യുണൈറ്റഡ് മാത്രമല്ല, ഹാരി കെയ്നിനെ സ്വന്തമാക്കാന്‍ വലവിരിച്ച് മറ്റ് രണ്ട് വമ്പന്‍മാരും

By Web Team  |  First Published Mar 29, 2023, 11:01 AM IST

ഇങ്ങനെ ഗോളടിച്ച് കൂട്ടുമ്പോഴും കിരീടമില്ലാത്ത രാജകുമാരനാണ് കെയ്ന്‍ എന്നതാണ് രസകരം. ഇംഗ്ലണ്ടിനും ടോട്ടനത്തിനുമായി ഇതുവരെ ട്രോഫികളൊന്നും കെയ്നിന് നേടാനായിട്ടില്ല. ഇതോടെയാണ് ക്ലബ് മാറ്റത്തിന് താരം ശ്രമിക്കുന്നത്. ഈ സീസണിനൊടുവിൽ ടോട്ടനം വിട്ടേക്കുമെന്ന സൂചനയും കെയ്ന്‍ നൽകിക്കഴിഞ്ഞു.


ലണ്ടന്‍: ടോട്ടനം സൂപ്പര്‍താരം ഹാരി കെയ്നായി വലവിരിച്ച് യൂറോപ്പിലെ വമ്പൻ ടീമുകൾ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ റയൽ മാഡ്രിഡും ബയേണ്‍ മ്യൂണിക്കുമാണ് ഇംഗ്ലണ്ടിന്‍റെയും  ടോട്ടനത്തിന്‍റെയും ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ കെയ്നിനായി  ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഹാരി കെയ്നെ പോലെ സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു സ്ട്രൈക്കര്‍ പ്രീമിയര്‍ ലീഗിലില്ല എന്നത് തന്നെയാണ് ഇംഗ്ലീഷ് നായകനില്‍ കണ്ണുവെക്കാന്‍ വമ്പന്‍മാരെ പ്രേരിപ്പിക്കുന്നത്. 204 ഗോളുമായി ലീഗ് ചരിത്രത്തിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കെയ്ൻ ഇപ്പോള്‍. 260 ഗോളുള്ള അലൻ ഷിയററും 208 ഗോളുള്ള വെയ്ൻ റൂണിയും മാത്രം മുന്നിൽ.

Latest Videos

undefined

ഇങ്ങനെ ഗോളടിച്ച് കൂട്ടുമ്പോഴും കിരീടമില്ലാത്ത രാജകുമാരനാണ് കെയ്ന്‍ എന്നതാണ് രസകരം. ഇംഗ്ലണ്ടിനും ടോട്ടനത്തിനുമായി ഇതുവരെ ട്രോഫികളൊന്നും കെയ്നിന് നേടാനായിട്ടില്ല. ഇതോടെയാണ് ക്ലബ് മാറ്റത്തിന് താരം ശ്രമിക്കുന്നത്. ഈ സീസണിനൊടുവിൽ ടോട്ടനം വിട്ടേക്കുമെന്ന സൂചനയും കെയ്ന്‍ നൽകിക്കഴിഞ്ഞു.

മുന്നില്‍ പോസ്റ്റ് മാത്രം! എന്നിട്ടും ലാതുറോ മാര്‍ട്ടിനെസ് അവസരം നഷ്ടമാക്കി; വിശ്വസിക്കാനാവാതെ മെസി- വീഡിയോ

ഇംഗ്ലണ്ടിൽ നിന്ന് തന്നെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കെയ്നിനായി വാതില്‍ തുറന്ന് കാത്തിരിക്കുന്നത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്  കരീം ബെൻസേമയ്ക്ക് പകരക്കാരനായി കണ്ണുവയ്ക്കുന്നതും കെയ്നിൽ തന്നെയാണ്. താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ഇപ്പോള്‍ ജര്‍മ്മൻ ക്ലബ് ബയേണും എത്തിയിരിക്കുകയാണ്. ബയേണ്‍ മ്യൂണിക്കിന്‍റെ പുതിയ പരിശീലകൻ തോമസ് ടുഷേൽ കെയ്നിന്‍റെ വലിയൊരു ആരാധകന്‍ കൂടിയാണ്. അദ്ദേഹമാണ് താരത്തെ അലൈൻസ് അരീനയിൽ എത്തിക്കുന്നതിന് ചരട് വലിക്കുന്നത്.

കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട റോബര്‍ട്ട് ലെവൻഡോവ്‍സ്കിക്ക് ഒത്ത പകരക്കാരനെ ഇതുവരെ ബയേണിന് കിട്ടിയിട്ടില്ല. ഹാരി കെയ്ൻ എന്തും കൊണ്ടും അതിന് അനുയോജ്യനെന്നാണ് ക്ലബിന്‍റെ വിലയിരുത്തൽ. ഇതിനായി റെക്കോര്‍ഡ് തുക മുടക്കാനും ബയേണ്‍ തയ്യാറാകും. എന്നാൽ പ്രീമിയര്‍ ലീഗിലെ ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്‍റെ പട്ടം മോഹിക്കുന്ന കെയ്നിനെ ഇംഗ്ലണ്ടിൽ നിന്ന് പറിച്ചു കൊണ്ടുവരിക അത്ര എളുപ്പമാകില്ല ബയേണിനും മാഡ്രിഡിനും.

click me!