ക്രിസ്റ്റ്യാനോ ഡാ! മറക്കാന്‍ ആഗ്രഹിക്കുന്ന പ്രകടനത്തിനിടെയും റോണോയ്ക്ക് വന്‍ നേട്ടം; പുതിയ റെക്കോര്‍ഡ്

By Web Team  |  First Published Dec 3, 2022, 4:05 PM IST

മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, കൊറിയ ആദ്യ ഗോള്‍ നേടിയത് കോര്‍ണറിനിടെയുള്ള റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു. എന്നാല്‍, മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടെ താരം പേരിലെഴുതി.


ദോഹ: ലോകകപ്പില്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഏഷ്യന്‍ വീര്യവുമായി എത്തിയ കൊറിയ യൂറോപ്യന്‍ വമ്പന്മാരെ ഞെട്ടിച്ചത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ, കൊറിയ ആദ്യ ഗോള്‍ നേടിയത് കോര്‍ണറിനിടെയുള്ള റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു. എന്നാല്‍, മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടെ താരം പേരിലെഴുതി.

ലോകകപ്പുകളില്‍ ഗോളിലേക്ക് നൂറ് ഷോട്ടുകള്‍ പായിക്കുന്ന ആദ്യ താരമായാണ് ക്രിസ്റ്റ്യാനോ മാറിയത്. 1966 മുതലുള്ള കണക്കുകളിലാണ് ഗോള്‍ പരിശ്രമങ്ങളുടെ കാര്യത്തില്‍ റൊണാള്‍ഡോ മാന്ത്രിക സംഖ്യയാണ് 100ല്‍ എത്തിയത്. നേരത്തെ, അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഖത്തറിലെ ആദ്യ മത്സരത്തില്‍ തന്നെ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ദക്ഷിണ കൊറിയന്‍ താരം അപമാനിച്ചെന്ന് ആരോപിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് രംഗത്ത് വന്നു.

Latest Videos

undefined

മത്സരത്തിന്‍റെ 65-ാ ംമിനിറ്റില്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. ഇതില്‍ റൊണാള്‍ഡോ അതൃപ്തനായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാന്‍റോസ് വിശദീകരണവുമായി എത്തിയത്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലുള്ള എതിര്‍പ്പല്ല റൊണാള്‍ഡോ ഗ്രൗണ്ടില്‍ കാണിച്ചതെന്നും ദക്ഷിണ കൊറിന്‍ താരത്തോട് ദേഷ്യപ്പെട്ടതാണെന്നും സാന്‍റോസ് പറഞ്ഞു. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന് പിന്നാലെ റൊണാള്‍ഡോ ദേഷ്യത്തോടെ ഗ്രൗണ്ട് വിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഗ്രൗണ്ടില്‍ നിന്ന് പതുക്കെ നടന്നു നീങ്ങുന്നതിനിടെ റൊണാള്‍ഡോയോട് ദക്ഷിണ കൊറിയന്‍ താരം ചോ ഗ്യി സങ് വേഗം കയറിപ്പോവാന്‍ പറഞ്ഞതാണ് റോണോയെ ദേഷ്യം പിടിപ്പിച്ചത്. ദക്ഷിണ കൊറിന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. ചോയുടെ പെരുമാറ്റമാണ് റൊണാള്‍ഡോയെ ദേഷ്യം പിടിപ്പിച്ചതെന്നും അല്ലാതെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതതിലെ ദേഷ്യം പ്രകടിപ്പിച്ചതല്ലെന്നും സാന്‍റോസ് മത്സരശേഷം വ്യക്തമാക്കി.

ഏഷ്യന്‍ വീര്യം, ആഫ്രിക്കന്‍ കരുത്ത്, കാലിടറിയ വമ്പന്‍മാര്‍; ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത്

click me!