16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഫിഫ ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ എന്നിവ ഡി മരിയ നേടിയിട്ടുണ്ട്
മയാമി: കോപ്പ അമേരിക്ക 2024 കിരീടത്തോടെ അര്‍ജന്‍റീനയുടെ സ്റ്റാര്‍ വിങര്‍ ഏഞ്ചല്‍ ഡി മരിയ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് താരത്തിന്‍റെ വിരമിക്കല്‍. 144 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ അര്‍ജന്‍റീനക്കായി മരിയ നേടിയിട്ടുണ്ട്. ദേശീയ ടീം വിട്ടെങ്കിലും ക്ലബ് കരിയറില്‍ ബെന്‍ഫിക്കയ്‌ക്കൊപ്പം ഒരു സീസണില്‍ കൂടി ഡി മരിയ കളിക്കും.
അര്‍ജന്‍റീന ടീമിന്‍റെ ചരിത്രത്തിലെ 16-ാം കോപ്പ അമേരിക്ക കിരീടത്തോടെ വിഖ്യാത താരം ഏഞ്ചല്‍ ഡി മരിയ കളിമതിയാക്കി. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഫിഫ ലോകകപ്പ്, തുടര്‍ച്ചയായ രണ്ട് കോപ്പ കിരീടം എന്നിവയോടെയാണ് ഡി മരിയ ബൂട്ടഴിച്ചത്. ഇതുപോലെ ശക്തമായൊരു ദേശീയ ടീമില്‍ കളിച്ച് വിരമിക്കുന്നത് സ്വപ്‌നമുഹൂര്‍ത്തമാണ്. അര്‍ജന്‍റീന എന്‍റെ സ്നേഹവും രാജ്യവുമാണ് എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഡി മരിയ പറഞ്ഞു.
undefined
Read more: ലൈന്‍വരയ്ക്കരികെ ഒരു കുട്ടിയുടെ ആകാംക്ഷയോടെ മെസി, നീരുവെച്ച കാലുമായി തുള്ളിച്ചാടി ആഘോഷം- വീഡിയോ
2010, 2014, 2018, 2022 എന്നിങ്ങനെ കഴിഞ്ഞ നാല് ഫുട്ബോള്‍ ലോകകപ്പുകളില്‍ അര്‍ജന്‍റീനയുടെ നിര്‍ണായക സാന്നിധ്യമായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയ. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ടീം റണ്ണേഴ്‌സ്‌അപ്പ് ആയപ്പോള്‍ മരിയയുടെ മികവ് ശ്രദ്ധേയമായി. ഖത്തര്‍ ലോകകപ്പില്‍ ടീം കിരീടം നേടിയപ്പോള്‍ ഫൈനലിലെ ഗോളുമായി കയ്യടിവാങ്ങി. കോപ്പയില്‍ 2015ലും 2016ലും റണ്ണേഴ്സ് അപ്പായ മരിയ 2021ലാണ് ടീമിനൊപ്പം തന്‍റെ ആദ്യ ലാറ്റിനമേരിക്കന്‍ കിരീടം ചൂടിയത്. മാരക്കാനയിലെ കലാശപ്പോരില്‍ ബ്രസീലിനെ 1-0ന് വീഴ്ത്തിയപ്പോള്‍ അന്ന് വിജയഗോള്‍ ഡി മരിയയുടെ പേരിലായിരുന്നു. 2024ല്‍ അര്‍ജന്‍റീന കോപ്പ കിരീടം നിലനിര്‍ത്തിയപ്പോഴും ഏഞ്ചല്‍ ഡി മരിയ ടീമിന് സഹായകമായി.
സീനിയര്‍ ടീമിന് പുറമെ 2007ലെ ഫിഫ അണ്ടര്‍-20 ലോകകപ്പ്, 2008 ബെയ്‌ജിങ്ങ് ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ എന്നിവയും ഡി മരിയയുടെ കരിയറിന് പൊന്‍തൂവലായുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം