എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി ഡി മരിയ
ബ്യൂണസ് ഐറീസ്: കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം എയ്ഞ്ചൽ ഡി മരിയ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. എല്ലാ പിന്തുണയ്‌ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ഡി മരിയ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. അടുത്ത വര്‍ഷം അമേരിക്കയിൽ വച്ചാണ് കോപ്പ് അമേരിക്ക ടൂര്‍ണമെന്‍റ് നടക്കുന്നത്.
കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്‍റീന നേടിയത് ബ്രസീലിനെതിരായ ഡി മരിയയുടെ ഒറ്റ ഗോളിലായിരുന്നു. ഖത്തര്‍ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയും ഡി മരിയ ഗോൾ നേടി. 2008ൽ അര്‍ജന്‍റീന കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ഡി മരിയ ടീമിനായി ആകെ 134 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 29 ഗോളുകള്‍ നേടി. നാല് ലോകകപ്പുകളില്‍ കളിക്കാന്‍ ഡി മരിയക്കായി. ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെതിരെ മാറക്കാന സ്റ്റേഡിയത്തിലാണ് ഡി മരിയ അടുത്തിടെ അര്‍ജന്‍റീനക്കായി ഇറങ്ങിയത്. 78-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് പകരക്കാരനായാണ് മരിയ കളത്തിലെത്തിയത്. ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡ്, പിഎസ്‌ജി, യുവന്‍റസ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കായി കളിച്ചിട്ടുള്ള ഡി മരിയ ഇപ്പോള്‍ പോര്‍ച്ചുഗീസ് ചാമ്പ്യന്‍മാരായ ബെന്‍ഫിക്കയ്‌ക്കായാണ് ബൂട്ട് കെട്ടുന്നത്.
undefined
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലിയോണല്‍ മെസിയും എയ്ഞ്ചൽ ഡി മരിയയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ കളത്തിലിറങ്ങിയ മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചിരുന്നു. 63-ാം മിനുറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടി തലവെച്ച നിക്കോളാസ് ഒട്ടാമെന്‍ഡിയാണ് അര്‍ജന്‍റീനയ്‌ക്ക് സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ ജയമൊരുക്കിയത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ ബഹുദൂരം പിന്നിലാക്കി അര്‍ജന്‍റീന മുന്നില്‍ കുതിക്കുകയാണ്. 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമേ ആറാമത് നില്‍ക്കുന്ന ബ്രസീലിനുള്ളൂ.
ഡി മരിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
Read more: തല്ലിന് ശിക്ഷ വരുന്നു, ബ്രസീലിനെതിരെ കനത്ത നടപടിക്ക് സാധ്യത; ഫിഫ ലോകകപ്പ് യോഗ്യത തുലാസില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം