ജീവിക്കാന്‍ ഐസ്ക്രീം കച്ചവടം, തോക്കിന്‍ മുനയില്‍ നിന്ന് രക്ഷപ്പെടല്‍; സിനിമാകഥ പോലെ റിച്ചാര്‍ലിസന്‍റെ ജീവിതം

By Gopala krishnan  |  First Published Nov 25, 2022, 2:11 PM IST

ഒരിക്കല്‍ തെരുവില്‍ പന്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍ എത്തിയ ഒരു മയക്കുമരുന്ന് കച്ചവടക്കക്കാരന്‍ എന്‍റെ തലക്കുനേരെ തോക്ക് ചൂണ്ടി. അയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച കുട്ടികളിലൊരാളാണ് ഞാനെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്.


ദോഹ: ലോകകപ്പ് ഫുട്ബോളില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഇരട്ടഗോളോടെ ബ്രസീലിന്‍റെ താരമായത് റിച്ചാര്‍ലിസണ്‍ എന്ന 25കാരനായിരുന്നു. സെര്‍ബിയക്കെതിരെ റിച്ചാര്‍ലിസണ്‍ നേടിയ രണ്ടാം ഗോള്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇപ്പോഴെ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഇതിഹാസ താരങ്ങള്‍ ഒരുപാടുള്ള ബ്രസീലില്‍ നിന്ന് ഒരു താരമാകാന്‍ തന്നെ പാടാണ്. നെയ്മറുടെ നിഴലില്‍ നിന്ന് പുറത്തുകടന്ന് സെര്‍ബിയക്കെതിരെ കാനറികളുടെ താരമായി റിച്ചാര്‍ലിസണ്‍ ചിറകടിച്ച് ഉയരുമ്പോള്‍ താരത്തിന്‍റെ അധികമാരും അറിയാത്ത ജീവിതവും ചര്‍ച്ചയാകുകയാണ്.

ഗ്രൗണ്ടിലെ വേഗത്തിലും ശാരീരികശേഷിയിലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായി ഇപ്പോഴെ പലരും താരതമ്യം ചെയ്ത് തുടങ്ങിയ റിച്ചാര്‍ലിസനും ഏതൊരു ബ്രസീല്‍ താരത്തെയും പോലെ ഇല്ലായ്മകളുടെ ബാല്യകാലമുണ്ട്. റിച്ചാര്‍ലിസന്‍റെ അച്ഛന് ആശാരിപ്പണിയായിരുന്നു. അമ്മക്ക് ഐസ് കാന്‍ഡി വില്‍പനയും. റിച്ചാര്‍ലിസണ്‍ ജനിച്ചുവളര്‍ന്ന നോവാ വെനേഷ്യ പ്രദേശമാകട്ടെ മയക്കുമരുന്ന് കച്ചവടക്കാരുടെ വിഹാരകേന്ദ്രവും. അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളാണ് റിച്ചാര്‍ലിസണ്‍. അച്ഛനും അമ്മയും അടങ്ങുന്ന ഏഴംഗ കുടുംബത്തില്‍ പട്ടിണി പലപ്പോഴും നിത്യ സന്ദര്‍ശകനായിരുന്നു. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ പലപ്പോഴും തന്‍റെ സുഹൃത്തുക്കള്‍ മയക്കുമരുന്ന് കച്ചവടത്തിന് പോകുമായിരുന്നുവെന്ന് റിച്ചാര്‍ലിസണ്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പണം ഉണ്ടാക്കാനുള്ള എളുപ്പവഴിയായിരുന്നു അത്.

Latest Videos

undefined

അത് തെറ്റാണെന്ന് അറിയാവുന്നതുകൊണ്ട് എന്നെ കൊണ്ട് പറ്റുന്നതുപോലെ ഐസ് ക്രീമും ചോക്ലേറ്റും വിറ്റും കാര്‍ കഴുകിയുമെല്ലാം ആണ് ഞാന്‍ അമ്മയെയും കുടുംബത്തെയും സഹായിച്ചത്. അമ്മയുടെയും പരിശീലകരുടെയും ഉപദേശം കേട്ട് ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നിന്നെങ്കിലും പലപ്പോഴും മയക്കുമരുന്ന് മാഫിയകളുടെ കൈയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അനുഭവങ്ങളും റിച്ചാര്‍ലിസണ് പറയാനുണ്ട്. ഒരിക്കല്‍ തെരുവില്‍ പന്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍ എത്തിയ ഒരു മയക്കുമരുന്ന് കച്ചവടക്കക്കാരന്‍ എന്‍റെ തലക്കുനേരെ തോക്ക് ചൂണ്ടി. അയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച കുട്ടികളിലൊരാളാണ് ഞാനെന്ന് തെറ്റിദ്ധരിച്ചായിരുന്നു അത്. അന്നയാള്‍ ആ കാഞ്ചി വലിച്ചിരുന്നെങ്കില്‍ എന്‍റെ ജീവിതം അവിടെ തീരുമായിരുന്നു. വീണ്ടും കണ്‍മുന്നില്‍ കണ്ടാല്‍ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അന്നവര്‍ വിട്ടത്. ഞാന്‍ ഭയന്നു വിറച്ചുപോയി. അന്നെനിക്ക് 14 വയസായിരുന്നു.

