Viral Video : ഇഡ്ഡലിക്ക് രണ്ടര രൂപ, ദോശയ്ക്ക് അഞ്ച്; വൈറലായി ഈ അമ്മയുടെ വീഡിയോ

By Web Team  |  First Published Feb 1, 2022, 10:38 PM IST

കച്ചവടം നടത്തുന്ന വഴിയരികിലെ കെട്ടിടത്തില്‍ ഒന്നാം നിലയിലാണ് ഇവരുടെ വീട്. ഓര്‍ഡര്‍ കിട്ടുന്നതിന് അനുസരിച്ച് അവിടെ തയ്യാറാക്കുന്ന ഇഡ്ഡലിയും ദോശയും ചമ്മന്തിയുമെല്ലാം കയറില്‍ ഘടിപ്പിച്ച ബക്കറ്റിലൂടെ താഴെയെത്തും


നിത്യവും രസകരമായ എത്രയോ വീഡിയോകളാണ് ( Viral Video ) നമ്മെ തേടി സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) എത്തുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനോ സന്തോഷത്തിനോ ഉള്ളതാണെങ്കില്‍ മറ്റ് പലതും നമ്മെ പലതും ചിന്തിപ്പിക്കുന്നതോ ഓര്‍മ്മപ്പെടുത്തുന്നതോ എല്ലാമായിരിക്കും. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ന് പുറത്തുനിന്ന് ഭക്ഷണം വാങ്ങി പതിവായി കഴിക്കുകയെന്നാല്‍ അത് ഏറെ ചെലവുപിടിച്ച സംഗതിയാണ്, അല്ലേ? അതിനാല്‍ തന്നെ സാധാരണക്കാരായ ആളുകളെല്ലാം വീടുകളില്‍ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ജോലിക്കാരാണെങ്കില്‍ പോലും കഴിയുന്നതും ഭക്ഷണം പാകം ചെയ്ത് കൂടെ കരുതും. 

Latest Videos

പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നതിന്റെ ചെലവ് താങ്ങാത്തതിനാലാണ് അധികപേരും ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞുവല്ലോ, എന്നാല്‍ മിതമായ നിരക്കില്‍ ഒരു നേരത്തെ വിശപ്പ് ശമിപ്പിക്കാന്‍ നമുക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടെങ്കിലോ! 

ബെംഗലൂരുവിലെ ബസവനഗുഡിയില്‍ വിശ്വേശരപുരത്ത് അങ്ങനെയൊരിടമുണ്ട്. പാര്‍വതീപുരത്ത് വഴിയോരത്ത് രണ്ടര രൂപയ്ക്ക് ഇഡ്ഡലിയും അഞ്ച് രൂപയ്ക്ക് ദോശയും കൊടുക്കുന്നൊരു അമ്മ. മുപ്പത് വര്‍ഷമായി ഇവര്‍ ഇതേ ജോലി ചെയ്യുന്നു. 

കച്ചവടം നടത്തുന്ന വഴിയരികിലെ കെട്ടിടത്തില്‍ ഒന്നാം നിലയിലാണ് ഇവരുടെ വീട്. ഓര്‍ഡര്‍ കിട്ടുന്നതിന് അനുസരിച്ച് അവിടെ തയ്യാറാക്കുന്ന ഇഡ്ഡലിയും ദോശയും ചമ്മന്തിയുമെല്ലാം കയറില്‍ ഘടിപ്പിച്ച ബക്കറ്റിലൂടെ താഴെയെത്തും. ആവശ്യക്കാര്‍ക്ക് അവിടെയിരുന്ന് കഴിക്കുകയോ പാര്‍സലായി വാങ്ങിക്കൊണ്ട് പോവുകയോ ചെയ്യാം. 

എന്തിനും ഏതിനും തീപിടിച്ച വിലയുള്ള ഈ കാലത്ത് സാധാരണക്കാരുടെ വിശപ്പിനെ കൂടി കരുതിയുള്ള ഈ സംരംഭം വലിയ കയ്യടി അര്‍ഹിക്കുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ ഫുഡ് വ്‌ളോഗേഴ്‌സ് പുറത്തുവിട്ട ഇവരുടെ വീഡിയോ ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വ്യാപകമായാണ് പങ്കുവയ്ക്കപ്പെടുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വില്‍്കുന്ന ഈ അമ്മയെ പിന്തുണയ്ക്കണമെന്നാണ് ഇവരെല്ലാം ആവശ്യപ്പെടുന്നത്. 

ഇതുവരെ ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇപ്പോഴും വീഡിയോ പങ്കുവയ്ക്കുന്നു. 

വീഡിയോ കാണാം...

 

 

Also Read:- സോംബി, വാംപയർ ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം; ചിത്രങ്ങൾ

click me!