റഫീഞ്ഞയുടെ മഴവില്ലിന് മുന്യോസിന്‍റെ മിന്നലടി മറുപടി; കോപ്പയില്‍ ബ്രസീലിന് കുടുക്ക്, ക്വാര്‍ട്ടര്‍ കടുക്കും

By Web Team  |  First Published Jul 3, 2024, 8:32 AM IST

ഇനി ബ്രസീലിന് ഉറക്കം പോകുന്ന ദിനങ്ങള്‍, ക്വാര്‍ട്ടര്‍ പോരാട്ടം കടുക്കും, വിനീഷ്യസ് കളിക്കുകയുമില്ല


കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയക്കെതിരെ സമനിലയില്‍ കുടുങ്ങി ബ്രസീല്‍. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടാംസ്ഥാനത്തായ ബ്രസീലിന് ക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള ഉറുഗ്വെയാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ നേരിടും. മഞ്ഞക്കാര്‍ഡ് കണ്ട ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ക്വാര്‍ട്ടര്‍ നഷ്‌ടമാകും. 

ഗ്രൂപ്പ് ഡിയില്‍ കൊളംബിയക്കെതിരെ ജയം നേടാനുറച്ചാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. വലത് വിങ്ങിലേക്ക് മടങ്ങിയെത്തിയ റഫീഞ്ഞ 12-ാം മിനുറ്റില്‍ കാനറികള്‍ക്ക് ലീഡ് നല്‍കി. ബോക്‌സിന് പുറത്ത് നിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്കില്‍ റഫീഞ്ഞയുടെ ഇടംകാല്‍ നേരിട്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 19-ാം മിനുറ്റില്‍ ജയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറില്‍ സാഞ്ചസ് കൊളംബിയക്കായി ലക്ഷ്യംകണ്ടെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് ഫ്ലാഗുയര്‍ന്നു. എന്നാല്‍ ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറിടൈമില്‍ ബുള്ളറ്റ് ഫിനിഷിംഗിലൂടെ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് കൊളംബിയക്ക് തുല്യത നല്‍കി. ബോക്‌സിന് പുറത്തുനിന്ന് കൊര്‍ഡോബ അളന്നുമുറിച്ച് നല്‍കിയ പന്തില്‍ സ്ലൈഡിംഗ് ഫിനിഷുമായി മുനോസ് വലചലിപ്പിക്കുകയായിരുന്നു. ഇതോടെ ഗോള്‍നില 1-1ഓടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

Latest Videos

undefined

രണ്ടാംപകുതിയുടെ 59-ാം മിനുറ്റില്‍ റഫീഞ്ഞ ഫ്രീകിക്ക് പാഴാക്കിയത് വീണ്ടും ലീഡ് നേടാനുള്ള ബ്രസീല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പന്ത് വലത് മൂലയിലേക്ക് വളച്ചിറക്കാനുള്ള റഫീഞ്ഞയുടെ മോഹം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പാളുകയായിരുന്നു. ഇതിനിടെ ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷനുകള്‍ വരുത്തി. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്‍ ബ്രസീല്‍ പിന്നില്‍തന്നെ തുടര്‍ന്നു. അതേസമയം ഫിനിഷിംഗിലെ നേരിയ പിഴവുകളാണ് കൊളംബിയക്ക് ജയം സമ്മാനിക്കാതിരുന്നത്. അവസാന സെക്കന്‍ഡുകളില്‍ ബ്രസീലിന്‍റെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോവുകയും ചെയ്തു.  

Read more: യൂറോ: റുമാനിയയെ വീഴ്ത്തി നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറില്‍, ജയം മൂന്ന് ഗോളിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!