'ഇതാ ഞങ്ങൾ വരുന്നു, ഖത്തർ'; ആര്‍പ്പുവിളിക്കാന്‍ അവരുണ്ടാകും ഗാലറിയില്‍, ചിത്രമേറ്റെടുത്ത് ആരാധകര്‍

By Web Team  |  First Published Nov 20, 2022, 8:50 PM IST

അര്‍ജന്‍റീനയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കാനും മെസി കപ്പുയര്‍ത്തുന്നത് കാണാനുമാണ് കുടുംബം ഖത്തറിലേക്ക് പറന്നിട്ടുള്ളത്


പാരീസ്: ലോകകപ്പിനായി ഖത്തറിലേക്ക് പറക്കും മുമ്പ് മനോഹരമായ ചിത്രം പങ്കുവെച്ച് ലിയോണല്‍ മെസിയുടെ ഭാര്യ ആന്‍റോണെലാ റോക്കൂസോ. അര്‍ജന്‍റീനയുടെ 10-ാം നമ്പര്‍ ജേഴ്സി ധരിച്ച മക്കളുടെ ചിത്രമാണ് ആന്‍റോണെലാ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതാ ഞങ്ങൾ വരുന്നു, ഖത്തർ എന്നാണ് ചിത്രത്തോടൊപ്പം അവര്‍ കുറിച്ചത്. മെസിയുടെ മക്കളായ തിയാഗോ (10), മറ്റിയോ (7), സിറോ (4) എന്നിവര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ താരങ്ങളാണ്. തിയാഗോയ്ക്കും മറ്റിയോയ്ക്കും ഒപ്പം ഫുട്ബോള്‍ കളിക്കുന്ന മെസിയുടെ വീഡിയോ മുമ്പ് വൈറലായിരുന്നു.

അര്‍ജന്‍റീനയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കാനും മെസി കപ്പുയര്‍ത്തുന്നത് കാണാനുമാണ് കുടുംബം ഖത്തറിലേക്ക് പറന്നിട്ടുള്ളത്. അതേസമയം,  ചില ആശങ്കയുടെ വാര്‍ത്തകളും അര്‍ജന്‍റീന ക്യാമ്പില്‍ നിന്ന് പുറത്ത് വന്നിരുന്നു. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നായകന്‍ ലിയോണല്‍ മെസി ടീം അംഗങ്ങള്‍ക്കൊപ്പം ഇറങ്ങാതെ ഒറ്റയ്ക്കാണ് പരിശീലനത്തിന് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Antonela Roccuzzo (@antonelaroccuzzo)

ക്ലബ്ബ് സീസണ്‍ ഇടവേളയിലേക്ക് കടക്കുന്നതിന് മുമ്പ് മെസിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഒരു മത്സരത്തില്‍ പുറത്തിരുന്ന ശേഷം അവസാന കളിയില്‍ താരം തിരിച്ചെത്തിയിരുന്നു. അര്‍ജന്‍റീനയുടെ യുഎഇയുമായുള്ള സന്നാഹ മത്സരത്തില്‍ 90 മിനിറ്റും താരം കളിച്ചതോടെ പരിക്കിന്‍റെ ആശങ്കകള്‍ എല്ലാം അകന്നുവെന്നാണ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. എന്തെങ്കിലും പരിക്ക് താരത്തിനുണ്ടോയെന്ന സംശയങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഇന്നലെ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ടീം ഓപ്പണ്‍ ട്രെയിനിംഗിന് മെസിയുണ്ടായിരുന്നില്ല. പകരം താരം ജിമ്മിലാണ് സമയം ചെലവഴിച്ചത്. എന്നാല്‍, അടച്ചിരുന്ന സ്റ്റേഡിയത്തില്‍ രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ മെസിയും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഒറ്റയ്ക്കായിരുന്നു മെസി പരിശീലിച്ചത്. പേശിയിലുള്ള പ്രശ്നം കാരണം മുന്‍കരുതല്‍ എന്ന നിലയിലാണ് താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതെന്നാണ് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ മെസി കളത്തിലുണ്ടാകും എന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ ടീം ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

അമ്പമ്പോ! ഇത് ഹാരി മഗ്വെയര്‍ തന്നെയോ, മൂക്കത്ത് വിരല്‍ വച്ച് പോകും, കിടിലന്‍ സ്കില്‍; വീഡിയോ

click me!