കോപ്പയില്‍ നാളെ കിക്കോഫ്, അര്‍ജന്‍റീനയുടെ എതിരാളികള്‍ കാനഡ; ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ല

By Web Team  |  First Published Jun 20, 2024, 10:15 AM IST

ലോകകപ്പിനപ്പുറവും മെസിക്ക് കോപ്പയുടെ തിളക്കം നൽകാനുള്ള പോരാട്ടത്തിനാണ് അർജന്‍റീന നാളെ തുടക്കമിടുന്നത്


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനും യൂറോ കപ്പിനും പുറമെ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് അമേരിക്കയില്‍ തുടക്കമാകും. അമേരിക്കയിലെ 14 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കാനഡയെ നേരിടും.

നാലു വര്‍ഷം മുമ്പ് ലിയോണൽ മെസിയെന്ന ഇതിഹാസത്തെ പൂർണതയിലേക്ക് നയിച്ചത് കോപ്പയിലെ കിരീടധാരണമായിരുന്നു. ക്ലബ്ബ് തലത്തില്‍ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യാന്തര കിരീടമില്ലെന്ന പാപക്കറ മൂന്നുവർഷം മുൻപ് മാരക്കാനയിൽ ബ്രസീലിനെ വീഴ്ത്തി നേടിയ കോപ്പ അമേരിക്കയോടെ മെസി കഴുകി കളഞ്ഞു. കോപ്പ നിറച്ച ഭാഗ്യംപോലെ പിന്നാലെ ഫൈനിസിമയിലും ലോകകപ്പിലും മെസിയും അര്‍ജന്‍റീനയും മുത്തമിട്ടു.

Latest Videos

undefined

കാരണം അവ്യക്തം; ഇന്ത്യയിലെ ബാഴ്സലോണ ഫുട്ബോള്‍ അക്കാദമികൾ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ലോകകപ്പിനപ്പുറവും മെസിക്ക് കോപ്പയുടെ തിളക്കം നൽകാനുള്ള പോരാട്ടത്തിനാണ് അർജന്‍റീന നാളെ തുടക്കമിടുന്നത്. ഫിഫ റാങ്കിംഗിൽ നാൽപ്പത്തിയൊൻപതാം സ്ഥാനത്തുള്ള കാനഡയാണ് എതിരാളികള്‍. 2022ലെ ഖത്തര്‍ ലോകകപ്പിന് ശേഷമുളള പതിനാല് കളിയിൽ ഒരേയൊരു തോല്‍വി മാത്രമാണ് അര്‍ജന്‍റീന നേരിട്ടത്. പതിമൂന്നിലും ജയിച്ച അ‍‍ർജന്‍റീനയെ പിടിച്ചുകെട്ടുക കാനഡയ്ക്ക് ഹിമാലയൻ വെല്ലുവിളിയാകും. കോപ്പയിൽ അതിഥികളായി ആദ്യ പോരിനിറങ്ങുന്ന കാനഡ, ഒറ്റത്തവണയേ ഇതിന് മുൻപ് അ‍ർജന്‍റീനയ്ക്ക് മുന്നിൽ ഇറങ്ങിയിട്ടുള്ളൂ. 2010ലെ സൗഹൃദമത്സത്തിൽ അർജന്‍റീന നേടിയത് അഞ്ചുഗോൾ ജയം.

ബയേൺ മ്യുണിക്കിന്‍റെ അൽഫോൻസോ ഡേവിസും പോർട്ടോയുടെ സ്റ്റീഫൻ യുസ്റ്റകിയോയും ലിലിയുടെ ജൊനാഥൻ ഡേവിഡുമാണ് കനേഡിയൻ നിരയിൽ നാലാളറിയുന്നതാരങ്ങൾ. അ‍‍ർജന്‍റൈൻ കോച്ച് ലിയോണൽ സ്കലോണിക്ക് സെറ്റായ ടീമിൽ ആശങ്കകൾ ഒന്നുമില്ല. അവസാന പരിശീലന സെഷനിൽ 4-4-2 ഫോർമേഷനിൽ താരങ്ങളെ വിന്യസിച്ച സ്കലോണി അന്തിമ ഇലവൻ ഏറക്കുറെ നിശ്ചയിച്ച് കഴിഞ്ഞു. ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനസ്. പ്രതിരോധത്തിൽ നഹ്വേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാൻഡ്രോ മാർട്ടിനസ്, അല്ലെങ്കിൽ നിക്കോളാസ് ഒട്ടമെൻഡി.

അഫ്ഗാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിർണായക മാറ്റം, സൂചന നല്‍കി ദ്രാവിഡ്; പക്ഷെ സഞ്ജുവിന് പ്രതീക്ഷ വേണ്ട

മധ്യനിരയൽ ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം അലക്സിസ് മക് അലിസറ്ററിനോ എൻസോ ഫെർണാണ്ടസിനോ അവസരം കിട്ടും. മുന്നേറ്റത്തിൽ മെസിക്കൊപ്പം ഇടംപിടിക്കാൻ മത്സരിക്കുന്നത് ജൂലിയൻ അൽവാരസും ലൗതാറോ മാർട്ടിനസും.

ഇന്ത്യൻ ആരാധകര്‍ക്ക് നിരാശ

മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച്  ഇതുവരെ തീരുമാനകാത്തത് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വരാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!