ബ്ലാസ്റ്റേഴ്‌സിന് പണിയാകുമോ? ഇവാന്‍ ആശാന് എഐഎഫ്എഫ് നോട്ടീസ് നല്‍കി, നടപടിക്ക് സാധ്യത!

By Web Team  |  First Published Mar 15, 2023, 10:09 PM IST

കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകനെതിരേയും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കര്‍ശന നടപടികളിലേക്ക് കടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല


മുംബൈ: ഐഎസ്എല്‍ എലിമിനേറ്ററില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത. മത്സരം തടസപ്പെടുത്തിയതിന് ഇവാന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രത്യേകം നോട്ടീസ് നല്‍കിയതായി പ്രമുഖ കായിക ലേഖകനായ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം നേരത്തെ എഐഎഫ്എഫിന്‍റെ അച്ചടക്ക സമിതി തള്ളിക്കളഞ്ഞിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകനെതിരേയും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ കര്‍ശന നടപടികളിലേക്ക് കടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബ്ലാസ്റ്റേഴ്‌സിനെതിരെ പിഴ ചുമത്തുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവാന്‍ വുകോമനോവിച്ചിനെ വിലക്കുമോ എന്ന ആശങ്ക സജീവമാണ്. നോട്ടീസിനോട് ഇവാന്‍റെ പ്രതികരണം അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. 

Kerala Blasters FC coach Ivan Vukomanovic has been charged separately by the AIFF for “bringing the game into disrepute.” A notice has been served to the coach for the walkout against Bengaluru FC.

— Marcus Mergulhao (@MarcusMergulhao)

Latest Videos

undefined

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുത്തു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കുകയായിരുന്നു എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി കെബിഎഫ്‌സി താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം ഗോളെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്.

മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഇങ്ങനെ ഛേത്രിയും കൂട്ടരും സെമിയിലെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഛേത്രിയുടെ ഗോള്‍ അസാധുവാണ്, മത്സരം വീണ്ടും നടത്തണം, റഫറിക്കെതിരെ കടുത്ത നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്ലാസ്റ്റേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചെങ്കിലും കെബിഎഫ്സിയുടെ പരാതികളെല്ലാം തള്ളുകയാണുണ്ടായത്. റഫറിയുടെ തീരുമാനം അന്തിമമാണ് എന്നാണ് ഫെഡറേഷന്‍റെ അച്ചടക്ക സമിതി വ്യക്തമാക്കിയത്. 

ഛേത്രിക്കും സംഘത്തിനും കൂവിവിളിയും അസഭ്യവർഷവും, അതും മുംബൈ ഫാന്‍സ് വക- വീഡിയോ

click me!