ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് അഭിമാനിക്കാം: ഫൈനലിന് മുമ്പ് കോച്ച് സ്‌കലോണി

By Web Team  |  First Published Dec 18, 2022, 4:08 PM IST

ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോണി.


ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരികയാണ് അര്‍ജന്റീനയും ഫ്രാന്‍സും. ഇന്ന് രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. മാത്രമല്ല, എയ്ഞ്ചല്‍ ഡി മരിയയേയും ഇനി അര്‍ജന്റീന ജേഴ്‌സിയില്‍ കാണില്ല. ലോകകപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ച് കഴിഞ്ഞു. മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. 

ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോണി. അദ്ദേഹത്തിന്‍റെ വാക്കുകള്‍... ''ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് അര്‍ജന്റീനയുടേത്. നന്ദി പറയാനുള്ളതും അവരനോടാണ്. അവരെ ഓരോ മത്സരത്തിലും ത്രസിപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷമുണ്ട്. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്ന പലരും നാളെ മത്സരം കാണാന്‍ വരും. നിക്കോ ഡോമിംഗസ്, മാര്‍ട്ടിനെസ് ക്വാര്‍ട്ട, ലോ സെല്‍സോ, ജൂവാന്‍ മുസ്സോ, നിക്കോ ഗോണ്‍സാലസ്, ഇവരൊക്കെ വരുന്നതില്‍ ഏറെ സന്തോഷം. ടീമിന്റെ മുന്നേറ്റത്തില്‍ അവരുടെ പങ്കും വലുതാണ്.'' സ്‌കലോണി പറഞ്ഞു. 

Latest Videos

undefined

എതിരാളികളായ ഫ്രാന്‍സിനെ കുറിച്ചും സ്‌കലോണി സംസാരിച്ചു. ''ഏത് നിമിഷവും എന്തും സംഭവിക്കാം. ഞങ്ങള്‍ അതിന് വളരെയധികം തയ്യാറായിട്ടു തന്നെയാണ് വന്നിട്ടുള്ളത്. ഫ്രഞ്ച് ടീമില്‍ മികച്ച താരങ്ങളുണ്ട്. കിലിയന്‍ എംബാപ്പെ മികച്ച യുവതാരമാണ്. ഇനിയും അദ്ദേഹത്തിന് മുന്നേറാന്‍ സാധിക്കും. എന്നാല്‍, മത്സരത്തെ സമീപിക്കണമെന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. ആരൊക്കെ ആദ്യ ഇലവനില്‍ കളിക്കുമെന്നതിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ തന്നെയാണ് ശ്രമം.'' സ്‌കലോണി വ്യക്തമാക്കി.

മെസിയെ കുറിച്ചും സ്‌കലോണി വാചാലനായി. ''മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.'' സ്‌കലോണി പറഞ്ഞുനിര്‍ത്തി.

'വേണ്ടത്ര അറിവില്ല, അനുഭവം ഇല്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്'; എംബാപ്പെയോട് എമിലിയാനോ മാര്‍ട്ടിനസ്

click me!