'തല ഉയര്‍ത്തി മെസി, ഒപ്പം അടുത്ത് റോണോയും നെയ്മറും നിന്നോട്ടെ'; ലോകകപ്പ് തീരും വരെ മിശിഹാ ഒറ്റയ്ക്കാവില്ല

By Web Team  |  First Published Dec 11, 2022, 7:02 PM IST

ചില സ്ഥലങ്ങളില്‍ ആരാധകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം കട്ടൗട്ടുകളും ഫ്ലെക്സുമെല്ലാം കീറുന്നത് കാണാറുണ്ട്. മെസി, റോണോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ ഒരു അടയാളപ്പെടുത്തലാണ്. അവര്‍ക്കും ബഹുമാനം കൊടുത്ത ശേഷം മാത്രമേ കട്ടൗട്ടുകള്‍ എടുത്ത് മാറ്റൂ


കോഴിക്കോട്: ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായി മാറിയതാണ് കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. അർജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. പിറ്റേ ദിവസം തന്നെ മാധ്യമങ്ങളിൽ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നു. തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു.

രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി.

Latest Videos

undefined

പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോ​ഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തു. ലോകകപ്പ് ആവേശം സെമിയില്‍ എത്തി നില്‍ക്കുമ്പോള്‍ മെസിയുടെ അര്‍ജന്‍റീന മാത്രമാണ് മുന്നോട്ട് കുതിക്കുന്നത്. ക്വാര്‍ട്ടറില്‍ നെയ്മറിന്‍റെ ബ്രസീലും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും വീണു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. നെയ്മറുടെ ​ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം പെറ്റ്കൊവിച്ചിന്റെ ​ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് തോറ്റ് ബ്രസീൽ പുറത്തായി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോടാണ് ഏകപക്ഷീയമായ ഒരു ​ഗോളിന് തോറ്റ് പുറത്തായത്. ഇതിന് പിന്നാലെ പുള്ളാവുര്‍ പുഴയിലെ കട്ടൗട്ടുകള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

എന്നാൽ റോണോയുടെയും നെയ്മറുടെയും കട്ടൗട്ട് ലോകകപ്പ് തീരും വരെ മാറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജന്‍റീന കപ്പ് അടിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് ആരാധകര്‍ പറയുന്നു. ലോകകപ്പ് തുടങ്ങിയപ്പോള്‍ തന്നെ ഇത് പറഞ്ഞതാണ്. മെസിക്ക് അവകാശപ്പെട്ടതാണ് ഈ കപ്പ്. ആദ്യ തോല്‍വി ഒരു പാഠമാക്കി എടുത്ത് സ്കലോണിയുടെ ടീം തിരിച്ച് വന്നിട്ടുണ്ട്. ആ പ്രതീക്ഷ ഇനിയുള്ള രണ്ട് കളികളിലും ഉണ്ടെന്ന് അര്‍ജന്‍റീന ആരാധകന്‍ പറഞ്ഞു.

ചില സ്ഥലങ്ങളില്‍ ആരാധകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം കട്ടൗട്ടുകളും ഫ്ലെക്സുമെല്ലാം കീറുന്നത് കാണാറുണ്ട്. മെസി, റോണോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ ഒരു അടയാളപ്പെടുത്തലാണ്. അവര്‍ക്കും ബഹുമാനം കൊടുത്ത ശേഷം മാത്രമേ കട്ടൗട്ടുകള്‍ എടുത്ത് മാറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീല്‍ ടീം നന്നായി തന്നെ കളിച്ചു. ഷൂട്ടൗട്ടില്‍ പുറത്താകുന്നത് നിര്‍ഭാഗ്യമാണ്. ഫുട്ബോളിനെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അത് കഴിഞ്ഞേ ബ്രസീലും അര്‍ജന്‍റീനയുമൊക്കെ വരൂ എന്നാണ് ബ്രസീല്‍ ആരാധകൻ പ്രതികരിച്ചത്. 

അര്‍ജന്‍റീന തെറ്റിച്ചത് സുപ്രധാനമായ രണ്ട് ലോകകപ്പ് നിയമങ്ങള്‍? കടുത്ത നിലപാടുമായി ഫിഫ, നടപടിക്ക് സാധ്യത

click me!