സഡന്‍ ഡെത്തില്‍ മുംബൈക്ക് മരണം; ബെംഗളൂരു എഫ്‍സി ഐഎസ്എല്‍ ഫൈനലില്‍

By Web Team  |  First Published Mar 12, 2023, 10:34 PM IST

എക്സ്‍ട്രാടൈമിലും സമനില തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡന്‍ ഡത്തിലേക്കും നീളുകയായിരുന്നു


ബെംഗളൂരു: ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ്സി. പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8നാണ് ബെംഗളൂരുവിന്‍റെ വിജയം. അഗ്രഗേറ്റ് സ്കോർ 2-2 ആയി എക്സ്‍ട്രാടൈമിലും സമനില തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡന്‍ ഡത്തിലേക്കും നീളുകയായിരുന്നു. 

എമ്മാതിരി ഷൂട്ടൗട്ട്

Latest Videos

undefined

ഇഞ്ചോടിഞ്ച് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലും കണ്ടു. മുംബൈക്കായി ആദ്യ കിക്കെടുത്ത ഗ്രെഗ് സ്റ്റുവർട്ട് പന്ത് വലയിലാക്കി. ബെംഗളൂരുവിനായി ഹാവി ഹെർണാണ്ടസും ലക്ഷ്യം കണ്ടു. പിന്നാലെ മുംബൈക്കായി പെരേര ഡയസും വലകുലുക്കി. ബിഎഫ്സിക്കായി റോയ് കൃഷ്ണയും സ്കോർ ചെയ്തതോടെ 2-2. മുംബൈക്കായി ചാങ്തേയുടെ ഇടംകാലന്‍ ഷോട്ടും വല കുലുക്കി. അലന്‍ കോസ്റ്റയും വിജയിച്ചതോടെ 3-3. മുംബൈയുടെ അഹമ്മദ് ജാഹൂവിന്‍റെ കിക്കും ലക്ഷ്യം കാണാതിരുന്നില്ല. മറുപടിയായി ഛേത്രി 4-4ന് തുല്യതയിലാക്കി. അവസാന കിക്കിലേക്ക് നീണ്ടു ഇതോടെ കണ്ണുകള്‍. മുംബൈയുടെ രാഹുല്‍ ഭേക്കേയും ബിഎഫ്സിയുടെ പാബ്ലോയും ഗോളിയെ കബളിപ്പിച്ചതോടെ 5-5!.

സഡന്‍ ഡത്തില്‍ വിക്രം പ്രതാപ് സിംഗ് മുംബൈക്കായും പ്രഭീർ ദാസ് ബെംഗളൂരുവിനായും ലക്ഷ്യംകണ്ടു(6-). വീണ്ടും ഗോളാക്കി മൊർത്താദാാ ഫോള്‍ ആവേശം കൂട്ടിയപ്പോള്‍ ബിഎഫ്സിക്കായി രോഹിത് കുമാറും ഗോള്‍ നേടിയതോടെ 7-7. പിന്നാലെ മുംബൈക്കായി വിനീത് റായ് ഗോള്‍ കണ്ടെത്തിയെങ്കില്‍ സുരേഷ് വാങ്ജം ഗോള്‍ മടക്കി. ഇതോടെ 8-8. മുംബൈയുടെ മെഹ്താബ് സിംഗിന്‍റെ കിക്ക് ഗുർപ്രീത് തടുത്തപ്പോള്‍ ബിഎഫ്സിയെ സന്ദേശ് ജിങ്കന്‍ 9-8ന് ഫൈനലിലെത്തിച്ചു.  

ഇഞ്ചോടിഞ്ച്...

