അരികിലെത്തിയിട്ടും, ആ സ്വപ്‌നം മാത്രം ശേഷിക്കുന്നു! ഛേത്രി ബൂട്ടഴിക്കുന്നത് യൂറോപ്യന്‍ മോഹം ബാക്കിയാക്കി

By Web Team  |  First Published May 22, 2024, 9:57 PM IST

യൂറോപ്പില്‍ കളിക്കുക എന്നതായിരുന്നു ഛേത്രിയുടെ എക്കാലത്തെയും ലക്ഷ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേര്‍സ് ഛേത്രിയുമായി കരാറില്‍ എത്താന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


കാന്‍ ഫെസ്റ്റിവലിലോ മറ്റോ വാനപ്രസ്ഥം പ്രദര്‍ശിപ്പിച്ചതിന് ശേഷം ഒരു വിഖ്യാത സംവിധായകന്‍ മോഹന്‍ലാലിനെ പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നത്രെ. 'ആ മനുഷ്യന്‍ ലോകത്തിന്റെ തെറ്റായ ഭാഗത്താണ് ജനിച്ചത്'. ഇന്ത്യാ റ്റുഡേ മാഗസിന്റെ പഴയ ഒരു ലക്കത്തില്‍ ഐ എം വിജയനെയും ബ്രസീലിന്റെ വിഖ്യാത ഫുട്ബോളര്‍ റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് ഒരു ലേഖനം വന്നത് ഓര്‍ത്തു പോകുന്നു. ഡ്രിബ്ലിളിംഗിലും പാസിംഗ് ആക്യുറസിയിലും ഹൈ ബോളുകളിലും റൊണാള്‍ഡോയ്ക്ക് സമാനനായിരുന്നു ഐ എം വിജയന്‍. പക്ഷേ അദ്ദേഹത്തിന് സ്റ്റാമിന കുറവായിരുന്നു. അതൊരുപക്ഷേ ലോകത്തിന്റെ തെറ്റായ ഭാഗത്ത് ജനിച്ചു പോയത് കൊണ്ടാവണം.

ക്രിക്കറ്റിനെ ഒരു മതമായും ക്രിക്കറ്റ് കളിക്കാരെ ദൈവങ്ങളായും കണക്കാക്കുന്ന ഒരു ദേശത്താണ് സുനില്‍ ഛേത്രി ജനിക്കുന്നത്. എക്കാലവും ഫിഫ റാങ്കിങ്ങില്‍ നൂറിനും 130നും ഇടയില്‍ കറങ്ങി കൊണ്ടിരുന്ന, ഏഷ്യന്‍ ലെവലില്‍ പോലും എടുത്തു പറയാന്‍ തക്ക നേട്ടങ്ങള്‍ ഇല്ലാത്ത ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് ഫുട്ബോള്‍ പ്രൊഫഷന്‍ ആയി സ്വീകരിക്കും മുന്‍പ് പല വട്ടം ആലോചിക്കേണ്ടി വരും. പക്ഷേ ഛേത്രി സ്വീകരിച്ച വഴി കാല്‍പ്പന്തു കളിയുടേതാണ്. ദേശീയ ജേഴ്സിയില്‍ പതിനെട്ടു വര്‍ഷത്തോളം നീളുന്ന കരിയര്‍ അവസാനിപ്പിച്ച് ആ മനുഷ്യന്‍ ആ മനുഷ്യന്‍ മടങ്ങുന്നത് പക്ഷേ ഒന്നുറപ്പിച്ചാണ്.

Latest Videos

undefined

ഇന്ത്യന്‍ ടീം പന്ത് തട്ടാന്‍ ഇറങ്ങുമ്പോള്‍, ആ തുകല്‍ പന്ത് കാലുകളില്‍ നിന്ന് കാലുകളിലേക്ക് സഞ്ചരിക്കുമ്പോള്‍, നൂറു കോടി ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങളും സ്നേഹവും അതോടൊപ്പം സഞ്ചരിക്കുന്നുണ്ട് എന്നതാണത്. ഛേത്രി അടിമുടി ഒരു പ്രൊഫഷണല്‍ ഫുട്ബോളര്‍ ആയിരുന്നു. അയാളുടെ മുന്‍ഗാമികളില്‍ പലര്‍ക്കും അന്യമായിരുന്നതും ഇതേ പ്രൊഫഷണിലിസം തന്നെ. തന്റെ കരിയറിന്റെ ഏറ്റവും പീക്കില്‍ ഐ എം വിജയന് ഇന്ത്യയ്ക്ക് പുറത്ത് കളിക്കാന്‍ പറ്റിയത് ഒരു ബംഗ്ലാദേശി ഫുട്ബോള്‍ ടീമിന് വേണ്ടി മാത്രമാണ്. ബെറിയിലും പില്‍ക്കാലത്ത് മലേഷ്യന്‍ ലീഗിലും കളിച്ചിരുന്ന ബൂട്ടിയ കുറച്ചു കൂടി പ്രൊഫഷണല്‍ ആയിരുന്നു.

