ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മത്തേയു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. അര്‍ജന്റീന ക്യാപ്റ്റന്‍ ലിയോണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തി. ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാറെ നിയോഗിക്കണമെന്നാണ് മെസി പറഞ്ഞത്. നടപടിയെടുക്കുമെന്നുള്ളതിനാല്‍ കൂടുതലൊന്നും സംസാരിക്കുന്നില്ലെന്നും മെസി പറഞ്ഞു.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്. വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലൂസേഴ്‌സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്. ഈ മത്സരങ്ങളില്‍ ലാഹോസ് ഉണ്ടാവില്ല. എന്നാല്‍ ലാഹോസിനെ ഒഴിവാക്കിയെന്ന് ഫിഫയോ റഫറിയിംഗ് പാനലോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്പാനിഷ് ലീഗിലും വിവാദ തീരുമാനങ്ങളിലൂടെ നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ലാഹോസ്.
undefined
അതേസമയം ക്രൊയേഷ്യ- അര്‍ജന്റീന സെമി ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നത് ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റ് ആയിരിക്കും. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്റൈന്‍ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാന്‍ ഫിഫ തീരുമാനിച്ചത്. ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളാണ് ഓര്‍സാറ്റ്. ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടന മത്സരവും നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു.
ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്റെ പേരിനാണ് മുന്‍തൂക്കം. കളിയുടെ ഒഴുക്ക് നഷ്ടമാവാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും,കളിക്കാരെ സൗഹാര്‍ദ പൂര്‍വ്വം നിലയ്ക്ക് നിര്‍ത്തുന്നതിലും മിടുമിടുക്കനാണ് ഒര്‍സാറ്റ്. അര്‍ജന്റീനയുടെ മെക്‌സികോക്കെതിരായ മത്സരം നിയന്ത്രിച്ചതും ഇതേ ഒര്‍സാറ്റാണ്. അന്ന് നല്ല രീതിയില്‍ മത്സരം നിയന്ത്രിച്ചതിനാലാണ് ടെക്‌നിക്കല്‍ മീറ്റിംഗില്‍ അര്‍ജന്റൈന്‍ പ്രതിനിധികള്‍ ഒര്‍സാറ്റോയെ എതിര്‍ക്കാതിരുന്നത്.
യൂറോ കപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ച പരിചയം 46കാരനായ ഒര്‍സാറ്റിനുണ്ട്. കഴിഞ്ഞ ലോകകപ്പിലാണ് ഒര്‍സാറ്റ് ആദ്യമായി ലോകകപ്പില്‍ അരങ്ങേറിയത്. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ പോരാട്ടത്തില്‍ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.