ഗോള്‍ നിറയ്ക്കുന്ന എംബാപ്പെയല്ല, ഫ്രഞ്ച് കുതിപ്പിന് പിന്നിലെ എഞ്ചിന്‍ വേറെ, ടാക്റ്റിക്സിലെ ദെഷാംസ് പവര്‍

By Web Team  |  First Published Dec 4, 2022, 3:18 PM IST

ഗോളടിക്കാൻ സ്വപ്നം കണ്ടാണ് എല്ലാ സ്ട്രൈക്കർമാരും ലോകകപ്പിനെത്തുന്നതെങ്കിലും ഇത്തവണ ഗ്രീസ്മാന് ചുമതല കളിമെനയുകയെന്നതാണ്. കരീം ബെൻസേമ പരിക്കേറ്റ് പുറത്തായതോടെയാണ് ഗ്രീസ്മാനെ മധ്യനിരയിലേക്ക് മാറ്റി കോച്ച് ദിദിയര്‍ ദെഷാംസ് മറുതന്ത്രം മെനഞ്ഞത്


ദോഹ: ചാമ്പ്യന്മാരായി എത്തി മിന്നുന്ന പ്രകടനമാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പില്‍ കാഴ്ചവെയ്ക്കുന്നത്. ടീമിന്‍റെ മുന്നേറ്റത്തിൽ ഏറ്റവുമധികം കയ്യടി നേടുന്ന താരമാണ് കിലിയൻ എംബപ്പെ. എന്നാൽ ടീമിന് വേണ്ടി പൊസിഷൻ മാറാനുള്ള അന്‍റോയിൻ ഗ്രീസ്മാന്‍റെ തീരുമാനമാണ് ഫ്രഞ്ച് മുന്നേറ്റത്തിൽ നിർണായകമാവുന്നത്. സ്പാനിഷ് ക്ലബ്ബ് അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ മിന്നും താരമാണ് അന്‍റോയിൻ ഗ്രീസ്മാൻ. ഫ്രാൻസിനായി ഏറ്റവും അധികം ഗോളുകള്‍ നേടിയിട്ടുള്ള മൂന്നാമത്തെ താരം എന്ന മേല്‍വിലാസം കൂടെ ഗ്രീസ്മാനുണ്ട്.

ഗോളടിക്കാൻ സ്വപ്നം കണ്ടാണ് എല്ലാ സ്ട്രൈക്കർമാരും ലോകകപ്പിനെത്തുന്നതെങ്കിലും ഇത്തവണ ഗ്രീസ്മാന് ചുമതല കളിമെനയുകയെന്നതാണ്. കരീം ബെൻസേമ പരിക്കേറ്റ് പുറത്തായതോടെയാണ് ഗ്രീസ്മാനെ മധ്യനിരയിലേക്ക് മാറ്റി കോച്ച് ദിദിയര്‍ ദെഷാംസ് മറുതന്ത്രം മെനഞ്ഞത്. എംബപ്പെ, ജിറൂദ്, ഡെംബലെ ത്രയത്തെ സഹായിക്കുകയാണ് ഖത്തറിൽ ഗ്രീസ്മാന്റെ ചുമതല.

Latest Videos

undefined

പല താരങ്ങളും പൊസിഷൻ മാറ്റുന്ന തീരുമാനങ്ങളിൽ അസ്വസ്ഥരാകാറുണ്ടെങ്കിലും ഗ്രീസ്മാൻ കോച്ചിൽ പൂർണമായി വിശ്വസിക്കുകയാണ്. ടീം ആവശ്യപ്പെടുന്നത് നൽകാനാണ് താന്‍ കളിക്കുന്നതെന്ന് ഗ്രീസ്മാന്‍ തുറന്ന് പറയുന്നത്. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള പാലമാവുകയാണ് ഇത്തവണ തന്‍റെ നിയോഗം. ഗോൾ സ്കോർ ചെയ്യാനാകാത്തതിൽ ആശങ്കയില്ലെന്നും മൂന്നാം ലോകകപ്പ് കളിക്കുന്ന ഗ്രീസ്മാൻ പറഞ്ഞു.

പരാതിയില്ലാതെ കോച്ചിന്‍റെ മനസിനൊപ്പം നിൽക്കാനുള്ള ഗ്രീസ്മാന്റെ തീരുമാനമാണ് ഫ്രഞ്ച് ടീമിന്‍റെ മുന്നേറ്റത്തിൽ നിർണായകമാകുന്നത്. മധ്യനിരയിലെ കരുത്തരായ എങ്കോളോ കാന്‍റെയും പോള്‍ പോഗ്ബെയും പരിക്കേറ്റ് പുറത്തായതും ഗ്രീസ്മാന് പുതിയ ചുമതല നല്‍കാന്‍ ദെഷാംസിനെ പ്രേരിപ്പിച്ചു. എന്തായാലും ഇതുവരെയുള്ള കളികളില്‍ ഈ തന്ത്രം വിജയിക്കുന്നതാണ് കണ്ടത്. ഫ്രാന്‍സിനായി ഗ്രീസ്മാൻ 113 കളികളില്‍ നിന്നായി 42 ഗോളുകൾ നേടിയിട്ടുണ്ട്.

അതേസമയം, ഖത്തര്‍ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് സിയിൽ രണ്ടാമതായാണ് പോളണ്ട് അവസാന പതിനാറിലേക്ക് കടന്നത്.  ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഇംഗ്ലണ്ട്, ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെയാണ് നേരിടുക.

യൂറോപ്പിന്‍റെ കരുത്ത് എത്രത്തോളമെന്ന് ഇന്നറിയാം; വമ്പന്‍ പോരാട്ടങ്ങള്‍, ഫ്രാന്‍സും ഇംഗ്ലണ്ടും കളത്തില്‍

click me!