യൂറോപ്പില്‍ കളിക്കുക എന്നതായിരുന്നു ഛേത്രിയുടെ എക്കാലത്തെയും ലക്ഷ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആയ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേര്‍സ് ഛേത്രിയുമായി കരാറില്‍ എത്താന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ റാങ്കിങ് ആയിരുന്നു അന്ന് ഛേത്രിയുമായി ഒരു വര്‍ക്ക് കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ പ്രീമിയര്‍ ലീഗ് ക്‌ളബ്ബിന് തടസം. പ്രീമിയര്‍ ലീഗ് മോഹം നടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തിന് പില്‍ക്കാലത്തും കുറവൊന്നുമുണ്ടായില്ല. ബംഗളൂരു എഫ് സി യിലെ ഇന്ത്യയിലെ ആദ്യത്തെ യഥാര്‍ത്ഥ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമാക്കി മാറ്റുമ്പോള്‍, അതിനു പിറകില്‍ ചേത്രിയുടെ ശ്രമങ്ങളും ഉണ്ടായിരുന്നു.

എന്ത് കൊണ്ട് ഛേത്രി എന്നൊരു ചോദ്യം ഉണ്ട്. പ്രായം വേഗതയെ ബാധിച്ചു തുടങ്ങി എങ്കിലും ഇഗ്മാര്‍ സ്റ്റിമാച്ചിന് ഛേത്രി എന്ന പേര് തന്നെ ഒന്നാമത്തെ ഓപ്ഷന്‍ ആവുന്നത് എന്ത് കൊണ്ടായിരിക്കും? ഉത്തരം ലളിതമാണ്. അയാള്‍ പന്ത് തട്ടുന്നത് ഹൃദയം കൊണ്ടാണ്. അയാള്‍ ആ തുകല്‍ പന്തിനെ സ്പര്‍ശിക്കുന്നത് അത്ര മേല്‍ സ്നേഹത്തോടെയാണ്. അയാള്‍ക്ക് ശേഷം വന്ന ജെ ജെ യ്ക്കോ റോബിന്‍ സിംഗിനോ ഒന്നും അയാളെ പോലൊരു ക്ലിനിക്കല്‍ ഫിനിഷര്‍ ആവാന്‍ സാധിക്കാത്തതും കളിക്കളത്തിലെ ഈ സമീപനത്തിലുള്ള വ്യത്യാസം കൊണ്ട് തന്നെ ആവണം.ഛേത്രി ഒരു ടോട്ടല്‍ ഫുട്ബോളര്‍ ആയിരുന്നു. യോഹാന്‍ ക്രൈഫിന് സമം. മൈതാനത്തിന്റെ ഓരോ മുക്കിലും മൂലയിലും അയാള്‍ എത്തും.

പാളിപ്പോകുന്ന ഡിഫെന്‍സിന് കരുത്തേകാന്‍, മധ്യ നിരയില്‍ നിന്ന് കളി മെനയാന്‍, ബോക്സിനുള്ളിലേക്ക് പറന്നിറങ്ങുന്ന സെറ്റ് പീസുകളില്‍ തല വെച്ച് ബോളിനെ വലയുടെ മൂലയിലേക്ക് തിരിച്ചു വിടാന്‍ എന്തിനും ഏതിനും ഇക്കാലമത്രയും ആ മനുഷ്യന്‍ ഉണ്ടായിരുന്നു. കാണികള്‍ എന്നോ കൈവിട്ട ഇന്ത്യന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെ തിരിച്ചു കൊണ്ട് വരാന്‍ അയാളുടെ ഒരൊറ്റ വിളിക്ക് സാധിച്ചിരുന്നു.

ചാപ്മാനും രാമന്‍ വിജയനും ഐ എം വിജയനും ബ്രൂണോ കുടീഞ്ഞോയും ജോപോളും ആകാശവാണിയിലെ കമന്ററികളും കടന്ന് കളര്‍ ടി വി യിലെ കളി കാണലിലേക്കും ഛേത്രിയിലേക്കും ഇന്ത്യന്‍ ഫുട്ബോള്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിയുന്നു. കണക്കുകള്‍ കൊണ്ട് മാത്രം വിലയിരുത്തപ്പെടേണ്ട ഒന്നല്ല കാല്‍പ്പന്ത് കളി എന്ന ബോധ്യവുമുണ്ട്. എല്ലാ കണക്കുകളും മാറ്റി നിര്‍ത്തിയാലും ചേത്രി ബാക്കിയാക്കുന്ന ചിലതുണ്ട്. അതില്‍ പ്രധാനം ഒന്നുമില്ലായ്മയില്‍ നിന്നും ജയം നേടേണ്ടുന്നതെങ്ങനെ എന്ന പാഠങ്ങള്‍ ആണ്. നന്ദി ഛേത്രി, ഒരു ശരാശരി ടീമിനെ ജയിക്കാന്‍ ശീലിപ്പിച്ചതിന്, ഇന്ത്യന്‍ കളി മൈതാനങ്ങളില്‍ കാണികളെ തിരികെ എത്തിച്ചതിന്, എന്നെങ്കിലും ഒരിക്കല്‍ നമ്മളും ലോകകപ്പ് കളിക്കും എന്ന സ്വപ്നം കൊഴിഞ്ഞു പോകാതെ കാണാന്‍ പഠിപ്പിച്ചതിന്.

click me!