ജീവിതവും കരിയറും തീര്‍ന്നെന്ന് കരുതി; അവിടെ നിന്ന് അമ്പരപ്പിച്ചുകൊണ്ട് എയ്ഞ്ചല്‍ കൊറയയുടെ തിരിച്ചുവരവ്

By Web Team  |  First Published Nov 22, 2022, 8:10 AM IST

പന്ത്രണ്ട് വയസിനിടെ അച്ഛനേയും ,സഹോദരനേയും നഷ്ടപ്പെട്ട എയ്ഞ്ചലീറ്റോ ഒരു നേരത്തെ ആഹാരത്തിന് പോലും വഴിയില്ലാതെ നിന്നിരുന്ന കൊറയക്ക് പ്രൊഫഷനല്‍ ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല.


ദോഹ: ലോകകപ്പ് ടീമില്‍ ഉറപ്പിച്ച സ്ഥാനം നഷ്ടമാകുന്നു. നിരാശയില്‍ വീട്ടിലേക്ക് മടങ്ങി, തെരുവില്‍ കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ടീമിലേക്കുള്ള വിളിയെത്തുന്നു. ഇങ്ങനെ അനിശ്ചിതത്വങ്ങളും വമ്പന്‍ ഉയര്‍ത്തെഴുന്നേല്‍പ്പും ഏറെ കണ്ടതാണ് അര്‍ജന്റീന താരം എയ്ഞ്ചല്‍ കൊറയയുടെ ജീവിതം. ഇതിഹാസതാരം ലിയോണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ എന്നിവരുടെയെല്ലാം നാടായ റൊസാരിയോയില്‍ നിന്നാണ് കൊറയയുടെ വരവ്. 

പന്ത്രണ്ട് വയസിനിടെ അച്ഛനേയും ,സഹോദരനേയും നഷ്ടപ്പെട്ട എയ്ഞ്ചലീറ്റോ ഒരു നേരത്തെ ആഹാരത്തിന് പോലും വഴിയില്ലാതെ നിന്നിരുന്ന കൊറയക്ക് പ്രൊഫഷനല്‍ ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. എന്നാല്‍ എല്ലാ മുത്തശ്ശി കഥകളിലെന്നപോലെ എയ്ഞ്ചല്‍ കൊറയയുടെ ജീവിതത്തിലും ഒരു മാലാഖ വന്നു. ജോര്‍ജ് ഗാര്‍ഷ്യ എന്ന സ്‌കൗട്ട് അവനെ പ്രദേശിക ക്ലബ് അലൈന്‍സ് സ്‌പോര്‍ട്ടില്‍ എത്തിച്ചു.

Latest Videos

അവിടെ നിന്ന് സാന്‍ ലൊറന്‍സോയിലേക്കും. ഇതിനിടെ അര്‍ജന്റീനയെ അണ്ടര്‍ 20 ടീമിനെ ലാറ്റിന്‍ അമേരിക്കന്‍ യൂത്ത് ചാംപ്യന്‍ ഷിപ്പില്‍ ജേതാക്കളാക്കിയതോടെ കൊറയയില്‍ വമ്പന്‍ ക്ലബുകളുടെ കണ്ണുടക്കി. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡ് അവനെ ട്രയല്‍സിന് വിളിച്ചു. എന്നാല്‍ അവിടെ വീണ്ടും ഒരു പരീക്ഷണം. വൈദ്യപരിശോധനയില്‍ ഹൃദയത്തില്‍ഒരു മുഴ കണ്ടെത്തെന്നു. ജീവിതവും കരിയറുമെല്ലാം തീര്‍ന്നെന്ന് കരുതി.

എന്നാല്‍ ഒന്നും അവസാനിച്ചില്ല. കൊറയ തിരുച്ചുവന്നു. അടുത്ത സീസണില്‍ തന്നെ അത്‌ലറ്റികോക്കായി അരങ്ങേറ്റം കുറിച്ചു. ലയണല്‍ സ്‌കലോണിയുടെ ടീമില്‍ സ്ഥിരമായ കൊറയ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക, ഫൈനലിസ വിജയങ്ങളിലും നിര്‍ണായക സാന്നിധ്യമായി. ലോകകപ്പ് ടീമിലും കൊറയ ഉണ്ടാകുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. എന്നാല്‍ ഒരു പ്രതിരോധ താരത്തിനായി കൊറയയെ ഒഴുവാക്കേണ്ടി വന്നു. തീരുമാനം നിരാശപ്പെടുത്തുന്നതാണെങ്കിലും അര്‍ജന്റീനയക്കായി ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറെന്നായിരുന്നു കൊറയുടെ പ്രതികരണം.

കൊറയയുടെ കരിയറില്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. നിക്കോളസ് ഗോണ്‍സാലസ് പരിക്കേറ്റ് പുറത്തായതോടെ കൊറയ ഖത്തറിലേക്ക്. റൊസാരിയോ കാത്തിരിക്കുന്നു. ഇതിനേക്കാള്‍ മികച്ചൊരു ആഘോഷത്തിനായി. കൊറയ കപ്പുമായി വരുന്ന നിമിഷത്തിനായി.

'ഹബീബീ ഹബീബീ കിനാവിന്‍റെ മഞ്ചലിലേറി...'; മാനം മുട്ടെ സ്വപ്നങ്ങളുമായി മിശിഹായും സംഘവും ഇന്ന് ഇറങ്ങും

click me!