ക്രൊയേഷ്യക്കെതിരെ മറ്റൊരു പ്രതിസന്ധിയെ കൂടെ സ്കലോണിക്ക് നേരിടാനുണ്ട്. സസ്പെൻഷനിലായ ഗോൺസാലോ മോണ്ടിയേലിന്‍റെയും അക്യൂനയുടേയും അഭാവം മറികടക്കുക പ്രയാസകരം തന്നെയാണ്
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ സെമിയില്‍ ക്രൊയേഷ്യയെ നേരിടാനുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി പരീക്ഷണങ്ങളുടെ പണിപ്പുരയില്‍. ഓരോ മത്സരങ്ങള്‍ക്കും വേണ്ടി എതിര്‍ ടീമിന്‍റെ ശക്തി - ദൗര്‍ബല്യങ്ങള്‍ മനസിലാക്കി തന്ത്രം മെനയുന്ന പരിശീലകനാണ് സ്കലോണി. നെതര്‍ലാന്‍ഡ്സിനെതിരെയുള്ള മത്സരത്തില്‍ 3-5-2 ഫോര്‍മേഷനില്‍ ടീമിനെ ഇറക്കി കളം പിടിച്ചത് തന്നെയാണ് ഇതിന് ഉദാഹരണം.
എന്നാല്‍, ക്രൊയേഷ്യക്കെതിരെ മറ്റൊരു പ്രതിസന്ധിയെ കൂടെ സ്കലോണിക്ക് നേരിടാനുണ്ട്. സസ്പെൻഷനിലായ ഗോൺസാലോ മോണ്ടിയേലിന്‍റെയും അക്യൂനയുടേയും അഭാവം മറികടക്കുക പ്രയാസകരം തന്നെയാണ്. ഇന്നലെ അന്തിമ പരിശീലന സെഷനില്‍ ഈ പ്രശ്നത്തെ ക്ലീന്‍ ആയി ടാക്കിള്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പതിവ് 4 -3 -3 ഫോർമേഷനൊപ്പം നെതർലൻഡ്സിനെതിരെ ഇറങ്ങിയ 5 -3 -2 ഫോർമേഷനും 4 -4 -2 ഫോർമേഷനും പരിശീനത്തിനിടെ സ്കലോണി പരീക്ഷിച്ചു.
undefined
റോഡ്രിഗോ ഡി പോളും ഏഞ്ചൽ ഡി മരിയയും പരിക്കിൽ നിന്ന് മുക്തരായിട്ടുണ്ട്. ഇവർ എത്രസമയം കളിക്കുമെന്നതിനെ ആശ്രയിച്ചാണ് ടീമിന്‍റെ ഘടന നിശ്ചയിക്കുക. ലീഡ് നേടിയ ശേഷം അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന പ്രശ്നത്തെയും ഇതിനൊപ്പം നേരിടണം. ഡി പോള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടാല്‍ മധ്യനിരയില്‍ നിന്ന് ഡിഫന്‍സിന് ലഭിക്കുന്ന സഹായം കുറയുന്നുണ്ട്. 4-3-3 അല്ലെങ്കില്‍ 4-4-2 തുടക്കത്തില്‍ പരീക്ഷിച്ച് ലീഡ് നേടിയ ശേഷം 5-3-2 എന്ന പ്രതിരോധത്തില്‍ ഊന്നിയ ഫോര്‍മേഷനിലേക്ക് മാറ്റാനുള്ള സാധ്യതകളും തള്ളി കളയാനാകില്ല.
മോളീന, റൊമേറോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരായിരിക്കും പ്രതിരോധത്തില്‍ കളിക്കുക. അഞ്ച് ഡിഫന്‍ഡര്‍മാരെ പരീക്ഷിച്ചാല്‍ ലിസാൻഡ്രോ മാര്‍ട്ടിനസിനും അവസരം ലഭിക്കുക. മധ്യനിരയിൽ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അക് അലിസ്റ്റർ എന്നിവർക്കും സ്ഥാനമുറപ്പ്. ഡി മരിയ കളിക്കുന്നില്ലെങ്കിൽ ലിയോണൽ മെസിയും ജൂലിയൻ അൽവാരസും മാത്രമായിക്കും മുന്നേറ്റത്തിലുണ്ടാവുക.