എംബാപ്പെയെ ക്യാപ്റ്റനാക്കിയതിലുള്ള അമര്‍ഷം; വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി ഗ്രീസ്‌മാൻ

By Web Team  |  First Published Mar 24, 2023, 11:11 AM IST

ഫ്രഞ്ച് പരിശീലന ക്യാംപില്‍ വച്ച് തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് താരങ്ങളെ എല്ലാം വിളിച്ച് കൂട്ടിയാണ് കിലിയൻ എംബാപ്പെയെ നായകനാക്കുന്ന കാര്യം പരിശീലകന്‍ ദിദിയര്‍ ദെഷാം അറിയിച്ചത്


പാരിസ്: കിലിയൻ എംബാപ്പെയെ ഫ്രഞ്ച് ഫുട്ബോള്‍ ടീമിന്‍റെ നായകനാക്കിയതിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി അന്‍റോയിന്‍ ഗ്രീസ്‌മാൻ. യൂറോപ്യന്‍ മാധ്യമങ്ങളിൽ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗ്രീസ്‌മാന്‍ പറഞ്ഞു. അതേസമയം ഗ്രീസ്‌മാനുമായി സംസാരിച്ചെന്നും നായകപദവി നഷ്‌ടമായതിലെ നിരാശ മനസിലാക്കാന്‍ കഴിയുന്നതാണെന്നും പുതിയ ഫ്രഞ്ച് നായകന്‍ എംബാപ്പെ വ്യക്തമാക്കി. ഗ്രീസ്‌മാന്‍റെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കിലും സമാന പ്രതികരണം നടത്തിയേനേ. മുതിര്‍ന്ന താരങ്ങളെയും ഉള്‍ക്കൊണ്ടാകും തന്‍റെ സമീപനങ്ങളെന്നും എംബാപ്പെ വ്യക്തമാക്കി.

ഫ്രഞ്ച് പരിശീലന ക്യാംപില്‍ വച്ച് തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് താരങ്ങളെ എല്ലാം വിളിച്ച് കൂട്ടിയാണ് കിലിയൻ എംബാപ്പെയെ നായകനാക്കുന്ന കാര്യം പരിശീലകന്‍ ദിദിയര്‍ ദെഷാം അറിയിച്ചത്. നായകനായി നിയമിക്കുന്ന കാര്യം എംബാപ്പെയോട് നേരിട്ട് പറഞ്ഞ് ഒരു മണിക്കൂറിന് ശേഷമായിരുന്നു മറ്റുള്ളവരോടുള്ള വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയായിരുന്നു ഗ്രീസ്‌മാന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നത്. യുവതാരം എംബാപ്പെയെ നായകനാക്കിയപ്പോള്‍ 117 മത്സരങ്ങളില്‍ ഫ്രാന്‍സിനായി ബൂട്ടണിഞ്ഞിട്ടുള്ള ഗ്രീസ്‌മാന് ഉപനായകപദവിയാണ് ദിദിയര്‍ ദെഷാം നല്‍കിയത്. 

Latest Videos

undefined

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ നായകനായിരുന്ന ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഫൈനലില്‍ അര്‍ജന്‍റീനോട് തോറ്റതിന് പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മറ്റൊരു സീനിയര്‍ താരവും പ്രതിരോധഭടനുമായിരുന്ന റാഫേല്‍ വരാനും പിന്നാലെ വിരമിച്ചതോടെയാണ് ഫ്രാന്‍സിന് പുതിയ നായകനെ തേടേണ്ടിവന്നത്. ഹ്യൂഗോ ലോറിസ് 145 ഉം റാഫേല്‍ വരാന്‍ 93 ഉം മത്സരങ്ങളില്‍ ഫ്രാന്‍സിന്‍റെ നീലക്കുപ്പായമണിഞ്ഞിട്ടുണ്ട്. അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ദേശീയ ടീമിന്‍റെ നായകനായ ലോറിസ് പിന്നീട് വിരമിക്കുവോളം 121 മത്സരങ്ങളില്‍ ക്യാപ്റ്റന്‍റെ ആംബാന്‍ഡ് കൈയിലണിഞ്ഞിരുന്നു. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലാണ് കിലിയന്‍ എംബാപ്പെയുടെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ഫ്രാന്‍സ് കളത്തിലിറങ്ങുക. 

മഴവില്ലഴകുള്ള ഫ്രീകിക്ക്, 800 ഗോള്‍ തികച്ച് മെസി; വിജയത്തേരില്‍ അര്‍ജന്‍റീന

click me!