ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ഫുട്ബോള്‍ പ്രേമികളുടെ വിശ്വാസം
മാരക്കാന: ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന ഫൈനലില്‍ കോപ്പ അമേരിക്ക ചാമ്പ്യൻമാരെ നാളെ അറിയാം. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീൽ ഫൈനലിൽ നാളെ പുലർച്ചെ അഞ്ചരയ്‌ക്ക് ചിരവൈരികളായ അർജൻറീനയെ നേരിടും. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ആരാധകപ്പോരിലും തീപാറിക്കും.
സാധ്യതാ സ്റ്റാര്‍ട്ടിംഗ് ഇലവന്‍
ഇക്കുറി കോപ്പ ആര് നേടുമെന്ന ചോദ്യം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. കിരീടം നിലനിർത്താൻ നെയ്മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടത്തിനായി മെസിയുടെ അർജൻറീന കൊതിക്കുന്നു. നെയ്‌മറെ അധികം ആശ്രയിക്കാതെയാണ് കോച്ച് ടിറ്റെയുടെ തന്ത്രങ്ങൾ. ക്വാർട്ടറിലും സെമിയിലും ലൂകാസ് പക്വേറ്റയായിരുന്നു ഗോള്‍ സ്‌കോറർ. കലാശപ്പോരില്‍ ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഓരോ കളിയിലും വ്യത്യസ്‌ത നായകൻമാരെ പരീക്ഷിക്കുന്ന ടിറ്റെ ഫൈനലിൽ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് സീനിയർ താരം തിയാഗോ സിൽവയെയാണ്.
അർജൻറൈൻ നിരയിലാവട്ടേ കോച്ച് ലിയണൽ സ്‌കലോണിയുടെ അടവുകളെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും മെസിയുടെ ഇടങ്കാലിലൂന്നിയാണ്. ഫൈനലിൽ ഏതൊക്കെ താരങ്ങളെ കളിപ്പിക്കുമെന്ന കാര്യത്തിൽ സ്‌കലോണി ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. മെസിക്കൊപ്പം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ ഡി പോൾ, ഗുയ്ഡോ റോഡ്രിഗസ്, ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പിച്ച താരങ്ങൾ.
കലാശപ്പോരിന് അധികസമയം
നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നിശ്ചിതസമയം സമനിലയിൽ അവസാനിച്ചാൽ അധികസമയം അനുവദിക്കും. അപ്പോഴും ഒപ്പത്തിനൊപ്പമെങ്കിൽ ജേതാക്കളെ ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കും. സൗന്ദര്യ ഫുട്ബോളിൻറെ നാട്ടുകാരാണെങ്കിലും പ്രായോഗികതയുടെ വക്താക്കളാണ് ടിറ്റെയും സ്‌കലോണിയും. ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ഫുട്ബോള്‍ പ്രേമികളുടെ വിശ്വാസം.
നേര്‍ക്കുനേര്‍ കണക്ക്
അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയ 111 മത്സരങ്ങളില്‍ 40 കളിയില്‍ അർജന്റീനയും 46 കളികളില്‍ ബ്രസീലും വിജയിച്ചു. 25 കളികൾക്ക് സമനിലയില്‍ അവസാനിക്കാനായിരുന്നു വിധി. ഏറ്റവുമൊടുവിൽ 2019 നവംബർ 19ന് മുഖാമുഖമെത്തിയപ്പോള്‍ അർജന്റീന 1-0ന് വിജയിച്ചു. സൂപ്പര്‍താരം ലിയോണല്‍ മെസിയാണ് ഗോൾ നേടിയത്. അതിന് മുൻപ് കോപ്പ സെമിയിലാണ് അര്‍ജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അന്ന് 2-0ന് ജയം ബ്രസീലിനൊപ്പം നിന്നു.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കോപ്പ അമേരിക്ക: പെറുവിനെ വീഴ്‌ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona