അർജന്റീയടക്കം ആറു രാജ്യങ്ങൾ, മൂന്ന് ഭൂഖണ്ഡങ്ങൾ; 2030 ലോകകപ്പിന്റെ വമ്പൻ സർപ്രൈസ് പുറത്തുവിട്ട് ഫിഫ!

By Web Team  |  First Published Oct 4, 2023, 10:44 PM IST

വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്‌ബോളും ഒന്നിക്കുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.


സൂറിച്ച്: പുരുഷ ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമാ‌യ  2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഫിഫ. മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങൾ 2030 പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ബുധനാഴ്ച പ്രഖ്യാപിച്ചു. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവർ ടൂർണമെന്റിന് സഹ ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങൾ ഓരോ ഓപ്പണിംഗ് മത്സരത്തിനും വേദിയാകും. 1930-ലെ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേ ആയിരുന്നു. 

വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്‌ബോളും ഒന്നിക്കുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേ‌യത്വം വഹിക്കാനുള്ള മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഏകകണ്ഠമായി അം​ഗീകരിച്ചെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. 2030-ൽ ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ ഉപഭൂഖണ്ഡങ്ങളിലെ  ആറ് രാജ്യങ്ങളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  2022ൽ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് മെസ്സി നയിച്ച അർജന്റീന കപ്പുയർത്തിയിരുന്നു. 2026ലെ ലോകകപ്പ് അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നടക്കും. 

Latest Videos

2022ല്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്‌ത്തിയാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണ മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് വിജയശില്‍പിയായി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.

click me!