മത്സരത്തിന്‍റെ 20-ാം മിനിറ്റ് മുതൽ ബാഴ്സ ഗോൾവേട്ട തുടങ്ങി. പോ കുർബാസിയുടെ അസിസ്റ്റിൽ റഫീഞ്ഞയാണ് സ്കോറിംഗന് തുടക്കമിട്ടത്.
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയുടെ ഗോളടി മേളം. റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത 7 ഗോളിനാണ് ബാഴ്സ തകർത്തത്. ബ്രസീലിയൻ താരം റഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സയുടെ തകർപ്പൻ ജയം. റോബർട്ട് ലെവൻഡോസ്കി, യൂല്‍സ് കുന്‍ഡെ, ഡാനി ഒൽമോ, ഫെറാൻ ടോറസ് എന്നിവർ ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്‍റെ 20-ാം മിനിറ്റ് മുതൽ ബാഴ്സ ഗോൾവേട്ട തുടങ്ങി. പോ കുർബാസിയുടെ അസിസ്റ്റിൽ റഫീഞ്ഞയാണ് സ്കോറിംഗന് തുടക്കമിട്ടത്. 24- മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഗോൾ പിറന്നു. ലമിൻ യമാലിന്‍റെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതി പിരിയുന്നതിന് മുമ്പ് ഫ്രഞ്ച് താരം യൂൽസ് കുൻഡെ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ബാഴ്സയുടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി.
undefined
64, 72 മിനിറ്റുകളിൽ റഫീഞ്ഞ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ട് ഹാട്രിക് പൂര്‍ത്തിയാക്കി. 81-ാം മിനുട്ടിൽ ഡാനി ഒൽമോയും 85- മിനുട്ടിൽ ഫെറാൻ ടോറസും ഗോൾ നേടിയതോടെ റയൽ വയ്യഡോളിഡ് തകർന്നടിഞ്ഞു. ലാലീഗ സീസണിൽ ആദ്യ നാല് മത്സരങ്ങളും ജയിച്ച ബാഴ്സ ടേബിളിൽ 12 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. സീസണിൽ ഇതുവരെ 13 ഗോളുകളാണ് ഹാൻസി ഫ്ലിക്കിന്‍റെ സംഘം നേടിയത്.
റയല്‍ ഇന്നിറങ്ങും
ലാലിഗയിൽ വിജയവഴിയിൽ തിരിച്ചെത്താൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിസാണ് എതിരാളി. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ റയലിന് ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്. റയൽ മാഡ്രിഡിലെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പേക്ക് ഇതുവരെ ലാ ലീഗയിൽ ഗോൾ നേടാനായിട്ടില്ല. വിമർശകർക്ക് മറുപടി നൽകാൻ റയലിന് ഇന്ന് തകർപ്പൻ ജയം അനിവാര്യമാണ്. നിലവിൽ 5 പോയന്‍റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. മറ്റൊരു മത്സരത്തിൽ ജിറോണ രാത്രി 10.30ന് സെവിയ്യയെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക