ക്ലബ് മേൽവിലാസമില്ലാതെയാവും റൊണാൾഡോ ഖത്തർ ലോകകപ്പിൽ പന്തുതട്ടുക. വിശ്വ പോരാട്ടങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോള്‍ റൊണാൾഡോ ഇനി ഏത് ക്ലബിൽ കളിക്കുമെന്നുള്ള ചോദ്യമാണ് ഫുട്ബോള്‍ ലോകത്ത് നിറയുന്നത്
ദോഹ: ലോകകപ്പിൽ നാളെ ആദ്യ മത്സത്തിനിങ്ങും മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിടപറഞ്ഞിരിക്കുന്നത്. ഇനി ലോകകപ്പ് കഴിയുമ്പോള്‍ റൊണാൾഡോ ഏത് ക്ലബിൽ കളിക്കുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ വളര്‍ത്തി വലുതാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് രണ്ടാം വട്ടം പടിയിറങ്ങുന്നത്.
ഇതോടെ ക്ലബ് മേൽവിലാസമില്ലാതെയാവും റൊണാൾഡോ ഖത്തർ ലോകകപ്പിൽ പന്തുതട്ടുക. വിശ്വ പോരാട്ടങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോള്‍ റൊണാൾഡോ ഇനി ഏത് ക്ലബിൽ കളിക്കുമെന്നുള്ള ചോദ്യമാണ് ഫുട്ബോള്‍ ലോകത്ത് നിറയുന്നത്. നാൽപത് വയസുവരെ ഫുട്ബോളിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ സൂപ്പർതാരം വിരമിക്കില്ലെന്നുറപ്പാണ്. ആഴ്ചയിൽ നാലേമുക്കാൽ കോടിയിലേറെ രൂപ പ്രതിഫലം പറ്റുന്ന റൊണാൾഡോയെ സ്വന്തമാക്കുക മിക്ക ക്ലബുകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല.
നിലവിൽ സൗദി അറേബ്യൻ ക്ലബിന്‍റെ ഓഫർ മാത്രമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. ഇതാവട്ടേ പോർച്ചുഗീസ് ഇതിഹാസം നേരത്തേ നിരസിച്ചതാണ്. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയാണ് റൊണാൾഡോയുടെ പ്രതീക്ഷ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമ ടോഡ് ബോഹ്‍ലിക്ക് താൽപര്യമുണ്ടായിരുന്നു. അന്നത്തെ കോച്ച് തോമസ് ടുഷേലിന്റെ എതിർപ്പ് റോണോയുടെ ചെൽസിയിലേക്കുള്ള വഴിയടയ്ക്കുകയായിരുന്നു.
ലിയോണൽ മെസ്സി, കിലിയൻ എംബാപ്പേ, നെയ്മർ എന്നിവരുള്ള പി എസ് ജി റൊണാൾഡോയെ പരിഗണിക്കാനിടയില്ല. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഇന്‍റര്‍ മയാമി, പോർച്ചുഗീസ് ക്ലബ് സ്പോട്ടിംഗ് ലിസ്ബൺ എന്നിവയാണ് മറ്റ് സാധ്യതകൾ. നേരത്തേ ഇറ്റാലിയൻ ക്ലബ് നാപ്പോളി റൊണാൾഡോയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിഫലം കുറയ്ക്കാൻ റൊണാൾഡോ തയ്യാറാവാതിരുന്നതോടെ ഇറ്റാലിയൻ ക്ലബ് പിൻമാറുകയായിരുന്നു.
ആഘോഷത്തിലാറാടി സൗദി, വമ്പന്‍ പ്രഖ്യാപനവുമായി ലുലു; ചില്ലറ സമ്മാനം ഒന്നുമല്ല കൊടുക്കുന്നത്!