അച്ഛന്‍ തന്ന സമ്മാനം

എനിക്ക് ഏഴു വയസുള്ളപ്പോള്‍ അച്ഛന്‍ ഏഴ് ഫുട്ബോളുകളമായാണ് ഒരു ദിവസം വീട്ടില്‍ വന്നത്. അത് വാങ്ങാനുള്ള പണമുണ്ടായിട്ടൊന്നുമല്ല. പക്ഷെ, ഞാന്‍ നല്ലൊരു ഫുട്ബോള്‍ താരമായി ജീവിതത്തില്‍ രക്ഷപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഞാനും എന്‍റെ സുഹൃത്തുക്കളും കൂടുതല്‍ സമയവും തെരുവകളിലാണ് കളിച്ചുവളര്‍ന്നത്. എന്‍റെ കഴിവുകണ്ട പ്രദേശത്തെ ഒരു വ്യവസായി ആണ് എനിക്കാദ്യം ഒരു ജോഡി ബൂട്ടുകള്‍ മേടിച്ചു തന്ന് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അമേരിക്ക മിനേറോയില്‍ എത്തിക്കുന്നത്. ഒരുവര്‍ഷത്തിനുശേഷം മിനേറോയിലെ മികവു കണ്ട് ഫ്ലുമിനെസെയില്‍ നിന്നുള്ള വിളിയെത്തി. അവിടെ നിന്ന് വാറ്റ്ഫോര്‍ഡിലേക്കും എവര്‍ട്ടനിലേക്കും പോയ റിച്ചാര്‍ലിസണ്‍ 60 മില്യണ്‍ പൗണ്ടിന് ഇപ്പോള്‍ ടോട്ടനത്തില്‍ പന്തു തട്ടുന്നു.

എന്നാല്‍ മികച്ച ക്ലബ്ബുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പറയുന്നത് പോലെ എളുപ്പമായിരുന്നില്ലെന്ന് റിച്ചാര്‍ലിസണ്‍ പറയുന്നു. എന്നെ നിരസിച്ച ക്ലബ്ബുകളുടെ കണക്കെടുക്കാന്‍ കൈയിലെയും കാലുകളിലെയും വിരലുകള്‍ മതിയാവില്ല. ഒടുവില്‍ മടുത്ത് ഫുട്ബോള്‍ തന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അവസാനമായി ഒരു പരീക്ഷണമെന്ന നിലയില്‍ ബെലോ ഹോറിസോണ്ടോയില്‍ ട്രയല്‍സിന് പോകാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങോട്ട് പോകാനുള്ള പണമെ എന്‍റെ കൈയിലുണ്ടായിരുന്നുള്ളു. എങ്ങനെ തിരിച്ചുവരുമെന്ന് അറിയില്ലായിരുന്നു- റിച്ചാര്‍ലിസണ്‍ ഓര്‍ത്തെടുത്തു.

ഇന്നലെ സെര്‍ബിയക്കെതിരെ താന്‍ നേടിയ രണ്ട് ഗോളുകള്‍ കാണാന്‍ തന്‍റെ നാട്ടുകാര്‍ക്ക് ഭാഗ്യമുണ്ടായില്ലെന്നും റിച്ചാര്‍ലിസണ്‍ പറയുന്നു. കാരണം തന്‍റെ നാടായ അമപയില്‍ രണ്ടാഴ്ചയായി കറന്‍റ് ഇല്ല. അതുകൊണ്ടുതന്നെ തന്‍റെ ഗോളുകളും ബ്രസീലിന്‍റെ വിജയവും എല്ലാ അമാപിയന്‍സിനും സമര്‍പ്പിക്കുന്നുവെന്നും റിച്ചാര്‍ലിസണ്‍ വ്യക്തമാക്കി.

click me!