നിലവിൽ ലാഭമെന്നോ നഷ്ടമെന്നോ പറയാനാകില്ല. എന്നാൽ ഇഷ്ടപ്പെടുന്ന തൊഴിൽ ചെയ്യുന്നതിൽ സന്തുഷ്ടരാണ് തങ്ങളെന്ന് പറയുന്നു ഇരുവരും...
ചില ആളുകൾക്ക്, ഭക്ഷണം (Food) ഉപജീവന മാർഗ്ഗമാണ്, എന്നാൽ മറ്റുള്ളവർക്ക് പാചകം പാഷൻ കൂടിയാണ്. ഹരിയാന സ്വദേശികളായ എഞ്ചിനീയർമാരായ രോഹിത് സൈനിയും വിശാൽ ഭരദ്വാജും തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് പാഷന് പിന്നാലെ യാത്ര ആരംഭിച്ചത്. ദില്ലിക്ക് (Delhi) സമീപമുള്ള സോനെപട്ടിൽ ജോലി ചെയ്ത് വരികയായിരുന്നെങ്കിലും രോഹിത്തിന്റെ മനസ്സ് മുഴുവൻ പാചകത്തിലായിരുന്നു.
സുഹൃത്ത് വിശാൽ കൂടി ഒപ്പം ചേർന്നപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി. ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ചെയ്ത് വന്നിരുന്ന ഓഫീസ് ജോലി ഇരുവരും ഉപേക്ഷിച്ചു. രുചികരമായ ബിരിയാണി വിളമ്പുന്ന ഒരു ഫുഡ് സ്റ്റാൾ തുടങ്ങുകയായിരുന്നു ലക്ഷ്യം! അവർ നോർത്ത് ദില്ലിയിലെ മോഡൽ ടൗണിൽ ഷോപ്പ് തുടങ്ങി, "എൻജിനീയേഴ്‌സ് വെജ് ബിരിയാണി".
undefined
തന്റെ പാഷൻ എപ്പോഴും ഭക്ഷണത്തോടാണെന്ന് രോഹിത് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ സ്വന്തം കുക്കറി ചാനൽ യൂട്യൂബിൽ ആരംഭിച്ചു. "എനിക്ക് 'കുക്കിംഗ് വിത്ത് രോഹിത്' എന്നൊരു യൂട്യൂബ് ചാനലുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ അതിൽ പാചകക്കുറിപ്പുകൾ ഇടും" രോഹിത് പറഞ്ഞു. തന്റെ അതേ രീതിയിൽ ചിന്തിക്കുന്ന വിശാലിനെ കൂടി കണ്ടെത്തിയതോടെ രോഹിത്തിന്റെ ആഗ്രഹങ്ങൾക്ക് ചിറക് മുളക്കുകയായിരുന്നു.
രോഹിത്ത് ബിരിയാണിയുണ്ടാക്കും. വിശാലാകട്ടെ, ഷോപ്പ് മാനേജ് ചെയ്യും. പ്രാദേശിക റെസ്റ്റോറന്റുകളിൽ മാത്രം ലഭിക്കുന്ന വളരെ ജനപ്രിയമായ വിഭവമാണ് എന്നതാണ് നിരവധി ഭക്ഷണങ്ങളുണ്ടായിട്ടും ഇരുവരും ബിരിയാണി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം. ' ഉയർന്ന വിലയ്ക്ക് സോനെപത് റെസ്റ്റോറന്റുകളിൽ മാത്രമേ ബിരിയാണി ലഭ്യമാകൂ. അതിനാൽ, റെസ്റ്റോറന്റ് ശൈലിയിലുള്ള ബിരിയാണി മിതമായ നിരക്കിൽ നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം...'- അവർ പറഞ്ഞു.
ആചാരി ബിരിയാണിയും ഗ്രേവി ചാപ് ബിരിയാണിയുമാണ് എൻജിനീയേഴ്‌സ് വെജ് ബിരിയാണി ഷോപ്പിൽ ലഭിക്കുന്നത്. ഒരു ഫുൾ പ്ലേറ്റ് ആചാരി ബിരിയാണിക്ക് 50 രൂപയാണ്. ഹാഫ് പ്ലേറ്റിന് 30 രൂപയും. ഗ്രേവി ചാപ് ബിരിയാണിയുടെ വില 70 രൂപ. ഷോപ്പ് തുടങ്ങിയിട്ട് അധിക നാൾ ആയിട്ടില്ല എന്നതിനാൽ വരുമാനം ലഭിക്കാൻ സമയമെടുക്കും. നിലവിൽ ലാഭമെന്നോ നഷ്ടമെന്നോ പറയാനാകില്ല. എന്നാൽ ഇഷ്ടപ്പെടുന്ന തൊഴിൽ ചെയ്യുന്നതിൽ സന്തുഷ്ടരാണ് തങ്ങളെന്ന് പറയുന്നു ഇരുവരും.
Read more ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഞെട്ടിക്കുന്ന പഠനം