കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തിരിക്കുന്നത്.
കോഴിക്കോട്: ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരളത്തില്‍ അലയടിച്ച് കാല്‍പ്പന്ത് കളിയാവേശം. എക്കാലത്തെയുമെന്ന പോലെ അര്‍ജന്‍റീനയും ബ്രസീലും തന്നെയാണ് ഏറിയ പങ്ക് കളിയാരാധകരുടെയും ഇഷട് ടീമുകള്‍. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന വിസ്മയത്തിനായി വമ്പന്‍ ഒരുക്കങ്ങളാണ് ഫുട്ബോള്‍ പ്രേമികള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാള്‍ തലപ്പൊക്കത്തില്‍ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ബ്രസീല്‍ ആരാധകര്‍ മറുപടി കൊടുത്തിരിക്കുന്നത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടെ തലപ്പൊക്കം അതിനേക്കാള്‍ പത്ത് അടി കൂടെ കൂടും.
undefined
40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറയുന്നത്. അര്‍ജന്‍റീനയോട് മത്സരിക്കാന്‍ തന്നെയാണ് നെയ്മറുടെ കട്ടൗട്ട് മഞ്ഞപ്പടയുടെ ആരാധകര്‍ സ്ഥാപിച്ചത്. എന്നാല്‍, ഇതൊരു സൗഹൃദ മത്സരം മാത്രമാണ്. കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശം തന്നെയാണ് ഇരു വിഭാഗങ്ങള്‍ക്കുമുള്ളത്. ഒരുമിച്ച് കളി കാണുന്നതിനായി ഗ്രൗണ്ടില്‍ സ്ക്രീന്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നാടൊന്നാകെ ലോകകപ്പിനായി വമ്പന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബ്രസീല്‍ ആരാധകനായ അക്ബര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഖത്തറില്‍ ബ്രസീല്‍ തന്നെ കപ്പ് ഉയര്‍ത്തുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. അര്‍ജന്‍റീനയെ ലോകകപ്പില്‍ നേരിടാനുള്ള അവസരം ഉണ്ടാകണം. മെസിപ്പടയെ തോല്‍പ്പിച്ച് കൊണ്ട് തന്നെ ലോകകപ്പില്‍ മുന്നേറണം. ആ കളി അര്‍ജന്‍റീനയുടെ ആരാധകര്‍ക്കൊപ്പമിരുന്ന് തന്നെ കാണണമെന്നും അക്ബര്‍ പറഞ്ഞു. കോഴിക്കോട് കൊടുവള്ളിക്ക് അടുത്തുള്ള പുള്ളാവൂരിലെ ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും ചിത്രങ്ങളും നേരത്തെ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ നെയ്മറുടെ കട്ടൗട്ട് ഉയര്‍ന്നതോടെ എന്ത് മറുപടിയാണ് അര്‍ജന്‍റീനയുടെ ആരാധകര്‍ കരുതിവച്ചിട്ടുള്ള് എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
പുള്ളാവൂര്‍ പുഴ നിറഞ്ഞൊഴുകി മെസി, 'തല'യെടുപ്പോടെ അര്‍ജന്‍റീന ആരാധകര്‍