എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്: ഗോകുലം കേരള കളത്തിലിറങ്ങുമോ; ഇന്നറിയാം

By Jomit Jose  |  First Published Aug 19, 2022, 8:08 AM IST

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏ‌ർപ്പെടുത്തിയ വിലക്കാണ് ഗോകുലത്തിന് തിരിച്ചടിയായത്


താഷ്‌കന്‍റ്: ഉസ്ബക്കിസ്ഥാനിൽ നടക്കുന്ന എഎഫ്‌സി വനിതാ ക്ലബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരളയ്ക്ക് കളിക്കാനാവുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ ദിവസം താഷ്‌കന്‍റിലെത്തിയ ടീമിനോട് ഇന്നുവരെ കാത്തിരിക്കാനാണ് കേന്ദ്ര കായിക മന്ത്രാലയവും എഎഫ്‌സിയും ആവശ്യപ്പെട്ടിരിക്കുന്നത്. നേരിയ പ്രതീക്ഷയോടെ ഉസ്ബക്കിസ്ഥാനിൽ തുടരുന്ന ടീം ഇന്നലെ പരിശീലനം നടത്തി. 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്(എഐഎഫ്എഫ്) ഫിഫ ഏ‌ർപ്പെടുത്തിയ വിലക്കാണ് ഗോകുലത്തിന് തിരിച്ചടിയായത്. വിലക്ക് നീക്കും വരെ ഇന്ത്യയുമായി യാതൊരു ഫുട്ബോൾ സഹകരണവും പാടില്ലെന്നാണ് മറ്റ് രാജ്യങ്ങൾക്ക് ഫിഫ നൽകിയിരിക്കുന്ന നിർദേശം. ഇതുകൊണ്ടുതന്നെ ഗോകുലം ഒറ്റ മത്സരം കളിക്കാതെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. ചൊവ്വാഴ്ചയാണ് ഗോകുലത്തിന്‍റെ ആദ്യ മത്സരം നടക്കേണ്ടത്. ഫിഫ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ യുഎഇയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. 

Latest Videos

ഗോകുലം വനിതാ ടീം അംഗങ്ങള്‍ താഷ്കന്‍റില്‍ കുടുങ്ങിയെന്നും ഫെഡറേഷനെതിരെയുള്ള ഫിഫ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും ഗോകുലം ടീം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈമാസം 16ന് പുലര്‍ച്ചെ ഗോകുലം വനിതാ ടീം ഉസ്ബെക്കിസ്ഥാനിലെത്തിയപ്പോള്‍ മാത്രമാണ് ഫിഫയുടെ വിലക്കിന്‍റെ കാര്യം അറിഞ്ഞത്. ചാമ്പ്യന്‍ഷിപ്പിനായി ഗോകുലത്തിന്‍റെ 23 അംഗ വനിതാ ടീമാണ് താഷ്കന്‍റിലുള്ളത്. 26ന് ഇറാനിയന്‍ ക്ലബ്ബ് ബാം ഖാടൂണ്‍ എഫ്‌സിയെ ആയിരുന്നു ഗോകുലം നേരിടേണ്ടിയിരുന്നത്.

ഭരണകെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിനം പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ അറിയിപ്പ്. ഇതോടെ ഇന്ത്യ വേദിയാവേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പ് വരെ ആശങ്കയിലായി. 

ഫിഫ വിലക്കില്‍ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രധാനമന്ത്രിക്ക് കത്ത്
 

click me!