'യുവതാരമായി വന്നു, ബ്ലാസ്റ്റേഴ്സ് ഐക്കണായി പോകുന്നു'; സഹല്‍ അബ്ദുള്‍ സമദിനെ വാഴ്ത്തി ഐഎസ്എല്‍

By Web Team  |  First Published Jul 14, 2023, 3:21 PM IST

രാജ്യത്തെ മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തിയത്


കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും സഹല്‍ അബ്ദുള്‍ സമദും വഴിപിരിഞ്ഞതിന്‍റെ ഞെട്ടലിലാണ് മലയാളി ഫുട്ബോള്‍ ആരാധകർ. സഹല്‍ ക്ലബ് വിടുന്നതായി ബ്ലാസ്റ്റേഴ്സ് അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി മഞ്ഞപ്പട ആരാധകരാണ് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം ഐഎസ്എല്ലിന്‍റെ ഒഫീഷ്യല്‍ ഹാന്‍ഡിലില്‍ നിന്നുള്ളതായിരുന്നു. 'യുവതാരമായി വന്നു, കെബിഎഫ്‍സി ഐക്കണായി സഹല്‍ പോകുന്നു' എന്നായിരുന്നു ഇന്ത്യന്‍ സൂപ്പർ ലീഗ് അധികൃതരുടെ കമന്‍റ്. ബ്ലാസ്റ്റേഴ്സില്‍ സഹല്‍ ആരായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ഏറ്റവും ഉചിതമായ വാക്കുകളായി ഇത്. 

രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി മാറിയ സഹല്‍ അബ്ദുള്‍ സമദ് 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലെത്തിയത്. ഇന്ത്യന്‍ ഓസില്‍ എന്നാണ് സഹലിന്‍റെ വിളിപ്പേര്. ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് സഹലിന്‍റെ നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ കുപ്പായത്തില്‍ തിളങ്ങിയതോടെ സഹലിനെ സ്വന്തമാക്കാന്‍ പല ക്ലബുകളും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഒടുവില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് സ്വന്തമാക്കുകയായിരുന്നു. സഹലിന്‍റെ ട്രാൻസ്ഫർ ഫീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും. താരത്തിന്‍റെ പ്രതിഫലം എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. 

Latest Videos

undefined

സഹലിന് പകരം മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സില്‍ നിന്ന് പരിചയസമ്പന്നനായ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സ് പാളയത്തില്‍ എത്തിച്ചിട്ടുണ്ട്. പ്രീതം കോട്ടാലിനൊപ്പം മുംബൈ സിറ്റി എഫ്സി താരമായ നാവോച്ച സിംഗിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രതിരോധ താരമായ നാവോച്ചയുടെ വരവും ബ്ലാസ്റ്റേഴ്സ് കോട്ട ശക്തിപ്പെടുത്തുമെന്നാണ് ക്ലബിന്‍റെ പ്രതീക്ഷ. വായ്പാടിസ്ഥാനത്തിലാണ് നാവോച്ച സിംഗ് മുംബൈ സിറ്റിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹലിന് പുറമെ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലും ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ട് കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാള്‍ എഫ്സിയിലേക്കാണ് പ്രഭ്സുഖന്‍ ഗില്‍ പോയത്.

Read more: സഹലിന് ഒരായിരം നന്ദി, കലൂരില്‍ പുലിയിറങ്ങിയിരിക്കുന്നു; പുതിയ താരത്തിന്‍റെ വരവ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!