സാക്ഷാൽ മറഡോണയ്ക്ക് തെറ്റിയപ്പോൾ ആദ്യമായി അർജന്റീന ചിരിക്കുന്നു; സ്കലോണേറ്റ ഒരു സംഭവം തന്നെ!

By Vandana PR  |  First Published Dec 19, 2022, 10:02 PM IST

ഇന്നിപ്പോൾ നാലുവർഷത്തിനിപ്പുറം അർജന്റീനക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സ്കലോണി. 36 വർഷത്തിനിപ്പുറം മൂന്നാം ലോകകിരീടം, മെസിയുടെ ആദ്യ ലോകകിരീടം നാട്ടിലെത്തുമ്പോൾ അർജന്റീനക്കാർ സ്കലോണിയെ നെഞ്ചേറ്റുന്നു.


ഒരു ട്രാഫിക് പോലും നിയന്ത്രിക്കാൻ അറിയാത്ത ഇയാളെയാണോ നിങ്ങൾ ദേശീയ ടീമിന്റെ കോച്ച് ആക്കുന്നത്? നാലുവർഷം മുമ്പ് ലിയോണൽ സ്കലോണിയെ കോച്ച് ആക്കിയപ്പോൾ സാക്ഷാൽ മറഡോണ ഞെട്ടി ചോദിച്ചതാണത്. സ്ഥാനമൊഴിഞ്ഞ ജോർജ് സാംപോളിയുടെ സഹപരിശീലകരിൽ ഒരാളായ 40കാരൻ സ്കലോണിയെ കോച്ചാക്കാൻ തീരുമാനിച്ചപ്പോൾ ഞെട്ടിയത് മറഡോണ മാത്രമായിരുന്നില്ല. ഇന്നിപ്പോൾ നാലുവർഷത്തിനിപ്പുറം അർജന്റീനക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സ്കലോണി. 36 വർഷത്തിനിപ്പുറം മൂന്നാം ലോകകിരീടം, മെസിയുടെ ആദ്യ ലോകകിരീടം നാട്ടിലെത്തുമ്പോൾ അർജന്റീനക്കാർ സ്കലോണിയെ നെഞ്ചേറ്റുന്നു.

പ്രായോഗികതയുടെ രസതന്ത്രവും മൈതാനത്തെ വിന്യാസങ്ങളുടെ ഗണിതശാസ്ത്രവും മാത്രമല്ല സ്കലോണി പരീക്ഷിച്ചതും വിജയപ്പിച്ചതും.  കൂട്ടായ്മയുടെയും ഐക്യത്തിന്റേയും മാനവികത കൂടിയാണ് സ്കലോണി ടീമംഗങ്ങൾക്കിടയിൽ പരത്തിയതും പഠിപ്പിച്ചതും. സ്കലോണി പറഞ്ഞതും പഠിപ്പിച്ചതും കളിക്കാർ ഒന്നിച്ച് നിന്ന് നടപ്പാക്കി. സൂപ്പർ താരത്തിൽ നിന്ന് മെസി സൂപ്പർ നായകനായി. കളിക്കുക മാത്രമല്ല കളിപ്പിക്കുകയും ചെയ്തു. സ്കലോണി നല്ല അധ്യാപകനായി. മെസി നല്ല ക്ലാസ് ലീഡറായി. ക്ലാസ് മികച്ച ടീമായി. അവരൊന്നിച്ച് കളിച്ചു.  സ്കലോണിയും കൂട്ടരും ഒരൊറ്റ യൂണിറ്റ് ആയി. ആ ഐക്യപ്പെടലിന് ഡിപോളിന്റെ വാചകം മാത്രം മതി സാക്ഷ്യപ്പെടലായി. നട്ടുച്ചനേരത്ത് സ്കലോണി ഞങ്ങളോട് പറയുകയാണ് ഗുഡ്നൈറ്റ് എന്ന്, എങ്കിൽ ഞങ്ങൾക്കും അത് രാത്രിയാണ്. അതിലുമപ്പുറം ഒരു സർട്ടിഫിക്കേറ്റ് കിട്ടാനുണ്ടോ ഒരു കോച്ചിന് ?

Latest Videos

undefined

കളിക്കളത്തിൽ അധികം മിന്നിയിട്ടില്ലാത്ത കളിക്കാരനായിരുന്നു സ്കലോണി. സ്പെയിനിലും ഇറ്റലിയിലും ഇംഗ്ലണ്ടിലുമെല്ലാം പ്രമുഖ ക്ലബുകൾക്കായി കളിച്ചു. അർജന്റീനക്കായി 2006ലെ ലോകകപ്പിലുൾപ്പെടെ ഏഴുവട്ടം കളിച്ചു. പക്ഷേ കളിക്കളത്തിലെന്ന പോലെ പ്രതിരോധമികവ്, എപ്പോഴും വട്ടമിട്ടു നടന്ന പരിക്കിനോടെടുക്കാൻ സ്കലോണിക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് പരിശീലകനാകാനുള്ള റോൾ മാറ്റത്തിലേക്ക് പതുക്കെ ചുവട് മാറ്റിയത്. തുടക്കം സാംപോളിക്കൊപ്പം 2016ൽ സെവിയ്യയിൽ. പിന്നെ തുടർച്ചയായ ഫൈനൽ തോൽവികൾക്ക് പിന്നാലെ 2018 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റതോടെ സാംപോളിക്ക് കസേര പോയപ്പോൾ തത്കാലത്തേക്ക് ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല. ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹപരിശീലകൻ പാബ്ലോ ഐമറും ചേർന്നായിരുന്നു തുടക്കം.

2014ലെ കലാശപ്പോരാട്ടത്തിൽ വീഴ്ച, 2018ലെ നേരത്തെ പോകൽ. നിരാശയുടെ പടുകുഴിയിൽ വീണ അർജന്റീനയുടെ ടീമിന് പുതുശ്വാസം നൽകലായിരുന്നു, ആത്മവിശ്വാസം തിരിച്ച് നൽകലായിരുന്നു സ്കലോണി ആദ്യം ചെയ്തത്. പോസിറ്റിവിറ്റിയുടെ മൈതാനത്തേക്കാണ് അയാൾ തന്റെ കളിക്കാരെ ആദ്യമെത്തിച്ചത്. 2016ലെ കോപ്പ തോൽവിക്ക് ശേഷം ഹൃദയം തകർന്ന മെസിയുടെയുള്ളിൽ ഉൾപ്പെടെ ആത്മവിശ്വാസം നിറച്ചു.  

അണ്ടർ 20 ടീമിന്റെ കോച്ചായുള്ള ദിവസങ്ങൾ മാത്രം കൈമുതലായിരുന്ന സ്കലോണി മെസിക്കൊപ്പം നിൽക്കാനും കളിക്കാനും പറ്റിയ യുവനിരയെ വാർത്തെടുത്തു. ആ നീക്കം ശരിയായ ദിശയിലെന്ന് 28 വർഷത്തിന് ശേഷം ഒരു പ്രമുഖകിരീടം നാട്ടിലെക്കേത്തിച്ചതോടെ തെളിഞ്ഞു. 2021ലെ കോപ്പ അമേരിക്ക കിരീടം മെസിയുടെ ആത്മവിശ്വാസമേറ്റി. രാജ്യത്തിന്റെ പ്രതീക്ഷകൾക്ക് തിളക്കം നൽകി. ടീമിന്റെ ഉഷാറു കൂട്ടി. ലോകകപ്പ് പ്രതീക്ഷകൾ വാനോളമായി. ടൂർണമെന്റ് തുടങ്ങും മുമ്പ് തന്നെ, സ്കലോണിയുടെ കരാർ 2026 വരെ നീട്ടി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ സ്കലോണിയിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. ഒപ്പമുണ്ടെന്നറിയിച്ചു. 2002ൽ മാർസെലോ ബിയെൽസക്ക് ശേഷം ഇതാദ്യമായി ലോകകപ്പിന് ശേഷവും കോച്ചിന്റെ സ്ഥാനത്ത് മാറ്റമില്ലാതിരിക്കുന്നു.

മെസിയെ നായകനാക്കി, പക്ഷേ ഓരോരുത്തരും നന്നായി കളിച്ചാലേ ടീം ജയിക്കൂ എന്ന് എല്ലാവരെയും ഓർമിപ്പിച്ചു. ആ കൂട്ടായ്മയുടെ യോജിപ്പ് എല്ലാവരിലും എത്തിച്ചു. അവരെല്ലാവരും ഒരു മേശക്ക് ചുറ്റുമാണിരിക്കുക. ഓറോരുത്തരുടെയും സന്തോഷവും സങ്കടവും എല്ലാവരുടേതുമാകുന്നു. ഒന്നിച്ച് നിന്ന് കളിച്ച് തന്ത്രങ്ങൾ പ്രായോഗികതയുടെ സൂത്രശാലിത്വത്താൽ മാറ്റിപ്പണിത് മാറ്റിപ്പണിത് ഒന്നിച്ച് നിന്ന് സ്കലോണി നേടിയിരിക്കുന്നു. തെളിയിച്ചിരിക്കുന്നു. അർജന്റീന ഒറിക്കൽ കൂടി, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കിരീടം കയ്യിലേന്തി ആഘോഷിക്കുമ്പോൾ നാടുമുഴുവൻ പരക്കുന്ന നീലനിറം പ്രതിഫലിക്കുന്ന വാനത്തിലിരുന്ന് മറഡോണ സന്തോശാശ്രുക്കൾ പൊഴിക്കുന്നു. സ്കലോണിയെ കുറിച്ച് പറഞ്ഞത് തെറ്റിപ്പോയതിൽ ഫുട്ബോളിലെ ദൈവത്തിന് നിരാശയില്ല. സന്തോഷമേയുള്ളു. സ്കലോണേറ്റ സംഭവമാണ്.

ഖത്തറിന് ഇതിൽ കൂടുതൽ എന്ത് വേണം! 'എല്ലാ ടൂർണമെന്റുകളും മിഡിൽ ഈസ്റ്റിലാകട്ടെ'; ആകാശത്തോളം വാഴ്ത്തി കെപി

click me!