'നാന്‍ വീഴ്‍വേൻ എന്‍ട്രു നിനൈതായോ'; ഉയര്‍ത്തെഴുന്നേറ്റ് മിശിഹാ, 68 അടി പൊക്കത്തില്‍ മെസിയുടെ മാജിക്ക് ടച്ച്

By Web Team  |  First Published Nov 7, 2022, 10:59 AM IST

ആഗ്രഹത്തോടെ സ്ഥാപിച്ച കട്ടൗട്ട് തകര്‍ന്ന് വീണത് ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. എന്നാല്‍, പരാജയങ്ങളില്‍ തളരാതെ പോരാടിയ അവരുടെ ആരാധ്യ താരത്തെ പോലെ തന്നെ അര്‍ജന്‍റീന ആരാധകരുടെ പിന്നീട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.


മലപ്പുറം: മലപ്പുറം എടക്കര മുണ്ടയിൽ ഇന്നലെ തകര്‍ന്നു വീണ അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും സ്ഥാപിച്ച് ആരാധകര്‍. 68 അടിയോളം ഉയരമുള്ള കട്ടൗട്ട് മുകളിലേക്ക് കയറ്റുന്നതിനിടയിലാണ് ഇന്നലെ തകര്‍ന്നു വീണത്. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കട്ടൗട്ട് നിര്‍മ്മിച്ചത്.

ആഗ്രഹത്തോടെ സ്ഥാപിച്ച കട്ടൗട്ട് തകര്‍ന്ന് വീണത് ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. എന്നാല്‍, പരാജയങ്ങളില്‍ തളരാതെ പോരാടിയ അവരുടെ ആരാധ്യ താരത്തെ പോലെ തന്നെ അര്‍ജന്‍റീന ആരാധകരുടെ പിന്നീട് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൂറ്റന്‍ കട്ടൗട്ട് ആരാധകരുടെ കഠിന പ്രയത്നം കൊണ്ട് സ്ഥാപിക്കാന്‍ കഴിഞ്ഞു.

Latest Videos

ഖത്തറില്‍ ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കേരളത്തിലാകെ ആവേശം അലയടിക്കുകയാണ്. അതേസമയം, കട്ടൗട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ കോഴിക്കോട് പുള്ളാവൂരിൽ ക്രിസ്റ്റ്യാനോ  റൊണാൾഡോയുടെ വമ്പന്‍ കട്ടൗട്ടും ഇന്നലെ ഉയര്‍ന്നിരുന്നു. ചെറുപുഴയുടെ കരയിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യമുയർന്നതിനു പിന്നാലെയാണ് പോര്‍ച്ചുഗല്‍ ടീം ആരാധകര്‍ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയര്‍ത്തി ആവേശത്തിന്‍റെ വിസില്‍ മുഴക്കിയിരിക്കുന്നത്.

അതേസമയം, കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ ആരാധകര്‍ക്ക് പിന്തുണയുമായി പി ടി എ റഹീം എംഎല്‍എ രംഗത്ത് വന്നു. പുള്ളാവൂരിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻഐടിയുടെ കുടിവെള്ള സംവിധാനത്തിന് വേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്.

എൻഐടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ  സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തിൽ മെസിക്കും നെയ്മർക്കും ഫുട്ബോൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പം തന്നെ നില്‍ക്കുമെന്നും ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്ത് കളിക്കൊപ്പം എന്നുമുണ്ടാകുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി. 

തൊഡ്രാ... പാക്കലാം! മെസിക്കും നെയ്മര്‍ക്കും ഒപ്പം തലയുയര്‍ത്തി ക്രിസ്റ്റ്യാനോയും; ഇടനെഞ്ചിലാണ് ഫുട്ബോള്‍

click me!