നാടകീയമായിരുന്നു ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ ആദ്യപകുതി. 10-ാം മിനുറ്റില്‍ മുന്നിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും മുംബൈ സിറ്റി എഫ്സിക്ക് മുതലാക്കാന്‍ കഴിയാതെ പോയി. ഗ്രെഗ് സ്റ്റുവർട്ട് പെനാല്‍റ്റി പാഴാക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ ബെംഗളൂരു എഫ്സി സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുന്നിലെത്തി. 22-ാം മിനുറ്റില്‍ ഹാവി ഹെർണാണ്ടസാണ് വല ചലിപ്പിച്ചത്. എന്നാല്‍ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. 30-ാം മിനുറ്റില്‍ ബിപിന്‍ സിംഗ് മുംബൈ സിറ്റി എഫ്സിയെ ഒപ്പമെത്തിച്ചു. ഇതോടെ ശ്രീകണ്ഠീരവയില്‍ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു. അപ്പോഴും 2-1ന്‍റെ അഗ്രഗേറ്റ് ലീഡ് നിലനിർത്താന്‍ ബെംഗളൂരു ടീമിനായി. 43-ാം മിനുറ്റില്‍ ഹാവിയുടെ ഫ്രീകിക്ക് ഗോളായിരുന്നെങ്കില്‍ ബെംഗളൂരു വീണ്ടും ലീഡുയർത്തിയേനേ.

രണ്ടാംപകുതിയില്‍ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മൂർച്ഛ കൂടി. ഇരു ടീമുകളും തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടു. ഇരു കൂട്ടർക്കും നിരവധി കോർണർ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാതെ പോയി. 65-ാം മിനുറ്റില്‍ ബിപിന്‍ സിംഗ് ഹെഡറിലൂടെ ഭീഷണിയുയർത്തി. തൊട്ടടുത്ത മിനുറ്റില്‍ മെഹ്ത്താബ് സിംഗ് മുംബൈയെ രണ്ടാംപാദത്തില്‍ 2-1ന് മുന്നിലെത്തിച്ചു. മുംബൈക്ക് കിട്ടിയ ആറാം കോർണറില്‍  നിന്നായിരുന്നു ഈ ഗോള്‍. ഇതോടെ അഗ്രഗേറ്റ് സ്കോർ 2-2 എന്ന നിലയിലായി. 69-ാം മിനുറ്റില്‍ ഹാവി തന്‍റെ രണ്ടാം ഗോളിനായൊരു ഉഗ്രന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 70-ാം മിനുറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരു നിരയില്‍ പകരക്കാരനായി കളത്തിലെത്തി. എന്നാല്‍ 90 മിനുറ്റും ഇഞ്ചുറിടൈമും പൂർത്തിയാകുമ്പോള്‍ കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം 2-2 അഗ്രഗ്രേറ്റ് സ്കോറില്‍ എക്സ്‍ട്രാടൈമിലേക്ക് നീണ്ടു.

ഭാഗ്യപരീക്ഷണങ്ങളുടെ എക്സ്‍ട്രാടൈം

എക്സ്‍ട്രാടൈമിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കളി പുനരാരംഭിച്ചതിന് പിന്നാലെ ലഭിച്ച സുവർണാവസരം ഫിനിഷ് ചെയ്യുന്നതില്‍ പെരേര ഡയസിന് പാളി. 102-ാം മിനുറ്റില്‍ റോയ് കൃഷ്ണയ്ക്ക് ലഭിച്ച അവസരവും പിഴച്ചു. പിന്നാലെ മൊർത്താത ഫാളിന്‍റെ കാലില്‍തട്ടി പന്ത് അബദ്ധത്തില്‍ പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു. 109-ാം മിനുറ്റില്‍ ഡയസിന്‍റെ മറ്റൊരു ഷോട്ട് കൂടി ഫലിക്കാതെ പോയി. പിന്നാലെയും നിരവധി അവസരങ്ങള്‍ ഒത്തുചേർന്ന് വന്നെങ്കിലും ഇരു ടീമിനും ഫിനിഷിംഗ് പിഴച്ചപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 

ആഴ്സണലിന്‍റെ കുതിപ്പിന് കിതപ്പില്ല, വമ്പന്‍ ജയം; യുണൈറ്റഡിന് സമനില, ചുവപ്പ് കിട്ടി കസിമിറോ

click me!