ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നട്സുകള്‍. ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കശുവണ്ടി.
ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി. 100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയില്‍ കലോറിയും ധാരാളം ഉണ്ട്. അതിനാല്‍ അമിതമായി കശുവണ്ടി കഴിക്കുന്നത് ചിലരില്‍ ശരീര ഭാരം കൂട്ടിയേക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ കശുവണ്ടി ദിവസവും ഒരു പിടിയൊക്കെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി കഴിക്കാതിരുന്നാല്‍ മതി.
മഗ്നീഷ്യം, പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവയും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്.
വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല പല്ലുകൾക്കും എല്ലുകള്‍ക്കും ബലം നൽകാനും മഗ്നീഷ്യം അനിവാര്യമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കശുവണ്ടി കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട അഞ്ച് പച്ചക്കറികള്‍...