കോപ അമേരിക്ക: ക്വാര്‍ട്ടറിന് മുമ്പെ ബ്രസീലിന് തിരിച്ചടി, വിനീഷ്യസ് കളിക്കില്ല; മെസിയുടെ കാര്യവും സംശയത്തില്‍

By Web Team  |  First Published Jul 3, 2024, 7:03 PM IST

ഇക്വഡോറിനെതിരായ ക്വാര്‍ട്ടർ മത്സരത്തിൽ മെസിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് അർജന്‍റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു


ന്യൂയോര്‍ക്ക്: കോപ അമേരിക്ക ഫുട്ബോളില്‍ കൊളംബിയയോട് സമനില വഴങ്ങി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ ബ്രസീലിന് തിരിച്ചടി. യുറുഗ്വേക്കെതിരായ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ബ്രസീലിനായി കളിക്കില്ല. കൊളംബിയക്കെതിരായ മത്സരത്തില്‍ രണ്ടാം മഞ്ഞക്കാർഡ് കണ്ടതാണ് വിനിഷ്യസ് ജൂനിയറിന് ക്വാർട്ടർ ഫൈനൽ നഷ്ടമാവാന്‍ കാരണം.

കൊളംബിയന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിനാണ് വിനിഷ്യസിന് മഞ്ഞക്കാർഡ് കിട്ടിയത്. നേരത്തേ പരാഗ്വേയ്ക്കെതിരെയും വിനിഷ്യസ് മഞ്ഞക്കാർഡ് കണ്ടിരുന്നു. ഈ കോപ്പയിൽ ഏറ്റവും ആധികാരികമായി എല്ലാ കളിയും ജയിച്ച് മുന്നേറിയ ടീമാണ് യുറൂഗ്വേ. അതേസമയം ബ്രസീൽ രണ്ട് സമനിലയും ഒരു ജയവുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായണ് ക്വാർട്ടറിലെത്തിയത്. വിനീഷ്യസിനെക്കൂടി നഷ്ടമാവുന്നതോടെ മികച്ച ഫോമിലുള്ള യുറുഗ്വേക്കെതിരെ ബ്രസീല്‍ പാടുപെടുമന്നാണ് ആരാധകരുടെ ആശങ്ക.

Latest Videos

undefined

മെസിയുടെ കാര്യവും സംശയത്തില്‍

അതേസമയം ക്വാർട്ടറിൽ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. ഇക്വഡോറിനെതിരായ ക്വാര്‍ട്ടർ മത്സരത്തിൽ മെസിയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് അർജന്‍റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോപ്പ അമേരിക്കയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോലിയ്ക്കും റിഷഭ് പന്തിനും അക്സറിനും ഇടമില്ല

മറ്റന്നാളാണ് അര്‍ജന്‍റീന-ഇക്വഡോർ ക്വാര്‍ട്ടര്‍ പോരാട്ടം. ചിലിക്കെതിരായ രണ്ടാം മത്സരത്തിലാണ് മെസിയുടെ വലതു കാലിലെ തുടയിലെ പേശികള്‍ക്ക് പരിക്കേൽക്കുന്നത്. ഇതോടെ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മെസി കളിച്ചിരുന്നില്ല. ക്വാർട്ടർ ഫൈനലിൽ മെസിയെ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടെന്ന് സ്കലോണി തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇക്വഡോറിനെതിരെ തിരിച്ചടി നേരിട്ടാൽ മാത്രം മെസിയെ കളത്തിലിറക്കാനാണ് തീരുമാനം. സെമിയിൽ കരുത്തരായ ടീമുകൾക്കെതിരെ കളിക്കേണ്ടി വരുന്നതിനാൽ മെസിക്ക് കൂടുതൽ വിശ്രമം നൽകാനാണ് സാധ്യത. പരിക്ക് ഭേതമായെങ്കിലും നിർണായക മത്സരങ്ങളിൽ മെസി പൂർണ ഫിറ്റ്നെസിൽ കളിക്കണമെന്നാണ് ടീം മാനേജ്മെന്‍റെന്‍റെ നിലപാട്. നിലവിൽ മെഡിക്കൽ സംഘത്തിന്‍‍റെ നിരീക്ഷണത്തിൽ തുടരുകയാണ് സൂപ്പർ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!