കാൽപന്തുകളിയുടെ ലോക മാമാങ്കത്തിന്റെ കലാശക്കളിക്ക് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഫുട്ബോൾ രാജാവ് ലയണൽ മെസിയുടെ രൂപം മുത്തുമണികൾ ചേർത്തുവച്ച് തയാറാക്കുകയാണ് കോഴിക്കോട് പുതുപ്പാടി മലപുറം സ്വദേശി വിപിൻരാജ്
കോഴിക്കോട്: കാൽപന്തുകളിയുടെ ലോക മാമാങ്കത്തിന്റെ കലാശക്കളിക്ക് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഫുട്ബോൾ രാജാവ് ലയണൽ മെസിയുടെ രൂപം മുത്തുമണികൾ ചേർത്തുവച്ച് തയാറാക്കുകയാണ് കോഴിക്കോട് പുതുപ്പാടി മലപുറം സ്വദേശി വിപിൻരാജ്. 20000 വെളുപ്പും കറുപ്പും മുത്തുമണികൾ കോർത്ത് മെസിയുടെ രൂപവും വാമോസ് അർജൻ്റീനയും ഇദ്ദേഹം തീർത്തത് 36 ദിവസമെടുത്താണ്.
ഏറെ ശ്രമകരവും സൂഷ്മവുമായിരുന്നു മുത്തുമണികളുടെ ചിത്ര ശിൽപ്പനിർമ്മാണമെന്ന് കടുത്ത മെസി ആരാധകൻ വിപിൻരാജ് പറയുന്നു. പ്രവാസിയാണ് വിപിൻ. മാല മുത്തിൽ ചിത്രം നിർമ്മിക്കാൻ ഏറെ ബുദ്ധിമുട്ടിയതോടെ പദ്ധതി ഉപേക്ഷിക്കുന്നതിനേക്കുറിച്ച് ആലോചിച്ചെങ്കിലും കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്നാണ് പിന്നീട് പൂർത്തികരിക്കുന്നത്. ഭാര്യ ജാനിയും അമ്മ സുജാതയും സഹോദരി വിപിനയും നൽകിയ പിന്തുണയാണ് വളരെ ശ്രമഫലമായി മെസിയെ മുത്തുകളിൽ നിർമ്മിക്കാൻ സാധിച്ചത്.
ഒരു മീറ്റർ വിസ്താരത്തിൽ വീടിൻ്റെ ചുവരിൽ ഒരുക്കിയ ചിത്രം ഏറെ ആകർഷകമാണ്. ദുബായ് എക്സ്പോയിലെ സൗത്ത് ആഫ്രിക്കൻ പവലിയനിൽ മുത്തുമണികൾ കൊണ്ട് നെൽസൺ മണ്ടേലയുടെ ചിത്രം ആലേഖനം ചെയ്തത് വിപിൻ രാജിനെ ആകർഷിച്ചിരുന്നു. അതിൽ നിന്നുള്ള പ്രേരണയാണ് കലാപരമായി യാതൊരു മുൻപരിചയവുമില്ലാത്ത വിപിൻ രാജ് സ്വന്തം ആശയത്തിൽ മെസ്സിയെ ഒരുക്കുന്നതിൽ എത്തുന്നത്. ഇത്തവണ മെസിയിലൂടെ അർജന്റീന ലോകകപ്പ് ഉയർത്തുമെന്ന് ഉറപ്പിച്ച് പറയുന്ന വിപിൻ രാജിന് ഈ ചിത്ര ശിൽപ്പത്തിന്റെ വീഡിയോ മെസ്സിയിലെത്തിക്കണമെന്നാണ് ആഗ്രഹം.
ലോകകപ്പ് ഫൈനലിനായി കാത്തിരിക്കുകയാണ് ലോകം. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. പരസ്പരമുള്ള വാക്പോരുകള്‍ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു.