ലൂയിസ് ഡയസിന്റെ പിതാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

By Web Team  |  First Published Nov 12, 2023, 2:00 PM IST

മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളാണ് ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി കൊളംബിയന്‍ നാഷണല്‍ പൊലീസ്


ബാരന്‍കാസ്: ലിവർപൂളിന്റെ കൊളംബിയന്‍ ഫുട്ബോള്‍ താരം ലൂയിസ് ഡയസിന്റെ പിതാവിനെ തട്ടിക്കൊണ്ട് പോയതിന് നാല് പേർ അറസ്റ്റിൽ. രണ്ട് ആഴ്ചയോളം ബന്ദിയാക്കപ്പെട്ട ലൂയിസ് മാനുവല്‍ ഡയസിനെ വ്യാഴാഴ്ചയാണ് വിട്ടയച്ചത്. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളാണ് ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി കൊളംബിയന്‍ നാഷണല്‍ പൊലീസ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വിശദമാക്കി.

വടക്കന്‍ കൊളംബിയയിലെ ബരന്‍കാസിലെ വീട്ടില്‍ നിന്ന് ഒക്ടോബര്‍ 28നാണ് ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ നാഷണൽ ലിബറേഷൻ ആർമി അംഗങ്ങൾ തോക്കിന്‍ മുനയിൽ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ഞായറാഴ്ച പ്രീമിയർ ലീഗ് മത്സരത്തില്‍ ലൂടണെതിരായ ഗോള്‍ നേട്ടത്തിന് പിന്നാലെ പിതാവിനെ വിട്ടയ്ക്കണം എന്ന ആവശ്യമുള്ള ടീ ഷര്‍ട്ട് ലൂയിസ് ഡയസ് കാണികള്‍ക്ക് മുന്നില്‍ കാണിച്ചത് വലിയ ചര്‍ച്ചയായിരുന്നു. തട്ടിക്കൊണ്ട് പോയത് ഒരു തെറ്റായിരുന്നുവെന്ന് വിശദമാക്കിക്കൊണ്ടാണ് സമാധാന ചർച്ചകള്‍ക്കെത്തിയ സർക്കാർ പ്രതിനിധികള്‍ക്ക് ലൂയിസ് ഡയസിന്റെ പിതാവിനെ വിട്ടുനൽകിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പച്ച നിറത്തിലുള്ള ടീ ഷർട്ടും ബേസ്ബോള്‍ തൊപ്പിയും ധരിച്ച് ലൂയിസ് മാനുവല്‍ ഡയസ് നാട്ടിലേക്ക് തിരികെ എത്തിയത്.

Latest Videos

undefined

വിവരമറിഞ്ഞ് വീട്ടിലേക്ക് എത്തിയ അയൽക്കാരോടും ഗ്രാമവാസികളോടും വൈകാരികമായാണ് അദ്ദേഹം സംസാരിച്ചത്. രണ്ടാം അവസരം തന്ന ദൈവത്തിനും വലിയ രീതിയില്‍ പിന്തുണ നൽകിയ നാട്ടുകാർക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചത്. തീവ്രസ്വഭാവമുള്ള ഗറില്ലാ പോരാളികളില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ട് പോവുന്നതിനിടെ അമ്മ സിലെനിസ് മരുലാന്‍ഡയെ പൊലീസ് ഇടപെടൽ മൂലം രക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കിലും ലൂയിസിന്റെ അച്ഛനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!