46 മില്യണും പരസ്യങ്ങളിൽ നിന്ന് 90 മില്യൺ ഡോളറുമാണ് പോർച്ചുഗീസ് ഇതിഹാസമായ റൊണാൾഡോ സമ്പാദിച്ചത്. 130 മില്യൺ ഡോളറുമായി മെസി രണ്ടാം സ്ഥാനത്ത്. 120 മില്യൺ ഡോളർ നേടിയ പിഎസ്‍ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മൂന്നാം സ്ഥാനത്തെത്തി.
പ്രീ-സീസണിന്‍റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വൈകാതെ അൽ നസ്ർ ക്യാംപിലെത്തും. സെല്‍റ്റാ വിഗോ, പിഎസ്‍ജി, ഇന്‍റർ മിലാന്‍ ടീമുകളുമായി അൽ നസ്റിന് പ്രീ-സീസണ്‍ മത്സരങ്ങളുണ്ട്. അതേസമയം അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറിയ ലിയോണല്‍ മെസിയെ ഇന്‍റർ മയാമി ഇന്ന് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്ത്യന്‍ സമയം നാളെ പുലർച്ചെ അഞ്ചരയ്ക്കാണ് പരിപാടികൾ തുടങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം