തല്ലിന് ശിക്ഷ വരുന്നു, ബ്രസീലിനെതിരെ കനത്ത നടപടിക്ക് സാധ്യത; ഫിഫ ലോകകപ്പ് യോഗ്യത തുലാസില്‍

By Web Team  |  First Published Nov 24, 2023, 7:18 AM IST

തുടർച്ചയായ മൂന്ന് മത്സരത്തിൽ തോറ്റ ബ്രസീൽ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണിപ്പോൾ


റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അർജന്‍റൈൻ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിനെതിരെ ഫിഫയുടെ ശിക്ഷ നടപടി ഉണ്ടായേക്കും. മാറക്കാനയിൽ മത്സരം തുടങ്ങും മുൻപേ അർജന്‍റൈൻ ആരാധകരെ ബ്രസീലിയൻ ആരാധകർ ആക്രമിക്കുകയായിരുന്നു. ബ്രസീലിയൻ പൊലീസും അർജന്‍റൈൻ ആരാധകരെ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് അർജന്‍റൈൻ ടീം കളിക്കളം വിട്ടുപോയിരുന്നു. ഈ പശ്ചാത്തലത്തിൽ ബ്രസീലിനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കിൽ ഒരു പോയിന്‍റ് വെട്ടിക്കുറയ്ക്കുക എന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. 

തുടർച്ചയായ മൂന്ന് മത്സരത്തിൽ തോറ്റ ബ്രസീൽ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്താണിപ്പോൾ. പോയിന്‍റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തിൽ ബ്രസീലിന് കനത്ത തിരിച്ചടിയാവും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമേ ആറാമത് നില്‍ക്കുന്ന ബ്രസീലിനുള്ളൂ. മാറക്കാന വേദിയായ ഐതിഹാസിക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയം സമ്മതിച്ചിരുന്നു. 63-ാം മിനുറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടി തലവെച്ച നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് അര്‍ജന്‍റീനയ്‌ക്ക് സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ ജയമൊരുക്കിയത്. 

Latest Videos

undefined

മാറക്കാനയിലെ ബ്രസീൽ-അര്‍ജന്‍റീന പോരാട്ടത്തിന്‍റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്. ദേശീയഗാന സമയത്ത് ബ്രസീൽ ആരാധകര്‍ കൂക്കിവിളിച്ചെന്നും എവേ ടീം ഫാൻസിന് അനുവദിച്ച സ്ഥലം കൂടി കയ്യേറാൻ ശ്രമിച്ചെന്നും അര്‍ജന്‍റൈന്‍ ആരാധകര്‍ ആരോപിച്ചു. ഇരു ആരാധകക്കൂട്ടവും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമായതോടെ തൊട്ടുപിന്നാലെ പൊലീസ് എത്തി ലാത്തി വീശി. കടുത്ത പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരാധകരെ ബ്രസീലിയന്‍ കാണികളും പൊലീസും തല്ലുന്നത് കണ്ട അര്‍ജന്‍റൈൻ ടീം പൊലീസുമായി വാക്കുതര്‍ക്കത്തിലാവുന്നതിനും മാറക്കാനയിലെ മത്സരം സാക്ഷിയായി. ഗ്യാലറിയിലെ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം താമസിച്ചാണ് ബ്രസീല്‍-അര്‍ജന്‍റീന മത്സരം തുടങ്ങിയത്.

Read more: 'പൊലീസ് ജോലി ഭംഗിയായി ചെയ്‌തു'; അര്‍ജന്‍റീന ആരാധകരെ തല്ലിച്ചതച്ചതിനെ ന്യായീകരിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!