എല്‍ ക്ലാസികോ, ലാ ലിഗയില്‍ ഇന്ന് തീപ്പാറും! ബാഴ്‌സലോണ ഇന്ന് റയല്‍ മാഡ്രിഡിനെതിരെ

By Web Team  |  First Published Mar 19, 2023, 8:51 PM IST

സ്വന്തം കാണികളുടെ പിന്തുണയോടെ കാംപ്നൗവില്‍ ഇറങ്ങുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെക്കാള്‍ ഒന്‍പത് പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. റയലിനെ കീഴടക്കിയാല്‍ 12 പോയിന്റിന്റെ ലീഡിലെത്താന്‍ ബാഴ്‌സലോണയ്ക്ക് കഴിയും.


ബാഴ്‌ലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് എല്‍ ക്ലാസിക്കോ. ബാഴ്‌സലോണ രാത്രി ഒന്നരയ്ക്ക് റയല്‍ മാഡ്രിഡിനെ നേരിടും. ബാഴ്‌സയുടെ മൈതാനത്താണ് മത്സരം. സ്‌പെയ്‌നില്‍ മാത്രമല്ല, റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ എല്‍ക്ലാസിക്കോയിലേക്ക് നീളും. ഈ സീസണിലെ ചാംപ്യന്‍മാരെ നിശ്ചയിക്കുന്നതില്‍ അതിനിര്‍ണായക പോരാട്ടമായതിനാല്‍ എല്‍ക്ലാസിക്കോയ്ക്ക് ചൂടും ചൂരും കൂടും. 

സ്വന്തം കാണികളുടെ പിന്തുണയോടെ കാംപ്നൗവില്‍ ഇറങ്ങുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെക്കാള്‍ ഒന്‍പത് പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. റയലിനെ കീഴടക്കിയാല്‍ 12 പോയിന്റിന്റെ ലീഡിലെത്താന്‍ ബാഴ്‌സലോണയ്ക്ക് കഴിയും. ബാഴ്‌സയുടെ മൈതാനത്ത് ജയിച്ച് കിരീടസാധ്യത നിലനിര്‍ത്തുകയാണ് റയലിന്റെ ലക്ഷ്യം. 25 കളിയില്‍ 21ലും ജയിച്ച ബാഴ്‌സ തോറ്റത് രണ്ട് കളിയില്‍ മാത്രം. 47 തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. വഴങ്ങിയത് എട്ടുഗോള്‍ മാത്രം. 17 ജയവും മൂന്ന് തോല്‍വിയും അക്കൗണ്ടിലുള്ള റയല്‍ 50 ഗോള്‍ നേടിയപ്പോള്‍ 19 ഗോള്‍ വഴങ്ങി. 

Latest Videos

undefined

സീസണില്‍ ഇരൂടീമും ഏറ്റുമുട്ടിയത് നാല് കളിയില്‍. മൂന്നിലും ബാഴ്‌സയ്ക്കായിരുന്നു ജയം. ലാ ലീഗയിലെ ആദ്യപാദത്തിലായിരുന്നു റയലിന്റെ ജയം. സന്നാഹമത്സരത്തിലും സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലും കോപ്പ ഡെല്‍റേ ആദ്യപാദ സെമിയിലും ജയം ബാഴ്‌സയ്‌ക്കൊപ്പം നിന്നു. കരീം ബെന്‍സേമ പരിക്ക് മാറിയെത്തുന്ന ആശ്വാസത്തിലാണ് റയല്‍. പെഡ്രിയുടേയും ഡെംബലേയുടേയും അഭാവം ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാവും. സസ്‌പെന്‍ഷന്‍ കഴിഞ്ഞ അറൗഹോ ബാഴ്‌സ നിരയില്‍ തിരിച്ചെത്തും.

പിഎസ്ജി ഇന്നിറങ്ങും

ഫ്രഞ്ച് ലീഗില്‍ ജൈത്രയാത്ര തുടരാന്‍ പിഎസ്ജി ഇന്നിറങ്ങും. ഇരുപത്തിയെട്ടാം റൗണ്ടില്‍ റെന്നാണ് എതിരാളികള്‍. പിഎസ്ജിയുടെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക. ലിയോണല്‍ മെസി- കിലിയന്‍ എംബാപ്പേ ജോഡിയിലാണ് പിഎസ്ജിയുടെ പ്രതീക്ഷ. പ്രതിരോധ നിരയില്‍ അഷ്‌റഫ് ഹക്കീമി, സെര്‍ജിയോ റാമോസ്, ക്യാപ്റ്റന്‍ മാര്‍ക്വീഞ്ഞോസ് എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുക. 27 കളിയില്‍ 66 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സയെക്കാള്‍ പത്ത് പോയിന്റ് മുന്നിലാണ് നിലവിലെ ചാംപ്യന്‍മാര്‍. 47 പോയിന്റുള്ള റെന്‍ അഞ്ചാം സ്ഥാനത്താണ്.

രോഹിത് ഒട്ടും തൃപ്തനല്ലായിരുന്നു! ആദ്യ പന്തില്‍ തന്നെ കലിപ്പനായി ഇന്ത്യന്‍ ക്യാപ്റ്റന്‍- വീഡിയോ കാണാം

click me!