തലയെടുപ്പോടെ മെസി അബുദാബിയില്‍, അര്‍ജന്റൈന്‍ ടീമിനൊപ്പം ചേര്‍ന്നു; ഇതിഹാസ താരത്തിന് ഗംഭീര വരവേല്‍പ്പ്- വീഡിയോ

By Web Team  |  First Published Nov 14, 2022, 3:44 PM IST

യൂറോപ്യന്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ അവസാനിച്ചെത്തുന്ന നെയ്മര്‍ അടക്കമുള്ളവര്‍ക്കൊപ്പം വാരാന്ത്യത്തില്‍ കാനറികള്‍ ഖത്തറിലിറങ്ങും.


ദോഹ: അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി ഖത്തര്‍ ലോകകപ്പിനായി അര്‍ജന്റൈന്‍ ടീമിനൊപ്പം ചേര്‍ന്നു. ഡി മരിയയും ടീമിനൊപ്പം ചേര്‍ന്നു. ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് നല്‍കിയത്. ലോകമെങ്ങുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് മെസി അബുദബിയിലെത്തി ടീം ക്യാംപില്‍ ചേര്‍ന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചല്‍ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസി യുഎിയിലെത്തിയത്. വൈകിട്ട്  പരിശീലന സെഷനില്‍ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. വീഡിയോ കാണാം..

😍😍 pic.twitter.com/Gvlor477B8

— Messi Fc (@Messi30FC)

ഇന്നും നാളെയുമായി ദോഹയില്‍ എട്ട് ടീമുകളെത്തുമെന്നാണ് വിവരം. ഞായറാഴ്ചത്തെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന്റെ എതിരാളികളായ ഇക്വേഡര്‍ വിമാനം ഇറങ്ങുക നാളെ. ടിറ്റെ അടങ്ങുന്ന ബ്രസീലിയന്‍ പരിശീലകസംഘം ലോകകപ്പിന് മുന്‍പുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനില്‍ എത്തി. യൂറോപ്യന്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ അവസാനിച്ചെത്തുന്ന നെയ്മര്‍ അടക്കമുള്ളവര്‍ക്കൊപ്പം വാരാന്ത്യത്തില്‍ കാനറികള്‍ ഖത്തറിലിറങ്ങും.

Latest Videos

ഒമാനിലെ പരിശീലന ക്യാപിലെത്തിയ ജര്‍മ്മന്‍ ടീമിന് മറ്റന്നാള്‍ സന്നാഹ മത്സരമുണ്ട്. വൈവിധ്യം വിജയിക്കും എന്ന സന്ദേശമെഴുതിയ പ്രത്യേക ജെറ്റ് വിമാനത്തില്‍ ആയിരുന്നു ഒമാനിലേക്കുള്ള യാത്ര. 

ട്രോഫി ദോഹയില്‍

വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കി ഫിഫ ലോകകപ്പ് ട്രോഫി ദോഹയില്‍ എത്തി. 32 കളിസംഘങ്ങളും മോഹിക്കുന്ന സ്വര്‍ണക്കപ്പ് അറബ് മണ്ണില്‍ പറന്നിറങ്ങി. രാഷ്ടത്തലവന്മാര്‍ക്കോ വിശ്വജേതാക്കള്‍ക്കോ മാത്രമേ ഫിഫ ട്രോഫിയില്‍ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാല്‍ ലോകകപ്പ് അനാവരണം ചെയ്തത് 1998ല്‍ ചാംപ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്‌സെല്‍ ദേസൊയിയായിരുന്നു. 

ഖത്തറില്‍ ബ്രസീല്‍ ജേതാക്കളാകുമെന്ന് സര്‍വെ

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടുമെന്ന് സര്‍വേഫലം. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ലോകകപ്പ് പ്രവചന സര്‍വേ നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 135 ഫുട്‌ബോള്‍ വിദഗ്ധര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ബ്രസീല്‍ കിരീടം നേടുമെന്ന പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് പ്രവചിച്ചത്. അര്‍ജന്റീന ചാമ്പ്യന്‍മാരാവുമെന്ന് 15 ശതമാനംപേരും ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുമെന്ന് പതിനാല് ശതമാനംപേരും അഭിപ്രായപ്പെട്ടു. ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകളുടെ പിന്തുണ രണ്ടക്കത്തിലെത്തിയില്ല.

click me!