'ചില ഓര്‍മകളങ്ങനെ മായാതെ കിടക്കും'; മാറക്കാനയെ കണ്ണീരില്‍ മുക്കിയ ഉറുഗ്വെന്‍ വിംഗര്‍ ഗിജിയയെ എങ്ങനെ മറക്കും?

By Web Team  |  First Published Nov 6, 2022, 10:43 PM IST

മാറക്കാനയിലെ ആ മല്‍സരത്തിലേക്കുള്ള ബില്‍ഡ് അപ്പും മല്‍സരവും അതിനു ശേഷം നടന്ന സംഭവങ്ങളുമെല്ലാം ഒരേപോലെ കൗതുകകരവും പലപ്പൊഴും ആവേശകരവുമാണ്. ആ ആവേശത്തെ കുറിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് നിരീക്ഷകന്‍ നെല്‍സണ്‍ ജോസഫ് എഴുതുന്നു. 


'മൂന്നേമൂന്ന് പേര്‍ക്കേ മാറക്കാനയെ നിശബ്ദമാക്കാനായിട്ടുള്ളൂ. മാര്‍പാപ്പ, ഫ്രാങ്ക് സിനാട്ര.., പിന്നെ ഞാന്‍'
ഉറുഗ്വേയുടെ വിങ്ങര്‍ ആയിരുന്ന ഗിജിയയുടെ വാക്കുകളാണ്. ചില അടികള്‍ അങ്ങനെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ ഓര്‍മ അങ്ങനെ മായാതെ കിടക്കും. അങ്ങനെ ഒരു ഓര്‍മയാണ് ബ്രസീലിന് മാറക്കാന സ്റ്റേഡിയത്തിലുള്ളത്. മാറക്കാനയിലെ ആ മല്‍സരത്തിലേക്കുള്ള ബില്‍ഡ് അപ്പും മല്‍സരവും അതിനു ശേഷം നടന്ന സംഭവങ്ങളുമെല്ലാം ഒരേപോലെ കൗതുകകരവും പലപ്പൊഴും ആവേശകരവുമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ലോകകപ്പ്. ആതിഥേയരായി ബ്രസീല്‍. ആതിഥേയരുടെ ടീമാവട്ടെ, മിന്നുന്ന ഫോമിലും. 1950.

അന്ന് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് ഇന്നത്തെപ്പോലെ നോക്കൗട്ട് സിസ്റ്റമല്ല. ഏറ്റവും മികച്ച നാലു ടീമുകള്‍ തമ്മില്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഒരിക്കല്‍ക്കൂടി തമ്മില്‍ തമ്മില്‍ കളിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കപ്പ്. അക്കൊല്ലം റൗണ്ട് റോബിന്‍ ഗ്രൂപ്പിലെത്തിയത് നാലു ടീമുകളായിരുന്നു. സ്‌പെയിന്‍, സ്വീഡന്‍, ബ്രസീല്‍ പിന്നെ ഉറുഗ്വേയും. എല്ലാ ടീമുകളും രണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പൊ ബ്രസീല്‍ നാലു പോയിന്റോടെ ഗ്രൂപ്പില്‍ മുന്നില്‍. ഉറുഗ്വേ രണ്ടാമത്- മൂന്ന് പോയിന്റ്. സ്‌പെയിനും സ്വീഡനും ഇനി സാധ്യതകളൊന്നുമില്ല.

Latest Videos

THE BUILD UP

ഒരു വശത്ത് സ്വീഡനെ 7-1 നും സ്‌പെയിനെ 6-1 നും തകര്‍ത്തെറിഞ്ഞ ബ്രസീല്‍. മറുവശത്ത് ഒരു സമനിലയും നേരിയ മാര്‍ജിനില്‍ ഒരു വിജയവുമായി കഷ്ടിച്ച് കടന്നുകൂടിയ ഉറുഗ്വേ. ആരു ലോകകപ്പ് നേടുമെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങളും നേരത്തെ തുടങ്ങി. മല്‍സരത്തിന്റെ തലേന്ന് തന്നെ സൗ പൗളോയിലെയും റിയോ ഡി ജനിറോയിലെയും പത്രങ്ങള്‍ ബ്രസീലിനെ ലോക ചാമ്പ്യന്മാരെന്ന് തന്നെ വിശേഷിപ്പിച്ചു.. ഫൈനല്‍ കഴിഞ്ഞ് ഉടനെ പെര്‍ഫോം ചെയ്യാനുള്ള മ്യൂസിക് വരെ തയ്യാറായിരുന്നു. 

കളിക്കാരോട് ആവേശം നിറയ്ക്കുന്ന പ്രസംഗങ്ങള്‍ നടത്താനും 'ഭാവി ചാമ്പ്യന്മാര്‍ക്ക്' ഒപ്പം സമയം പങ്കിടാനുമെല്ലാം ആള്‍ക്കാര്‍ തിരക്കുകൂട്ടുന്നത് കണ്ട് കളിക്കാരുടെ ഏകാഗ്രത നഷ്ടപ്പെടുമെന്ന് വാദിച്ച് അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരുമുണ്ടായിരുന്നു. അതൊരു ന്യൂനപക്ഷമായിരുന്നു. വിജയിക്കുന്ന കളിക്കാരെ അണിയിക്കാന്‍ ഇരുപത്തിരണ്ട് സ്വര്‍ണമെഡലുകള്‍ കളിക്കാരുടെ പേരുകള്‍ സഹിതം ഒരുങ്ങി. റിയോ ഡീ ജനീറോയിലെ കാര്‍ണിവലിന് സമാനമായ അന്തരീക്ഷമായിരുന്നു ഫൈനലിന്റെ അന്ന്. ലോക ചാമ്പ്യന്‍ കിരീടധാരണം ആഘോഷിക്കുന്ന ബാനറുകള്‍ അടക്കം. ലോകം അന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ ബ്രസീലിന്റെ കിരീടധാരണം ആഘോഷിക്കാനായി ജനം ഒഴുകി. ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ അടുത്താണ് ഔദ്യോഗിക കണക്കില്‍ കാണികളെങ്കില്‍ യഥാര്‍ഥ സംഖ്യ രണ്ട് ലക്ഷത്തോട് അടുത്ത് വരുമായിരുന്നു. ഒന്ന് ആലോചിക്കണം...രണ്ട് ലക്ഷം പേരുടെ ആരവങ്ങളുടെ ഊര്‍ജം. നിറഞ്ഞ് കവിഞ്ഞ മാറക്കാനയ്ക്ക് മുന്നില്‍ മല്‍സരമാരംഭിച്ചു.

THE MATCH

കിരീടം നേടാന്‍ ഒരു സമനില മാത്രം വേണ്ടിയിരുന്ന ബ്രസീല്‍ ആക്രമിച്ച് തന്നെയാണ് തുടങ്ങിയത്. ഇരമ്പിയാര്‍ക്കുന്ന മാറക്കാനയിലെ ഗാലറികള്‍ അവര്‍ക്ക് കനത്ത പിന്തുണയും നല്‍കി. പക്ഷേ ആ രണ്ട് ലക്ഷം കാണികളെയും ബ്രസീലിന്റെ മുന്നേറ്റ നിരയെയും തടുത്ത് നിര്‍ത്തുന്നതില്‍ പാതി വിജയിച്ചിരുന്നു ഉറുഗ്വേ..ആര്‍ക്കും ഗോളുകളില്ലാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ത്തന്നെ ബ്രസീല്‍ മുന്നിലെത്തി. ഉറുഗ്വേ എത്രയും പെട്ടെന്ന് തന്നെ കളി തുടരുമെന്നാണ് ബ്രസീല്‍ പ്രതീക്ഷിച്ചത്. പക്ഷേ ആദ്യ ഗോള്‍ ഓഫ് സൈഡായിരുന്നെന്ന് റഫറിയുമായി തര്‍ക്കിക്കുകയായിരുന്നു ഉറുഗ്വേയുടെ ക്യാപ്റ്റന്‍ വരേല. ആ തര്‍ക്കമവസാനിച്ചപ്പൊഴേക്ക് ഗോളിന്റെ ആരവങ്ങളടങ്ങി കാണികള്‍ ശാന്തമായിരുന്നു. 

കളി തുടര്‍ന്നു. ഉറുഗ്വെയുടെ ആക്രമണങ്ങള്‍ ആരംഭിച്ചപ്പൊഴാണ് കളിച്ച അറ്റാക്കിങ്ങ് ഫുട്‌ബോള്‍ കൊണ്ട് മറഞ്ഞുകിടന്നിരുന്ന ബ്രസീല്‍ ഡിഫന്‍സിന്റെ ദൗര്‍ബല്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുതുടങ്ങിയത്. അറുപത്തിയാറാം മിനിറ്റില്‍ ഉറുഗ്വെ സമനില പിടിച്ചു. അപ്പൊഴും ബ്രസീലിന്റെ കൈയില്‍ നിന്ന് കിരീടം കൈവിട്ടിട്ടില്ല. എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ഡൈവ് ചെയ്ത ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ ബാര്‍ബോസയ്ക്കും പോസ്റ്റിനുമിടയിലൂടി ഏവശഴഴശമ പന്ത് വലയിലെത്തിച്ചു. അക്ഷരാര്‍ഥത്തില്‍ മാറക്കാന നിശബ്ദമായി. പിന്നെയുള്ള പതിനൊന്ന് മിനിറ്റില്‍ ബ്രസീല്‍ പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

EPILOGUE

മാറക്കാനയിലുള്ളവരില്‍ ഭൂരിഭാഗവും അന്ന് കരയുകയായിരുന്നു. ബ്രസീലിന്റെയും ഉറുഗ്വെയുടെയും കളിക്കാര്‍ അടക്കം. ഉറുഗ്വെയുടേത് ആനന്ദക്കണ്ണീരായിരുന്നെങ്കില്‍ ബ്രസീലിന്റേത് സങ്കടക്കടലായിരുന്നു. ഗോള്‍ നേടിയ ഏവശഴഴശമ പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി... കളി ജയിച്ചുവെങ്കിലും അന്ന് ഗാലറിയിലേക്ക് നോക്കിയപ്പൊ വിഷമമായി. ആള്‍ക്കാര്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു എന്ന്. ബ്രസീല്‍ തോറ്റുവെന്ന് അംഗീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേപോലെ വിഷമമായിരുന്നു.

കളിക്കാര്‍ക്ക് നല്‍കാന്‍ നിര്‍മിച്ച ഇരുപത്തിരണ്ട് മെഡലുകള്‍ എങ്ങോ പോയ് മറഞ്ഞു. അന്നത്തേക്ക് വേണ്ടി രചിച്ച ആ പാട്ട് പിന്നീടൊരിക്കലും പെര്‍ഫോം ചെയ്തിട്ടില്ല. മാറക്കാനയ്ക്ക് ശേഷമാണ് ബ്രസീല്‍ ഇന്ന് കാണുന്ന മഞ്ഞയും നീലയും ജഴ്‌സിയിലേക്ക് മാറുന്നതുപോലും. അതിനു ശേഷം ബ്രസീലും ഉറുഗ്വേയും മാറക്കാനയില്‍ എന്ന് ഏറ്റുമുട്ടിയാലും ആ പഴയ ഓര്‍മകള്‍ ഉണര്‍ന്നെണീറ്റ് വരും. 1994 ലോകകപ്പിന് ക്വാളിഫൈ ചെയ്യാന്‍ അവസാന മല്‍സരം ജയിക്കണമായിരുന്ന ബ്രസീല്‍ മാറക്കാനയില്‍ വച്ച് ഉറുഗ്വെയെ നേരിട്ടപ്പൊ അടക്കം. അക്കഥയും 1994 ലോകകപ്പും അടുത്ത പോസ്റ്റുകളിലൊന്നില്‍ പറയാം.
 

click me!