ലാറ്റിനമേരിക്കന്‍ കൊടുങ്കാറ്റിന് മാരക്കാനയും? കോപ്പ അമേരിക്ക വേദികളുടെ സാധ്യതകളിങ്ങനെ

By Web Team  |  First Published Jun 3, 2021, 10:11 AM IST

കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ മാസം 13ന് തുടങ്ങേണ്ട കോപ്പ അമേരിക്ക അർജന്റീനയിൽ നിന്ന് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റിയത്. 


റിയോ ഡി ജനീറോ: ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ നടക്കുക ബ്രസീലിലെ നാല് വേദികളിൽ. പ്രമുഖ ഫുട്ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് സാഹചര്യത്തില്‍ അര്‍ജന്‍റീനയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് ബ്രസീലിലേക്ക് മാറ്റിയത്. ബ്രസീലായിരുന്നു 2019ലെ ടൂര്‍ണമെന്‍റിന് വേദിയായതും. 

കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഈ മാസം 13ന് തുടങ്ങേണ്ട കോപ്പ അമേരിക്ക അർജന്റീനയിൽ നിന്ന് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റിയത്. ബ്രസീലിലും സമാന സാഹചര്യം ഉള്ളതിനാൽ പ്രതിപക്ഷ പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നെങ്കിലും കോപ്പ അമേരിക്കയുമായി മുന്നോട്ടുപോകാനാണ് പ്രസിഡന്റ് ജയിൽ ബോൽസനാരോയുടെ തീരുമാനം. 

Latest Videos

undefined

കൊവിഡ് വ്യാപനം കുറവുള്ള ബ്രസീലിയ, റിയോ ഡി ജനീറോ, മാതു ഗ്രോസു, ഗോയയിസ് എന്നീ നഗരങ്ങളാണ് ഇത്തവണത്തെ കോപ്പയ്‌ക്ക് വേദിയായി ബ്രസീൽ നിശ്ചയിച്ചിരിക്കുന്നത്. സാഹചര്യം അനുവദിക്കുമെങ്കിൽ മറ്റൊരു നഗരത്തിൽക്കൂടി മത്സരം നടത്തും. റിയോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ഉദ്ഘാടനവും ബ്രസീലിയയിലെ മാനെ ഗരിഞ്ച സ്റ്റേഡിയത്തിൽ ഫൈനലും നടത്താനാണ് ശ്രമം. ജൂലൈ പത്തിനായിരിക്കും ഫൈനൽ. 

കിക്കോഫിന് മുൻപ് എല്ലാ താരങ്ങളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് കോൺമെബോൾ അറിയിച്ചു. ഇതേസമയം, കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ തെരഞ്ഞെടുത്തതിൽ അർജന്റൈൻ താരം സെര്‍ജിയോ അഗ്യൂറോ അതൃപ്തി അറിയിച്ചു. അർജന്റീനയിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഉചിതമാണെങ്കിലും കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലത്തേക്കായിരുന്നു ടൂർണമെന്റ് മാറ്റേണ്ടിയിരുന്നതെന്ന് അഗ്യൂറോ പറഞ്ഞു.

ടൂര്‍ണമെന്‍റ് കൊളംബിയയും അര്‍ജന്റീനയും സംയുക്തമായി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നടത്താനാവില്ലെന്ന് കൊളംബിയ അറിയിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അര്‍ജന്‍റീനയില്‍ നിന്നും ടൂര്‍ണമെന്‍റ് മാറ്റാന്‍ തീരുമാനിച്ചു. പിന്നീട് അമേരിക്ക, പരാഗ്വെ, ചിലെ എന്നീ രാജ്യങ്ങളെ വേദിയായി പരിഗണിച്ചെങ്കിലും ബ്രസീലിന് നറുക്ക് വീഴുകയായിരുന്നു. ബ്രസീലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 

ദക്ഷിണ അമേരിക്കയിലെ 10 രാജ്യങ്ങള്‍ മാറ്റുരയ്‌ക്കുന്ന കോപ്പ അമേരിക്കയില്‍ ലോക ഫുട്‌ബോളിലെ ഒരുപിടി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അര്‍ജന്‍റീനയുടെ ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, ബ്രസീലിന്‍റെ നെയ്‌മര്‍, ഉറുഗ്വൊയുടെ ലൂയി സുവാരസ്, എഡിസണ്‍ കവാനി എന്നിവര്‍ ഈ പട്ടികയിലുണ്ട്. ഗ്രൂപ്പ് എയില്‍ ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല ടീമുകളും ഗ്രൂപ്പ് ബിയില്‍ അര്‍ജന്‍റീന, ബൊളീവിയ. ചിലെ, പരാഗ്വെ, ഉറുഗ്വൊ ടീമുകളുമാണുള്ളത്. 

കോപ അമേരിക്ക വേദിയുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനം; ബ്രസീല്‍ വീണ്ടും ആതിഥേയരാകും

യൂറോ സൗഹൃദ മത്സരങ്ങള്‍: ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം, ജർമനിക്കും നെതർലൻഡ്സിനും തിരിച്ചടി

'റയല്‍ മാഡ്രിഡില്‍ നിന്ന് പിന്തുണ ലഭിച്ചില്ല'; പരിശീലകസ്ഥാനം ഒഴിയാനുണ്ടായ കാരണം വ്യക്തമാക്കി സിദാന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!