മെസി ഇല്ലാതെയും അർജന്‍റീന പടയോട്ടം; എല്‍ സാല്‍വദോറിനെതിരെ മൂന്ന് ഗോള്‍ ജയം

By Web Team  |  First Published Mar 23, 2024, 7:32 AM IST

ലിയോണല്‍ മെസിയുടെ അഭാവത്തില്‍ സീനിയർ താരം ഏഞ്ചല്‍ ഡി മരിയയാണ് അർജന്‍റീനയെ നയിച്ചത്


ഫിലഡെൽഫിയ: രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ എല്‍ സാല്‍വദോറിനെതിരെ ഗംഭീര ജയവുമായി അർജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ ലോക ചാമ്പ്യന്‍മാർ എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയിച്ചത്. ക്രിസ്റ്റ്യന്‍ റൊമേറോയും എന്‍സോ ഫെർണാണ്ടസും ജിയോവാനി ലോ സെല്‍സോയുമാണ് അർജന്‍റീനയുടെ സ്കോറർമാർ. 

ലിയോണല്‍ മെസിയുടെ അഭാവത്തില്‍ സീനിയർ താരം ഏഞ്ചല്‍ ഡി മരിയയാണ് അർജന്‍റീനയെ നയിച്ചത്. ഡി മരിയക്കൊപ്പം ലൗട്ടാരോ മാർട്ടിനസായിരുന്നു ആക്രമണത്തില്‍. റോഡ്രിഗോ ഡി പോളും ലിയാണ്‍ഡ്രോ പരേഡസും എന്‍സോ ഫെർണാണ്ടസും ജിയോവാനി ലോ സെല്‍സോയും മധ്യനിരയിലിറങ്ങി. നെഹ്യൂൻ പെരസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ്  ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഇവാൻ ഗോൺസാലസ് എന്നിവരായിരുന്നു പ്രതിരോധക്കോട്ട കാക്കാനിറങ്ങിയത്. പതിവുപോലെ ലോകകപ്പ് ഫൈനല്‍ ഹീറോ എമിലിയാനോ മാർട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ പടയാളി. 

Latest Videos

undefined

കിക്കോഫായി 16-ാം മിനുറ്റില്‍ തന്നെ അർജന്‍റീന ലീഡ് പിടിച്ചു. കോർണർ കിക്കില്‍ ഡി മരിയ വരച്ചുനല്‍കിയ പന്തില്‍ പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോയുടെ വകയായിരുന്നു ഗോള്‍. 42-ാം മിനുറ്റില്‍ മധ്യനിര താരം എന്‍സോ ഫെർണാണ്ടസ് അനായാസ ഫിനിഷിലൂടെ ലീഡ് രണ്ടാക്കി. രണ്ടാംപകുതി തുടങ്ങിയതും അർജന്‍റീന എന്‍സോയ്ക്ക് പകരം നിക്കോളാസ് ഒട്ടാമെണ്ടിയെയും നിക്കോളാസ് ഗോണ്‍സാലസിന് പകരം ഗർണാച്ചോയേയും ഇറക്കി. പിന്നാലെ 52-ാം മിനുറ്റില്‍ മധ്യനിര താരം ലോ സെല്‍സോയുടെ ഗോളെത്തി. ലൗട്ടാരോ മാർട്ടിനസിന്‍റെ വകയായിരുന്നു അസിസ്റ്റ്. എന്നാല്‍ പിന്നീടങ്ങോട്ട് എതിരാളികള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. 

കോസ്റ്റാറിക്കയ്ക്ക് എതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം എട്ടരയ്ക്കാണ് കളി തുടങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!