സ്പെയിൻ, ജർമനി, ഫ്രാൻസ്; വ്യാഴവട്ടത്തിലെ കിരീട നേട്ടങ്ങളും മിശിഹയുടെ കനമുള്ള കണ്ണീരും, ഓർമ്മ സുഖമോ നൊമ്പരമോ?

By Vandana PR  |  First Published Nov 17, 2022, 6:14 PM IST

ലോകം രാഷ്ട്രീയ സാമൂഹികവിയോജിപ്പുകൾക്ക് അപ്പുറം ഖത്തറിന്റെ ഠ വട്ടത്തിലേക്ക് ചുരുങ്ങുന്ന നാളുകൾ. പുതിയ താരോദയം, പുതിയ ചാന്പ്യൻമാർ, പുതിയ സ്വപ്നടീം....ചർച്ചകൾ സജീവം, അതിടയിൽ നമുക്ക് മൂന്ന് ലോകകപ്പ് ടൂർണമെന്റുകൾക്ക് പിന്നെ പോയി നടന്നു വരാം


ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. മൈതാനങ്ങളിൽ നിന്ന് ഉയരാൻ പോകുന്ന ആവേശം,  പിറക്കാനിരിക്കുന്ന സുന്ദരഗോളുകൾ, പ്രതിരോധത്തിന്റെയും തന്ത്രങ്ങളുടെയും പോര്..... ലോകം രാഷ്ട്രീയ സാമൂഹികവിയോജിപ്പുകൾക്ക് അപ്പുറം ഖത്തറിന്റെ ഠ വട്ടത്തിലേക്ക് ചുരുങ്ങുന്ന നാളുകൾ. പുതിയ താരോദയം, പുതിയ ചാന്പ്യൻമാർ, പുതിയ സ്വപ്നടീം....ചർച്ചകൾ സജീവം. വാതുവെപ്പുകൾ ഉഷാർ. ആവേശത്തിന്റെ ദിനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് കൂടുതൽ ഊ‌ർജവും പ്രസരിപ്പും നൽകാൻ ഒരിത്തിരി പിന്നാന്പുറത്തെ രസങ്ങൾ ഓർക്കാം. മൂന്ന് ലോകകപ്പ് ടൂർണമെന്റുകൾക്ക് പിന്നെ പോയി നടന്നു വരാം. ഓർമയുടെ മധുരവുമായി എത്തുന്പോഴേക്കും ഖത്തർ പുതിയ രസക്കൂട്ടുകളുമായി തയ്യാറായിരിക്കും.

Latest Videos

2010ൽ സ്പെയ്ൻ കിരീടം നേടി. സ്വന്തം ഭൂഖണ്ഡത്തിന് പുറത്തു നടക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യത്തെ യൂറോപ്യൻ ടീമായി സ്പെയ്ൻ. ഇനിയേസ്റ്റയുടെ ഗോളിൽ ഒരിക്കൽ കൂടി നെതർലാൻഡ്സിന്റെ ലോകകപ്പ് കിരീടം എന്ന സ്വപ്നം തകർന്നു. മൂന്നാം സ്ഥാനത്ത് എത്തിയത് ജർമനി. നാലാം സ്ഥാനത്ത് ഉറുഗ്വെ. ചാന്പ്യൻമാരുടെ ഗോൾവല കാത്ത ഇകർ കസീലിയസ് മികച്ച ഗോളിയായി. ഏറ്റവും കൂടുതൽ ഗോളടിച്ച ജർമനിയുടെ തോമസ് മ്യൂള്ളർ തന്നെ മികച്ച യങ് പ്ലെയർ . മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് ഉറുഗ്വെയുടെ ഡീഗോ ഫർലാൻ. അദ്ദേഹത്തിന്റെ പേരിൽ തന്നെയായിരുന്നു ആ ടൂർണമെന്റിലെ മികച്ച ഗോളും. ജർമനിയുമായി മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ആണ് ആ സുന്ദര ഗോൾ പിറന്നത്. റാവോസ് നൽകിയ പാസ്,നിയന്ത്രിച്ചെടുത്ത് ഫോർലാൻ കൃത്യമായി തൊടുത്തുവിട്ട പന്ത് ഗോളായി. ആ പാസ് കാൽക്കീഴിൽ ഒതുക്കിയെടുത്ത് ഒരിത്തിരി സമയം പോലും എടുക്കാതെ കൃത്യമായി പായിച്ചത് സർക്കസിന് സമാനമായിരുന്നു. പക്ഷേ രണ്ടാമത്തെ മികച്ച ഗോളായി ഫിഫ അക്കുറി തെരഞ്ഞെടുത്ത ഗോളിനാണ് കൂടുതൽ മൂല്യം എന്ന് അഭിപ്രായമുള്ള വലിയൊരു വിഭാഗം ഉണ്ടായിരുന്നു. അത് ഹോളണ്ടിന്റെ വാൻ ബ്രോങ്ക്ഹഴ്സ്റ്റിന്റെ (Van Bronckhorst)വകയായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായി ടീമിന്റെ കളിക്ക് അരങ്ങൊരുക്കിയ നായകന്റെ പേരിൽ അന്ന് കുറിക്കപ്പെട്ടത് ഫിഫയുടെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ സുന്ദരഗോളായിരുന്നു. മിസൈൽ പോലെ കൃത്യതയും വേഗതയും ഉള്ള ഗോൾ.

2014ൽ  ജർമനിയുടെ നാലാംകിരീട നേട്ടത്തേക്കാൾ നിറഞ്ഞു നിന്നത് മെസ്സിയുടെ കണ്ണീരായിരുന്നു. ഗോത്സെയുടെ ഗോൾ രാജ്യത്തിന് വേണ്ടി ലോകകിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മെസ്സിക്ക് പിന്നെയും കാത്തിരിപ്പ് സമ്മാനിച്ചു. മൂന്നാംസ്ഥാനത്ത് നെതർലാൻഡ്സ്, നാലാമത് ബ്രസീൽ. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് മെസ്സി . ഗോളിയായത് ജർമനിയുടെ മാനുവൽ ന്യൂയർ, യങ് പ്ലെയർ പോൾ പ്രോഗ്ബ, ഗോൾഡൻ ബൂട്ട് നേടിയ റോഡ്രറിഗ്സിന്റെ പേരിൽ തന്നെയാണ് മികച്ച ഗോളും കുറിക്കപ്പെട്ടത് . മാരക്കാന സ്റ്റേഡിയത്തിൽ ഗോളടിക്കുക എന്ന സ്വപ്നം റോഡ്രറിഗ്സ് സാക്ഷാത്കരിച്ചത് അതിഗംഭീരമായിട്ട്. എതിരാളികൾ ഉറുഗ്വെ. തലപ്പൊക്കത്തിലെത്തിയ പന്ത് കാലിലേക്ക് നെഞ്ചു കൊണ്ട് തട്ടിയിട്ട് ഉഗ്രൻ വോളി. കൃത്യതയേക്കാൾ സൗന്ദര്യം നിറഞ്ഞു നിന്ന ഗോൾ. അക്കൊല്ലത്തെ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരവും ആ ഗോളിനായിരുന്നു. രണ്ടാമത്തെ ഗോളായി വാഴ്ത്തപ്പെട്ടത് ഒരു അത്ഭുത ഹെഡർ ആയിരുന്നു. ഹോളണ്ടിന്റെ വാൻപേഴ്സി പറന്നെത്തിനേടിയ ഗോൾ. സൂപ്പർ ഹീറോ സിനിമകളിലെ നായകൻമാർ ഗ്രാഫിക്സിന്റേയും അനിമേഷന്റെയും സഹായത്തോടെ ചെയ്യുന്ന കാര്യം , പറക്കലും അടിക്കലും, രണ്ടും വാൻപേഴ്സി വക. മൈതാനം ഞെട്ടി. മഹാൻമാരായ കളിക്കാർ ഞെട്ടി. വാൻപേഴ്സി തന്നെയും ഞെട്ടി.    ആ ഗോൾ റീവൈൻഡ് ചെയ്ത് കാണുന്നവർ ഇപ്പോഴും ഞെട്ടുന്നു. നമ്മുടെ സ്വന്തം മിന്നൽ മുരളി പോലും.!!

2018ലെ അതായത് നിലവിലുള്ള ചാന്പ്യൻമാർ ഫ്രാൻസ് ആണ്. ബെക്കൻബോവറെ പോലെ ദിദിയർ ദെഷാംപ്സും കളിക്കാരനായി നേടിയതിന് പിന്നാലെ കോച്ചായും കിരീടം ഏറ്റുവാങ്ങി. അട്ടിമറി വിജയങ്ങളും തിരിച്ചുവരവുകളമായി ടൂർണമെന്റിനെ കയ്യിലെടുത്ത ക്രൊയേഷ്യ രണ്ടാമതായി. കിരീടം കൈവിട്ടപ്പോൾ ക്രൊയേഷ്യയുടെ സുവർണ തലമുറ കണ്ണീരണിഞ്ഞത് കാണികളും ഏറ്റെടുത്തു. ടൂർണമെന്റിലെ മറ്റൊരു ആകർഷണ കേന്ദ്രമായിരുന്ന ബെൽജിയം മൂന്നാമതെത്തി. ഇംഗ്ലണ്ട് നാലാമതും. നാലു ടീമുകളും പ്രധാന പുരസ്കാരങ്ങളും പങ്കിട്ടെടുത്തു. മികച്ച കളിക്കാരനായത് ക്രൊയേഷ്യയുടെ നായകൻ ലൂക്ക മോഡ്രിച്ച്, ഏറ്റവും കൂടുതൽ ഗോളടിച്ചത് ഇംഗണ്ടിന്റെ നായകൻ ഹാരി കേയ്ൻ. മികച്ച ഗോളി ബെൽജിയത്തിന്റെ തിബോ ക്വോട്ടോ. യങ് പ്ലെയർ, പെലെയുടെ പിൻഗാമിയായി വാഴ്ത്തപ്പെട്ട് എംബപ്പെ. മികച്ച ഗോൾ കുറിക്കപ്പെട്ടത് ഫ്രാൻസിന്റെ പവാഹിന്റെ പേരിൽ. അർജന്റീനക്ക് എതിരായ മത്സരത്തിൽ. ഗോൾപോസ്റ്റിന് അകലെ നിന്ന്, പ്രയാസമേറിയ ആംഗിളിൽ നിന്ന്, അതിമനോഹരമായി പായിച്ച ഗോൾ. മൈതാനത്ത് വിരിഞ്ഞ കവിത എന്നായിരുന്നു ചിലർ പറഞ്ഞത്. രണ്ടാമതായി പരിഗണിക്കപ്പെട്ടത് കൊളംബിയയുടെ ക്വിന്റേറോ ജപ്പാന് എതിരെ നേടിയ ഗോൾ. ഫ്രീകിക്ക് ആണ് ഗോളായത്. ഉയർന്നു പൊന്തിയ എതിർകളിക്കാരുടെ കാലിന്നടിയിലൂടെ സമർത്ഥമായി ഒഴുകിപ്പോയ പന്ത് ജപ്പാൻ ഗോൾവല കടന്നു. ജപ്പാന് എതിരെ ടീമിനെ തിരിച്ചെത്തിച്ച രക്ഷാ ഗോൾ.

ഇനി പുതിയ കണക്കുകൾ വരും, വിലയിരുത്തലുകൾ വരും, പുതിയ ജേതാക്കൾ വരും. കാത്തിരിക്കാം. കാൽപ്പന്തുകളിയുടെ പുതിയ രാജാക്കൻമാർക്കായി. 

കാനറികളെയും കടന്ന് കുതിപ്പ്; ആരാധകരെ ത്രസിപ്പിച്ച് അര്‍ജന്‍റീന, റെക്കോര്‍ഡ് ലക്ഷ്യമിട്ട് മെസിയും പിള്ളേരും

click me!